ഇത്തവണത്തെ ലോകകപ്പിൽ മിന്നുന്ന ഫോമിലാണ് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ടൂർണമെന്റിൽ തന്റെ അഞ്ചാം സെഞ്ചുറി പിന്നിട്ടുകഴിയുമ്പോൾ ഈ പ്രകടനത്തിന് തന്നെ സഹായിച്ച മാജിക്കിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് രോഹിത്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും സുഹൃത്തുമായ യുവ്രാജ് സിങ്ങിന്റെ ഉപദേശമാണ് ഇത്ര അനായാസമായി തനിക്കു ബാറ്റ് വീശാൻ സഹായകമായതെന്ന് രോഹിത് പറഞ്ഞു. ഈവർഷം നടന്ന ഐപിഎൽ സീസണിനിടെ മുംബൈ ഇന്ത്യൻസിലെയും ഇന്ത്യൻ ടീമിലെയും തന്റെ സഹതാരമായ യുവിയോട് രോഹിത് തന്റെ ഫോമില്ലായ്മയെക്കുറിച്ച് സംസാരിച്ചതാണ് എല്ലാറ്റിന്റെയും തുടക്കം.
സീസണിൽ മോശം പ്രകടനം കാഴ്ചവെച്ചതിന് മുംബൈ ക്യാപ്റ്റൻ കൂടിയായ രോഹിത് ഏറെ വിമർശനം കേട്ടിരുന്നു. നല്ല തുടക്കം ലഭിച്ചിട്ടുപോലും മികച്ച സ്‌കോറിലേക്കെത്താൻ രോഹിതിന് അന്നു കഴിഞ്ഞിരുന്നില്ല. രോഹിത് പറയുന്നതിങ്ങനെ:
എനിക്ക് ആവശ്യത്തിന് റൺസ് എടുക്കാനാവുന്നില്ല. അതുകൊണ്ടുതന്നെ ഞങ്ങൾ കളിയെക്കുറിച്ച് സംസാരിച്ചു, ജീവിതത്തെക്കുറിച്ചും. കാരണം, അദ്ദേഹം എന്റെ ബിഗ് ബ്രദറാണ്. അതൊരു പ്രശ്നമാകുമ്പോൾ നിങ്ങൾ ചെയ്തുതുടങ്ങും എന്നാണ് അദ്ദേഹം മറുപടിയായി എന്നോടു പറഞ്ഞത്. ലോകകപ്പിനെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത് എന്നെനിക്കു മനസ്സിലായി.
2011 ലെ ലോകകപ്പ് സമയത്ത് അദ്ദേഹം ഇതേ അവസ്ഥയിലായിരുന്നു. ആവശ്യത്തിന് റൺസ് കിട്ടുന്നുണ്ടായിരുന്നില്ല. എന്നോട് മാനസികമായി നല്ലൊരു അവസ്ഥയിൽ നിൽക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അതാണ് അദ്ദേഹം ചെയ്തത്.
അതുകൊണ്ടാണ് ആ ലോകകപ്പിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചത്. ഇങ്ങനെയൊരു സംസാരമാണ് അന്നു ഞങ്ങൾ തമ്മിലുണ്ടായത് രോഹിത് പറഞ്ഞു. 2011 ലെ ലോകകപ്പിൽ മികച്ച ഓൾറൗണ്ട് പ്രകടനം കാഴ്ചവെച്ച യുവ്രാജിന്റെ മികവിലായിരുന്നു ഇന്ത്യ ലോകകപ്പ് നേടിയത്.
യുവി തന്നെയായിരുന്നു അന്ന് മാൻ ഓഫ് ദ ടൂർണമെന്റും. യുവി കഴിഞ്ഞദിവസം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ചിരുന്നു. ഇന്ന് ബാറ്റിങ്ങിൽ അസാമാന്യ പ്രകടനം കാഴ്ചവെച്ചാണ് രോഹിത് മുന്നേറുന്നത്. ഇതേവരെ അഞ്ച് സെഞ്ചുറികൾ ഈ ലോകകപ്പിൽ നേടിയ രോഹിത്, ഒരു ലോകകപ്പിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്ന ബാറ്റ്സ്മാൻ എന്ന റെക്കോഡ് നേടി.
നാല് സെഞ്ചുറികൾ എന്ന ശ്രീലങ്കൻ മുൻ താരം കുമാർ സംഗക്കാരയുടെ റെക്കോഡാണ് അദ്ദേഹം മറികടന്നത്. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്ന ബാറ്റ്സ്മാൻ എന്ന റെക്കോഡിൽ സച്ചിൻ തെണ്ടുൽക്കറിനൊപ്പം എത്താനും രോഹിതിനായി. ആറ് സെഞ്ചുറിയാണ് ഇരുവർക്കുമുള്ളത്. ഇനി സെമിയും അവിടെ ജയിച്ചാൽ ഫൈനലും ബാക്കിയുള്ളതിനാൽ ഈ ലോകകപ്പിൽ തന്നെ സച്ചിന്റെ റെക്കോർഡ് രോഹിത് മറികടക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.