തിരുവനന്തപുരം: ഐടി കമ്പനിയായ മൈക്രോസോഫ്റ്റ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ താല്പര്യം പ്രകടമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനു പുറമെ, ടെക്ക് മഹീന്ദ്രയും തിരുവനന്തപുരത്ത് ക്യാമ്പസ് തുറക്കാന്‍ താല്പര്യം കാണിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ നിസാന്‍ അവരുടെ ഗ്ലോബല്‍ ടെക്നോളജി ഹബ് കേരളത്തില്‍ തുറക്കുന്നതിനു പിന്നാലെയാണ് മൈക്രോസോഫ്റ്റും ടെക്ക് മഹീന്ദ്രയും കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് താല്പര്യം പ്രകടിപ്പിച്ചത്. ‘ലൈവ് മിന്റിന്’ അനുവദിച്ച അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ഇലക്ട്രിക്ക്, ആട്ടോമാറ്റിക് വാഹനങ്ങള്‍ സംബന്ധിച്ച നിസാന്‍ കമ്പനിയുടെ ആഗോള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരത്തെ ടെക്നോസിറ്റിയിലായിരിക്കും നടക്കുക. ‘ആറ് മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് നിസാന്‍ കേരളം തെരഞ്ഞെടുത്തത്. ഗ്ലോബല്‍ ടെക്ക് ഹബിന് അവര്‍ സ്ഥലം തേടുന്നതായി ഞങ്ങള്‍ മനസിലാക്കി. ഉടനെ അവരെ കോണ്‍ടാക്ട് ചെയ്ത് കേരളത്തിന്റെ സൗകര്യങ്ങളും സാധ്യതകളും ബോധ്യപ്പെടുത്തി. ഇവിടെ വന്നാല്‍ ഫയലുകളുടെ നീക്കം അതിവേഗത്തിലായിരിക്കും. ഒരു രൂപ പോലും നിങ്ങള്‍ കൈക്കൂലി നല്‍കേണ്ടതായി വരില്ലെന്നും ഞാന്‍ തന്നെ അവരെ ബോധ്യപ്പെടുത്തി’, മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ സമാധാന അന്തരീക്ഷവും സ്ത്രീ സുരക്ഷയും വിദ്യാസമ്പന്നരായ യുവാക്കളുടെ സാന്നിധ്യവും അവരെ പറഞ്ഞു മനസിലാക്കി. ഇന്ത്യയില്‍ അക്രമങ്ങള്‍ നടക്കുന്നത് ഉത്തരേന്ത്യയിലാണ്. കേരളം അതില്‍ നിന്ന് ഭിന്നമാണ് എന്നും അവരെ മനസിലാക്കാന്‍ കഴിഞ്ഞതാണ് കേരളത്തെ തെരഞ്ഞെടുക്കാന്‍ കാരണമായതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
അഞ്ചു വര്‍ഷം കൊണ്ട് 25 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. കണ്ണൂര്‍ വിമാനത്താവളം ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങും. ഗെയില്‍ പൈപ്പ്ലൈന്‍ പദ്ധതിയും പുതിയ പവര്‍ പ്രോജക്ടുകളും എല്‍ ഡി എഫ് ഭരണകാലത്തു പൂര്‍ത്തിയാകുമെന്നും അഭിമുഖത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.