ഷാര്‍ജ: റോഡപകടങ്ങളില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പുത്തന്‍ സാങ്കേതികതയും സംവിധാനങ്ങളുമായി ഷാര്‍ജ പോലീസ്. വാഹനാപകടങ്ങളില്‍ വണ്ടിക്കകത്ത് കുടുങ്ങിയവരെ രക്ഷിക്കാന്‍ ഹൈഡ്രോളിക് കട്ടറുകള്‍ ഘടിപ്പിച്ച പുതിയൊരു വാഹനമാണ് ഇതില്‍ ഏറ്റവും പ്രധാനം. വണ്ടികള്‍ ഉയര്‍ത്താനും ഇതിലെ ഹൈഡ്രോളിക് സംവിധാനത്തിന് സാധിക്കും. തീപ്പിടിത്തം നേരിടാനും ഇതില്‍ ഉപകരണങ്ങളുണ്ടെന്ന് ഷാര്‍ജ പോലീസിന്റെ രക്ഷാസേനയുടെ ആക്ടിങ് ഡയറക്ടര്‍ മേജര്‍ അബ്ദുള്ള അല്‍ ഖായല്‍ പറഞ്ഞു.
അടിയന്തരസേവനങ്ങള്‍ നല്കുന്ന രണ്ടു പേരടങ്ങിയ ഒരു യൂണിറ്റ് ഷാര്‍ജ സഹാറ സെന്ററില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും എമിറേറ്റിലെ കടല്‍ത്തീരങ്ങള്‍ സുരക്ഷിതമാക്കാന്‍ റോബോട്ടുകളും ഡ്രോണുകളും എത്തും എന്നും അദ്ദേഹം അറിയിച്ചു.
മനുഷ്യരെക്കാള്‍ ഇരട്ടിവേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന റോബോട്ടിക് വാഹനങ്ങള്‍ തിരയിലകപ്പെടുന്നവരെ ഉടനടി രക്ഷിക്കും. ഇവയുടെ പ്രവര്‍ത്തനം പോലീസ് ഓപ്പറേഷന്‍സ് റൂമില്‍നിന്ന് നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കും. പ്രതികൂലമായ കാലാവസ്ഥ തരണം ചെയ്യാനും ഒരേസമയം ഒന്നിലധികം പേരെ രക്ഷിക്കാനും കഴിയും വിധത്തിലാണ് റോബോട്ടിക് വാഹനങ്ങള്‍ നിര്‍മിക്കുക. ക്യാമറ ഘടിപ്പിച്ച ഡ്രോണുകളും ബീച്ചുകളില്‍ വിന്യസിക്കും. ഇതിലെടുക്കുന്ന ചിത്രങ്ങള്‍ 38 മടങ്ങ് വലുതാക്കാമെന്നതാണ് പ്രത്യേകത. തെര്‍മല്‍ സെന്‍സറും ഘടിപ്പിച്ചിട്ടുണ്ട്. കടലില്‍ മുങ്ങിത്താഴുന്നവരെ കൃത്യമായി കണ്ടെത്താന്‍ ഡ്രോണ്‍ സഹായിക്കും. ഇതിനുശേഷം റിമോട്ട് ഉപയോഗിച്ച് ഡ്രോണില്‍നിന്ന് ട്യൂബുകള്‍ ഇട്ടു കൊടുത്ത് ഇവരെ രക്ഷപ്പെടുത്തുകയും ചെയ്യാം.
ഈ വര്‍ഷം ഷാര്‍ജ പോലീസിന്റെ രക്ഷാസേന നടത്തിയത് 175 രക്ഷാപ്രവര്‍ത്തനങ്ങളാണ്. അപകടങ്ങള്‍ക്ക് ശേഷം വണ്ടിക്കകത്ത് കുടുങ്ങിയവര്‍ക്കും വെള്ളത്തില്‍ മുങ്ങിപ്പോയവര്ക്കും മരുഭൂമിയില്‍ വഴി തെറ്റിയവര്‍ക്കും ലിഫ്റ്റില്‍ കുടുങ്ങിയവര്‍ക്കും രക്ഷാസേന തുണയായിട്ടുണ്ട്. പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ മാതാപിതാക്കള്‍ സമ്മതിക്കാത്തതിനാല്‍ കടലില്‍ ചാടിയ 18 കാരനെ രക്ഷപ്പെടുത്തി ആസ്പത്രിയിലാക്കിയതും രക്ഷാവിഭാഗം ഉദ്യോഗസ്ഥരാണ്. കടലില്‍ കളഞ്ഞു പോയ കാറിന്റെ താക്കോല്‍ തപ്പിയെടുത്തു കൊടുത്ത സംഭവവും ഉണ്ടായിട്ടുണ്ടെന്ന് അബ്ദുള്ള അല്‍ ഖായല്‍ പറഞ്ഞു.