പ്രണയിച്ച അന്യജാതിക്കാരനെ വിവാഹം ചെയ്യാന്‍ യുവതിയെ വീട്ടുകാര്‍ അനുവദിച്ചില്ല, കല്യാണം നടത്തിക്കൊടുത്ത് പോലീസുകാര്‍

30

കോഴിക്കോട്: താഴ്ന്ന ജാതിക്കാരാനായ യുവാവിനെ മകള്‍ പ്രണയിച്ച് വിവാഹം കഴിക്കാനൊരുങ്ങിയതില്‍ പ്രകോപിതനായ പിതാവ് വിവാഹത്തിന്റെ തലേന്ന് മകളെ കുത്തികൊന്നതിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെയും കേരളം മുക്തി നേടിയിട്ടില്ല. ഈയവസരത്തിലാണ് വീട്ടുകാര്‍ സമ്മതിക്കാത്ത അന്യജാതിക്കാരനുമായുള്ള സഹപ്രവര്‍ത്തകയുടെ വിവാഹത്തിന് പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടായത്. ചേവായൂര്‍ പോലീസാണ് ഇതേ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ അനുഷ്യയുടെയും ഓട്ടോ ഡ്രൈവറായ അനൂപിന്റെയും പ്രണയസാക്ഷാത്കാരത്തിനൊപ്പം നിന്നത്.

തിങ്കളാഴ്ച രാവിലെ പത്തരയ്ക്കും പതിനൊന്നരയ്ക്കുമിടയില്‍ കൂറ്റഞ്ചേരി ക്ഷേത്രത്തിലായിരുന്നു താലികെട്ട്. അതിനുശേഷം സ്റ്റേഷനില്‍ പായസമടക്കമുള്ള വിവാഹസദ്യയുമൊരുക്കി. വധുവിനും വരനും വേണ്ട മാലയും പൂച്ചെണ്ടുമെല്ലാം ഒരുക്കിയതും പോലീസുകാര്‍. രക്ഷിതാക്കളുടെ സ്ഥാനത്തുനിന്ന് ആശീര്‍വദിക്കാന്‍ സിഐയും എസ്‌ഐയും.

Advertisements

ബാലുശ്ശേരി ഏകരൂല്‍ സ്വദേശിയായ അനുഷ്യയും കണ്ണാടിപ്പൊയില്‍ സ്വദേശിയായ അനൂപിന്റെയും ഒരു വര്‍ഷത്തെ പ്രണയസാഫല്യമാണ് പോലീസുകാര്‍ നടത്തിക്കൊടുത്തത്. ബന്ധുവായ പോലീസുകാരിയെ കാണാനെത്തിയപ്പോഴാണ് അനുഷ്യയെ ആദ്യമായി അനൂപ് കാണുന്നത്. പരിചയവും സൗഹൃദവും പ്രണയമായി മാറി. ജാതി വ്യത്യസ്തമായതിനാല്‍ ഇരുവരുടെയും പ്രണയത്തെ അനുഷ്യയുടെ വീട്ടുകാര്‍ എതിര്‍ത്തു. അനൂപും ബന്ധുക്കളും പലതവണ സമീപിച്ചെങ്കിലും അനുഷ്യയുടെ വീട്ടുകാര്‍ വഴങ്ങിയില്ല.

പോലീസുദ്യോഗസ്ഥരും അനുഷ്യയുടെ ബന്ധുകളുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ എത്രയും പെട്ടെന്ന് വിവാഹിതരാവാന്‍ ഇരുവരും തീരുമാനിച്ചു. മണിക്കൂറുകള്‍ക്കൊണ്ട് നിശ്ചയിച്ച വിവാഹമായതിനാല്‍ ആരെയും ക്ഷണിക്കാന്‍ കഴിഞ്ഞില്ല. അനൂപിന്റെ സഹോദരിയടക്കമുള്ളവര്‍ വിവാഹത്തിന് എത്തി.

ഈ വിവാഹം മറ്റുള്ളവര്‍ക്ക് മാതൃകയാവണമെന്ന് എസ്‌ഐ. ഇകെ. ഷിജു പറഞ്ഞു. പ്രണയസാക്ഷാത്കാരത്തിന് സഹായിച്ച പോലീസുകാര്‍ക്ക് നന്ദിയുണ്ടെന്നും അനുഷ്യയുടെ മാതാപിതാക്കളെ കാണാന്‍ പോവുമെന്നും വിവരമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരോട് അനൂപ് പറഞ്ഞു.

Advertisement