ന്യൂസിലൻഡിനോട് ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമിയിൽ 18 റൺസിന് തോറ്റ് ഇന്ത്യ പുറത്തായപ്പോഴും തല ഉയർത്തി നിന്നത് രവീന്ദ്ര ജഡേജയുടെ പോരാട്ടവീര്യമായിരുന്നു.
എട്ടാമനായി ക്രീസിലിറങ്ങി 77 റൺസടിച്ച ജഡേജയുടെ ചെറുത്തുനിൽപ്പാണ് ഇന്ത്യയെ വിജയത്തിന് അടുത്തെത്തിച്ചത്. ധോണിക്കൊപ്പം 100 റൺസ് കൂട്ടുകെട്ടുയർത്താനും ജഡേജക്കായി. സെമിയിലെ തോൽവിക്കുശേഷം തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുകയാണ് ജഡേജ.
ട്വീറ്റിലൂടെയാണ് ജഡേജ തോൽവിക്കുശേഷം ആദ്യമായി പ്രതികരിച്ചത്. ഓരോ വീഴ്ചയിൽ നിന്നും ഉയർത്തെഴുന്നേൽക്കണമെന്ന പാഠം എന്നെ പഠിപ്പിച്ചത് സ്‌പോർട്‌സ് ആണ്.
ഒരിക്കലും വിട്ടുകൊടുക്കരുതെന്നും. ലോകകപ്പിൽ മികച്ച പ്രകടനം നടത്താൻ എന്നെ പിന്തുണച്ച, പ്രചോദിപ്പിച്ച ആരാധകർക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.
നിങ്ങളുടെ പിന്തുണക്ക് നന്ദി. എന്നെ പ്രചോദിപ്പിക്കു, അവസാനശ്വാസം വരെ ഞാനെന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാം ജഡേജ ട്വിറ്ററിൽ കുറിച്ചു.
ബാറ്റിംഗിൽ മാത്രമായിരുന്നില്ല സെമിയിൽ ജഡേജ താരമായത്. രണ്ട് നിർണായക ക്യാച്ചുകളെടുക്കുകയും റോസ് ടെയ്ലറെ നിർണായകഘട്ടത്തിൽ റണ്ണൗട്ടാക്കുകയും ചെയ്ത ജഡേജ പത്തോവറിൽ 34 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
Sports has taught me to keep on rising after every fall & never to give up. Can’t thank enough each & every fan who has been my source of inspiration. Thank you for all your support. Keep inspiring & I will give my best till my last breath. Love you all pic.twitter.com/5kRGy6Tc0o
— Ravindrasinh jadeja (@imjadeja) 11 July 2019