ഞാന്‍ സെക്സി ആണ്, ആഭാസമായ രീതിയില്‍ അഭിനയിക്കും; പക്ഷേ എന്നെ പീഡിപ്പിച്ചവരെ ഞാന്‍ വെറുതെ വിടില്ല: തനു ശ്രീ ദത്ത

38

മീടു കൊടുങ്കാറ്റില്‍ പെട്ട് ഇന്ത്യില്‍ പല മേഖലയില്‍ ഉള്ളവരും ഉലഞ്ഞു കൊണ്ടിരിക്കുന്ന ഒരു അവസരമാണ്.
ഇന്നലെവരെ നല്ലവരെന്ന് നാം ആരാധിച്ചിരുന്ന പല പ്രഗത്ഭരും പ്രശസ്തരും പുകമറക്കുള്ളില്‍ എന്ത് ചെയ്യണമെന്നറിയാതെ അന്തം വിട്ടുനില്‍ക്കുന്ന ഒരു സന്ദര്‍ഭം കൂടിയാണ് ഇന്ന്.

ഈ കാറ്റ് വിതച്ച സുപ്രസിദ്ധ ബോളിവുഡ് നടി തനു ശ്രീ ദത്ത ഒരുപക്ഷേ വിചാരിച്ചിരിക്കില്ല, ഇതൊരു കൊടുങ്കാറ്റായി മാറുമെന്ന്, തീര്‍ന്നില്ല. ഇനിയും പുതിയ പുതിയ കുഴിബോംബുകള്‍ക്കുള്ള മരുന്ന് തെന്റ കൈവശമുണ്ടെന്ന് തനുശ്രീ അവകാശപ്പെടുകയാണ്.

Advertisements

തനുശ്രി ദത്തയുടെ വാക്കുകള്‍

കഠിനമായ മനോവേദനയായിരുന്നു. ആ സംഭവം ഓര്‍മയില്‍ എത്തുമ്പോഴൊക്കെ ഞാന്‍ താങ്ങാനാവാത്ത മാനസിക സംഘര്‍ഷത്തിന് അടിമപ്പെട്ട് പോകുമായിരുന്നു. കഴിഞ്ഞ ചില വര്‍ഷങ്ങളായി ആ ഓര്‍മ്മകള്‍ മനസ്സില്‍ നിന്നും മാഞ്ഞു തുടങ്ങിയിരുന്നു. ഒരു ഇരയെന്ന രീതിയില്‍ എനിക്ക് ദുഃഖമില്ല.
പക്ഷേ എന്റെ കുടുംബത്തിന് ഏര്‍പ്പെട്ട കഷ്ടനഷ്ടങ്ങള്‍ ഏറെയാണ്. ഇത്രയൊക്കെ സംഭവിച്ചിട്ടും നാനാ പടേക്കര്‍ ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിലാണ്.

മാത്രമല്ല മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഞാന്‍ നിരപരാധി എന്ന വാദവുമായി മുന്നോട്ടുപോകുകയാണ്.
ഗണേഷ് ആചാര്യ, രാജേഷ് ശാരംഗ്, ഷെമി സിദ്ദീഖ് എന്നിവരും ഇന്നെനിക്ക് കൊടിയ ശത്രുക്കളാണ്. മുന്‍പൊക്കെ എന്നെക്കുറിച്ചുള്ള വാര്‍ത്തകളില്‍ ദയയുടെ കണിക പോലുമുണ്ടായിരുന്നില്ല. ആരും തന്നെ എനിക്ക് വേണ്ടി ഈ പ്രശ്നങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നില്ല.

ലൈംഗിക പീഡനത്തെ കുറിച്ച് നമ്മുടെ നാട്ടില്‍ യാതൊരുവിധ ബോധവല്‍ക്കരണങ്ങളുമില്ല. കാരണം സിനിമാരംഗത്തിത് ഇത് വിവാദക്കിപ്പെടാനാകാത്ത ഒരു വിഷയമാണ്. അതെ. മുന്‍പൊക്കെ തനുശ്രീ കുറ്റം ആരോപിക്കുന്നു എന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നത്. മറിച്ച് ഇന്ന് എല്ലാ മാധ്യമങ്ങളിലും സംഭവിച്ചത് അതേപടി വെളിപ്പെടുത്തണം എന്നാണ് പറയുന്നത്.

മുന്‍പൊക്കെ ഇതേക്കുറിച്ചുള്ള വാര്‍ത്തകളില്‍ മാന്യമായ രീതിയില്‍ വസ്ത്രം ധരിച്ച നാനാപടേക്കറും എന്റെ അര്‍ദ്ധനഗ്നമായ ഒരു പടവും കാണാറുണ്ടായിരുന്നു. അപ്പോഴൊക്കെ എന്നില്‍ പരാജയത്തിന്റെ കയ്പാണ് അനുഭവപ്പെടുക.

അതായത് ഞാനൊരു മാന്യതയില്ലാത്ത പെണ്ണ് എന്നുള്ള ധ്വനി അതില്‍ പ്രകടമായിരുന്നു. അങ്ങനെ വന്നപ്പോള്‍ പൊതുജന മുമ്പില്‍ എന്നെ അപഹാസ്യയായി ചിത്രീകരിക്കുകയാണ് ഉണ്ടായത്. ഞാന്‍ മാത്രമല്ല, ധാരാളം നടിമാര്‍ ഈ പട്ടികയില്‍ പെടുന്നു.

ഞാന്‍ സിനിമാരംഗത്ത് വന്നപ്പോള്‍ ധൈര്യമുള്ള ഗ്ലാമര്‍ നടി എന്ന വിശേഷണം ഉണ്ടായി. പ്രസ്തുത സംഭവം നടക്കുന്നത് വരെ എന്നെ കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായം അറിയാന്‍ ഞാന്‍ ഒരുപാട് വൈകിപ്പോയിരുന്നു.
സിനിമാരംഗത്തെ എന്റെ സഹനടീനടന്മാര്‍ തന്നെ എന്നെ ഇകഴ്ത്തിയാണ് സംസാരിച്ചിരുന്നത്. എനിക്കപ്പോള്‍ എന്തെന്നില്ലാത്ത ദുഃഖമാണ് തോന്നുക.

ഞാന്‍ സെക്സി ആണെന്നും ആഭാസമായ രീതിയില്‍ അഭിനയിക്കുന്നുവെന്ന് പറയപ്പെടുന്നത് ശരിയാണ്. പക്ഷേ നടന്ന സംഭവത്തെക്കുറിച്ച് വെറുതെ വിട്ടുകളയാന്‍ ഞാന്‍ ഒരുക്കമല്ല. ഇതിനെതിരായി അവസാനംവരെ ഞാന്‍ പോരാടും.

പത്ത് വര്‍ഷം മുമ്പും ഇന്നും തമ്മില്‍ തട്ടിച്ചുനോക്കുമ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. അന്ന് ഞാന്‍ വളരെ ചെറുപ്പമായിരുന്നു. സിനിമാ രംഗത്ത് വന്നിട്ട് അഞ്ച് വര്‍ഷമേ ആകുന്നുള്ളൂ. അന്ന് ഭീതിയും ലജ്ജയും ഒക്കെ ഉണ്ടായിരുന്നു. ഇന്നത്തെ പോലെ അന്ന് നവ മാധ്യമങ്ങള്‍ ഏറെ പ്രചാരത്തിലായിരുന്നില്ല. ലൈംഗിക പീഡനങ്ങളെ കുറിച്ച് ഒന്നും അന്ന് സംസാരിക്കാന്‍ തുടങ്ങിയിരുന്നില്ല.

അതേസമയം ഇത്തരം അതിക്രമങ്ങളൊക്കെ ഇവിടെ സാധാരണ വിഷയങ്ങളായിരുന്നു. ഇപ്പോള്‍ എന്നെ പ്രോത്സാഹിപ്പിക്കാനും പിന്തുടരാനും പ്രശസ്തമായ ധാരാളം വനിതകളുണ്ട്.
ഞാന്‍ അമേരിക്കയില്‍ പോയിരുന്നു. അവിടെ താമസിക്കാനുള്ള തീരുമാനത്തിലായിരുന്നു. ആരോടും യാതൊരുവിധ പ്രതികാരങ്ങള്‍ക്കും വേണ്ടിയായിരുന്നില്ല ഞാന്‍ ഇന്ത്യയിലേക്ക് മടങ്ങിയത്.

എനിക്കൊരു മൂന്നുമാസത്തെ ഗ്യാപ്പ് കിട്ടിയതുകൊണ്ടാണ് ഇവിടേക്ക് വന്നത്. എയര്‍പോര്‍ട്ടില്‍വെച്ച് ചില പത്രപ്രതിനിധികള്‍ എന്നെ യാദൃശ്ചികമായി കണ്ടു. തുടര്‍ന്ന് അമേരിക്കയിലെ മീടു വിശേഷങ്ങളെക്കുറിച്ച് ചോദിച്ചു. അപ്പോള്‍ എനിക്ക് സംഭവിച്ചിട്ടുള്ള കാര്യങ്ങളൊക്കെ ഞാന്‍ പറയുകയുണ്ടായി. പക്ഷെ പ്രശ്നങ്ങള്‍ ഇത്രത്തോളം വഷളാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. എങ്കിലും മനസ്സില്‍ പേറിയിരുന്ന ഭാരം ഒഴിഞ്ഞു കിട്ടിയതിലുള്ള സന്തോഷമാണിപ്പോള്‍.

(നടി മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്)

Advertisement