ഹെല്‍മറ്റ് ധരിക്കുന്നവര്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് തലയ്ക്ക് അനുഭവപ്പെടുന്ന ചൂട്. ആ പ്രശ്‌നത്തിന് ഇപ്പോള്‍ പരിഹാരമായിരിക്കുകയാണ്. എസിയുള്ള ഹെല്‍മറ്റ് വിപണിയിലെത്തി കഴിഞ്ഞു. രാജ്യാന്തര ഹെല്‍മറ്റ് നിര്‍മ്മാതാക്കളായ ഫെഹറാണ് ലോകത്തെ ആദ്യ എസി ഹെല്‍മറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ACH-1 എന്നാണ് ഹെല്‍മറ്റിന് കമ്പനി നല്‍കിയിരിക്കുന്ന പേര്.
തെര്‍മോഇലക്ട്രിക് (Thermoelectric) ടെക്നോളജിയുടെ പിന്‍ബലത്തിലാണ് എസി ഹെല്‍മറ്റിന്റെ ഒരുക്കം. ആഢംബര കാറുകളില്‍ സീറ്റുകള്‍ തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന അതേ ടെക്നോളജിയാണിത്. ഹെല്‍മറ്റിന്റെ എല്ലാഭാഗങ്ങളിലും തണുത്ത വായു എത്തിക്കാന്‍ തെര്‍മോഇലക്ട്രിക് ടെക്നോളജിക്ക് കഴിയും. താപം പത്തു മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയ്ക്കാന്‍ ACH-1 ഹെല്‍മറ്റിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
യാത്രയില്‍ ഹെല്‍മറ്റിലേക്ക് കടന്നുകയറുന്ന ചൂടുവായുവിനെ സ്‌പേസ് ഫാബ്രിക്ക് ശമിപ്പിക്കും.ശേഷം ശീതീകരിച്ച തണുത്ത വായുവാകും ഉള്ളിലെത്തുക. ഇതിനുവേണ്ടി ഹെല്‍മറ്റിന് മുന്നിലും പിന്നിലും വായു കടക്കാനുള്ള സൗകര്യം കമ്പനി ഒരുക്കിയിട്ടുണ്ട്. എക്‌സ്‌ഹോസ്റ്റ് സംവിധാനത്തില്‍ നിന്നുള്ള ചൂടുവായു ഹെല്‍മറ്റിന് പിറകിലുള്ള കുഴലിലൂടെയാണ് പുറന്തള്ളപ്പെടുക.
ഒറ്റ ചാര്‍ജ്ജില്‍ രണ്ടു മണിക്കൂര്‍ നേരം ACH-1 ഹെല്‍മറ്റിലെ എസി പ്രവര്‍ത്തിപ്പിക്കാന്‍ 3,000 എംഎഎച്ച് ബാറ്ററിക്ക് കഴിയും. അതേസമയം 12,000 എംഎഎച്ച് ബാറ്ററി ഒരുങ്ങുന്ന ACH-1 ഹെല്‍മറ്റ് മോഡല്‍ തുടര്‍ച്ചയായി ആറു മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കും. നിലവില്‍ 599 ഡോളറാണ് ഹെല്‍മറ്റിന് നിര്‍മ്മാതാക്കള്‍ നിശ്ചയിച്ചിരിക്കുന്ന വില. ഇന്ത്യയില്‍ ഏകദേശം 42,000 രൂപ വില ഫെഹര്‍ അഇഒ1 ഹെല്‍മറ്റിന് പ്രതീക്ഷിക്കാം.