ന്യൂഡല്‍ഹി: രാജ്യത്ത് ലൈഫൈ പരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇലക്ട്രോണിക്സ്, ഐടി മന്ത്രാലം ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമീപ വര്‍ഷങ്ങളില്‍ വിവരകൈമാറ്റത്തിന് കൈകാര്യം ചെയ്യാന്‍ രാജ്യത്ത് അതിവേഗ നെറ്റ്വര്‍ക്കുകള്‍ വേണ്ടി വരും. ഡിജിറ്റല്‍ ഇന്ത്യയ്ക്ക് കീഴില്‍ നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. ഇതെല്ലാം മുന്‍കൂടി കണ്ടാണ് കേന്ദ്രസര്‍ക്കാരും ലൈഫൈ പരീക്ഷിക്കാന്‍ തീരുമാനിച്ചത്.
ഫിലിപ്സ് ലൈറ്റ്‌നിങ് കമ്പനി, ഐഐടി മദ്രാസ് എന്നിവരുമായി ചേര്‍ന്നാണ് ലൈഫൈയുടെ പ്രാഥമിക പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇന്ത്യയില്‍ നടന്ന പരീക്ഷണത്തില്‍ സെക്കന്‍ഡില്‍ 10 ജിബി ഡേറ്റയാണ് കൈമാറാന്‍ കഴിഞ്ഞത്. എന്നാല്‍ ലൈഫൈ വഴി സെക്കന്‍ഡില്‍ 20 ജിബി വരെ കൈമാറ്റം ചെയ്യാം. 1.5 ജിബിയുടെ 20 സിനിമകള്‍ സെക്കന്റുകള്‍ക്കുള്ളില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് ഇതിന്റെ വേഗതയെന്ന് ചുരുക്കം.
നിലവിലുള്ള വൈഫൈ സാങ്കേതിക വിദ്യയുടെ അടുത്ത ഘട്ടമാണ് ലൈഫൈ. നിലവിലെ വൈഫൈയില്‍ ലഭിക്കുന്ന വേഗതയുടെ നൂറിരട്ടി ലൈ-ഫൈ പ്രദാനം ചെയ്യുമെന്നാണ് പറയുന്നത്. ദൃശ്യമായ പ്രകാശത്തിലൂടെയാണ് ലൈഫൈയില്‍ ഡേറ്റാ കൈമാറ്റം നടക്കുന്നത്. നിലവില്‍ ചില ഓഫീസുകളിലും വ്യാവസായിക മേഖലകളിലും ലൈഫൈ സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നുണ്ട്.
പുതിയ വയര്‍ലെസ് സിസ്റ്റത്തിന്റെ വേഗത സെക്കന്റില്‍ 224 ജിഗാബൈറ്റുകള്‍ ആണ്. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഏറ്റവും വലിയ വഴിത്തിരിവായിരിക്കും ലൈഫൈ കൊണ്ടുവരുന്നത്. 400 മുതല്‍ 800 ടെറാഹെര്‍ട്സിലുള്ള വെളിച്ചം ഉപയോഗിച്ചാണ് ബൈനറി കോഡിലുള്ള ഡേറ്റാ വിനിമയം നടത്തുന്നത്.
ദൃശ്യമായ വെളിച്ചം ഉപയോഗിക്കുന്നതുകൊണ്ട് കൂടുതല്‍ സുരക്ഷിതമാണെന്ന് അവകാശപ്പെടുന്നു. വെളിച്ചത്തിന് ഭിത്തികള്‍ കടക്കാന്‍ കഴിവില്ലാത്തതുകൊണ്ടു നെറ്റ്വര്‍ക്ക് കൂടുതല്‍ സുരക്ഷിതമാകുകയും മറ്റു സാങ്കേതിക തടസങ്ങള്‍ ഉണ്ടാകാതിരിക്കുകയും ചെയ്യും.