ഏറെ നാളത്തെ ഓട്ടത്തിനു ശേഷം ജിഎന്‍പിസി അഡ്മിന്‍ അജിത് തോല്‍വി സമ്മതിച്ച് എക്സൈസിനു മുമ്പാകെ കീഴടങ്ങി, ഗ്ലാസിലെ നുരയും ഒടുങ്ങി പ്ലേറ്റിലെ കറിയും തീര്‍ന്നു!

79

തിരുവനന്തപുരം: പോലീസിനെയും എക്‌സൈസിനെയും വെട്ടിച്ചുള്ള ഏറെനാളത്തെ ഓട്ടത്തിനു ശേഷം ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍ കാരയ്ക്കാമണ്ഡപം സ്വദേശി അജിത് കുമാര്‍ കീഴടങ്ങി. എക്‌സൈസിന് മുമ്പാകെയാണ് അജിത് കീഴടങ്ങിയത്.

ഫേസ്ബുക്കിലൂടെ മദ്യപാനം പ്രോത്സാഹിപ്പിച്ചതിനും കുട്ടികളുടെ ചിത്രം ഉപയോഗിച്ചതിനും എക്‌സൈസ് കേസെടുത്തതിന് പിന്നാലെ പേജിന്റെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

Advertisements

ഒളിവില്‍ പോയ ഉടന്‍ ഇയാള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും അജിത് സമര്‍ഥമായി ഒളിച്ചുകളി തുടര്‍ന്നു. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേ നേമം പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു.

അതേസമയം പൊലീസിനേയും എക്‌സൈസിനേയും വെട്ടിച്ച് പ്രതി വിദേശത്ത് കടന്നതിന് ശേഷം തിരികെ എത്തിയതാണെന്നാണ് വിവരം.

മദ്യപാനത്തിനു പ്രോത്സാഹനം നല്‍കുന്ന തരത്തിലുളള പരസ്യപ്രചാരണം നടത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരിലാണ് പൊലീസും എക്‌സൈസും, അഡ്മിനും ഭാര്യയ്ക്കുമെതിരേ കേസെടുത്തത്.

അഡ്മിന്‍ അജിത്കുമാറിന്റെ ഭാര്യ വിനിതയ്‌ക്കെതിരേ എക്‌സൈസ് കേസെടുത്തിരുന്നു. മദ്യവില്‍പനയ്ക്കു പ്രോത്സാഹനം നല്‍കുന്ന തരത്തില്‍ കുട്ടികളെ ഉപയോഗിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് 78, ശവക്കല്ലറയുടെ പുറത്തിരുന്നു മദ്യപിച്ച് മതസ്പര്‍ധയും ലഹളയും ഉണ്ടാക്കുകയെന്ന ലക്ഷത്തോടെ പ്രവര്‍ത്തിച്ചതിനു ഇന്ത്യന്‍ ശിക്ഷാനിയമം 153, പൊതുസ്ഥലത്തുളള മദ്യപാനത്തിനു കേരള അബ്കാരി വകുപ്പ് എന്നിവ ചുമത്തിയാണ് ഇയാള്‍ക്കും ഭാര്യയ്ക്കുമെതിരേ കേസെടുത്തത്.

കേരളത്തിലെ ഏറ്റവും വലിയ ഗ്രൂപ്പും ഇന്ത്യയിലെ ആറാമത്തെ ഗ്രൂപ്പും ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പുമാണ് ജിഎന്‍പിസി എന്ന് അജിത്കുമാര്‍ വ്യക്തമാക്കിയിരുന്നു.

ജിഎന്‍പിസി കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് സംസ്ഥാനത്തെ ചില ബാറുകളിലും കള്ളുഷാപ്പുകളിലും പത്തു ശതമാനം വിലക്കുറവില്‍ മദ്യം ലഭിക്കുന്നുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇതു കൂടാതെ കൂട്ടായ്മയില്‍പെട്ടവര്‍ അന്യോന്യം പലതരത്തിലുള്ള സഹകരണങ്ങളിലും ഏര്‍പ്പെട്ടിരുന്നു.

Advertisement