അച്ഛന്റേയും അമ്മയുടേയും അന്ത്യചുംബനമില്ലാതെ ശിവദത്തിലെ ‘മാലാഖക്കുട്ടിക്ക്’ യാത്രമൊഴി, ബാലഭാസ്‌കറിനും ഭാര്യക്കും ബോധം തെളിയുമ്പോള്‍ എന്തു പറയും എന്നറിയാതെ ഉള്ളുരുകി ബന്ധുക്കളും സുഹൃത്തുക്കളും

41

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അപകടത്തില്‍ പരിക്കേറ്റ വയസനിസ്റ്റ് ബാലഭാസ്‌കറിന്റെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതിയെന്ന് സൂചന. സര്‍ജറിക്ക് ശേഷം ഇപ്പോഴും ബാലഭാസ്‌കര്‍ വെന്റിലേറ്ററില്‍ തന്നെയാണുള്ളത്.

Advertisements

അതേ സമയം തിരുവനന്തപുരത്തെ കുണ്ടമണ്‍ഭാഗം തിട്ടമംഗലം പുലരി നഗര്‍ ഇപ്പോഴും ആ അപകടത്തിന്റെ ഞെട്ടലിലാണ്. അത്രമേല്‍ ഇഷ്ടമായിരുന്നു ഇവിടുത്തുകാര്‍ക്ക് കുഞ്ഞ് തേജസ്വിനി ബാലയെ. വയലിനില്‍ മാന്ത്രികസംഗീതം മീട്ടുന്ന ബാലഭാസ്‌ക്കറിന്റെ മകള്‍ രണ്ടു വയസ്സുകാരി തേജസ്വിയെ പള്ളിപ്പുറത്തെ അപകടം കൊണ്ടു പോയി. അച്ഛനും അമ്മയും അനന്തപുരി ആശുപത്രിയിലെ വെന്റിലേറ്ററില്‍ ഒന്നുമറിയാതെ കിടക്കുകയാണ്. തേജസ്വിയുടെ മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയിലാണ്. അച്ഛനും അമ്മയും പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്താന്‍ ഇനിയും ദിവസങ്ങളെടുക്കും. അതുകൊണ്ട് തന്നെ മകള്‍ക്ക് അന്ത്യചുംബനം നല്‍കാനും ബാലഭാസ്‌കറിനും ഭാര്യയ്ക്കുമാകില്ല.

ബാലഭാസ്‌ക്കറിനും ഭാര്യ ലക്ഷ്മിക്കും വിവാഹം കഴിഞ്ഞ് 16 വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് തേജസ്വിയെ കിട്ടുന്നത്. തിട്ടമംഗലം പുലരി നഗര്‍ ‘ടിആര്‍എ 306 ശിവദത്തിലെ മുറ്റത്ത് തുള്ളിച്ചാടി നടക്കുന്ന, മാലാഖക്കുട്ടി. ആരെ കണ്ടാലും പുഞ്ചരിക്കും. അച്ഛന്റെ അതേ ലാളിത്യമായിരുന്നു മുഖത്ത്. അതുകൊണ്ട് തന്നെ തേജസ്വിയുടെ വേര്‍പാടിന്റെ വില എല്ലാവര്‍ക്കും അറിയാം. അതീവ ഗുരുതരാവസ്ഥയിലുള്ള ബാലഭാസ്‌റുടെ ശസ്ത്രക്രിയ പൂര്‍ണ്ണ വിജയമായിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ ബാലഭാസ്‌കറിന്റെ കാര്യത്തില്‍ ആശങ്ക അകലുകയാണ്. ഭാര്യ ലക്ഷ്മി അപകടനില തരണം ചെയ്തു കഴിഞ്ഞു. പക്ഷേ ഓര്‍മ്മയെത്തുമ്ബോള്‍ ഈ അച്ഛനും അമ്മയും ആദ്യം തിരക്കുക തങ്ങളുടെ കണ്‍മണിയെയാകും. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അറിയാതെ വലയുകയാണ് അതുകൊണ്ട് തന്നെ ബന്ധുക്കളും സുഹൃത്തുക്കളും.

നാല്‍പ്പത്തിയെട്ടു മണിക്കൂറിനുള്ളില്‍ ബാലഭാസ്‌കറിനു ബോധംതെളിയുമെന്നാണു പ്രതീക്ഷ. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ എല്ലുകള്‍ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ലക്ഷ്മിയുടെയും ശസത്രക്രിയ കഴിഞ്ഞു. ഇരുവരും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. അതേസമയം, അപകടത്തില്‍ മരിച്ച കുഞ്ഞ് തേജസ്വിനി ബാലയുടെ പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും. അതിന് ശേഷം സംസ്‌കാരം നടത്താനാണ് കുടുംബക്കാരുടെ തീരുമാനം. അതുകൊണ്ട് തന്നെ മകളുടെ മരണവും ചടങ്ങുമൊന്നും അച്ഛനും അമ്മയും അറിയില്ല. ഞായറാഴ്ചയാണ് ബാലഭാസ്‌കറും കുടുംബവും തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്ര ദര്‍ശനത്തിനു പോയത്. മകളുടെ പേരിലുള്ള വഴിപാടു നടത്താനായിരുന്നു യാത്ര. നേര്‍ച്ച കഴിഞ്ഞ് തിങ്കളാഴ്ച രാത്രിയാണ് തൃശ്ശൂരില്‍നിന്നു തിരിച്ചു പുറപ്പെട്ടത്.

സഹപാഠികളായിരുന്ന ബാലഭാസ്‌കറും ലക്ഷ്മിയും 2000-ത്തിലാണ് വിവാഹം കഴിച്ചത്. കോളേജ് പ്രണയത്തിന് ശേഷമുള്ള ബാലഭാസ്‌കറിന്റെ വിവാഹം കൂട്ടുകാര്‍ക്കെല്ലാം ആഘോഷമായിരുന്നു. ഇരു കുടുംബവും ആദ്യ ഘട്ടത്തില്‍ മടിച്ചു നിന്നു. പിന്നെ പതിയെ അടുത്തു. മക്കളില്ലാത്ത ദുഃഖമായിരുന്നു പിന്നീട്. പ്രാര്‍ത്ഥനകള്‍ ദൈവം കേട്ടപ്പോള്‍ കുഞ്ഞു മാലാഖയെത്തി. അതുകൊണ്ട് തന്നെ തേജസ്വിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും വഴിപാടുകളും മുടക്കാറില്ലായിരുന്നു ആ കുടുംബം.

കഴിഞ്ഞ ദിവസവും തൃശൂര്‍ വടക്കുംനാഥനു മുന്നില്‍ മനമുരുകി പ്രാര്‍ത്ഥിച്ച്‌ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബാലഭാസ്‌ക്കറും കുടുംബവും. ഇതിനിടെയാണ് ഡ്രൈവറുടെ ഉറക്കം ദുരന്തമായെത്തിയത്. യാത്രകളില്‍ അച്ഛന്റെ മടിയിലിരിക്കാന്‍ വാശി പിടിക്കും തേജസ്വി. ഇന്നോവയുടെ പിന്‍സീറ്റിലിരുന്ന അമ്മയുടെ കൈയില്‍ നിന്ന് പതിവുപോലെ മുന്‍ സീറ്റിലിരുന്ന ബാലഭാസ്‌ക്കറിന്റെ മടിയിലേക്ക് വാശി പിടിച്ചെത്തി. അച്ഛന്റെ മാറില്‍ തല ചായ്ച്ച്‌ മയങ്ങി. അപകടത്തില്‍ ദുരന്തവുമെത്തി. തേജസ്വി ആശുപത്രിയില്‍ എത്തും മുമ്പേ മരിച്ചു.

ചെവ്വാഴ്‌ച്ച പുലര്‍ച്ചെ നാലു മണിക്ക് ദേശീയ പാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്ബിന് സമീപം താമരക്കുളത്ത് നിയന്ത്രണം തെറ്റിയ കാര്‍ റോഡ് വക്കിലെ മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. കാറില്‍ ബാലഭാസ്‌ക്കറും ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വി ബാലയും, ഡ്രൈവര്‍ അര്‍ജുനുമായിരുന്നു ഉണ്ടായിരുന്നത്. അതുവഴി പോയ വാഹനത്തിലുള്ളവരും നാട്ടുകാരും ചേര്‍ന്ന് കാറിന്റെ ഗ്ലാസ് പൊട്ടിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

അപകടം നടന്നയിടത്തു നിന്ന് റോഡില്‍ കിലോമീറ്ററുകളോളം തെരുവ് വിളക്കുകള്‍ ഇല്ല. അതു വഴി പോയ വാഹനങ്ങള്‍ നിര്‍ത്തി ഹെഡ് ലൈറ്റുകള്‍ തെളിയിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഹൈവേ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തേജസ്വിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബാലഭാസ്‌ക്കര്‍ക്ക് തലയ്ക്കും നട്ടെല്ലിനും ഭാര്യ ലക്ഷ്മിക്ക് കാലിനും ആന്തരികാവയവങ്ങള്‍ക്കും ഡ്രൈവര്‍ അര്‍ജുന് കാലിനും പരിക്കേറ്റു. ബാലഭാസ്‌ക്കറിനെ അടിയന്തര ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കി.

മലയാളം കൂടാതെ ഹിന്ദി, തമിഴ്, സംസ്‌കൃതം, തെലുങ്ക് എന്നീ ഭാഷകളിലെ ആല്‍ബങ്ങളിലും സിനിമകളിലും സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട് നാല്‍പ്പത്തൊന്നുകാരനായ ബാലഭാസ്‌ക്കര്‍. ഫ്യൂഷന്‍ സംഗീതപരിപാടികളിലൂടെ ചെറുപ്രായത്തില്‍ത്തന്നെ പ്രശസ്തനായ ബാലഭാസ്‌കര്‍, ചലച്ചിത്രങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

Advertisement