സൗമ്യ മരിച്ചതറിയാതെ ഭർത്താവ് നാളെ ലിബിയയിൽ നിന്നുമെത്തും, കരഞ്ഞു തളർന്ന് പിഞ്ചു മക്കൾ, ഹൃദയം നുറുങ്ങുന്ന കാഴ്ച

60

കായംകുളം: വള്ളികുന്നത്തെ വനിതാ പോലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീ കൊളുത്തി കൊലപ്പെടുത്തിയതറിയാതെ ഭർത്താവ് നാളെ നാട്ടിലെത്തും.

ലിബിയയിലാണ് സൗമ്യയുടെ ഭർത്താവ് സജീവ് ജോലി ചെയ്യുന്നത്. ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് മാത്രമേ സജീവിനറിയൂ.

Advertisements

ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സജീവ് ലിബിയയിൽ ജോലിക്കായി പോയിട്ട് ഒരു മാസം പോലുമായിട്ടില്ല.

എന്നാൽ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നത് പ്രണയ നൈരാശ്യം മൂലമാണെന്നാണ് പ്രതി അജാസ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് നൽകിയ മൊഴി.

ശരീരത്തിൽ പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഇയാളുടെ വൃക്കകളുടെ പ്രവർത്തനം തകരാറിലാണ്. ഇന്നലെ ഡയാലിസിസിന് ശ്രമിച്ചെങ്കിലും ഉയർന്ന രക്തസമ്മർദ്ദം മൂലം സാധിച്ചില്ല.

അജാസിന് വ്യക്തമായി സംസാരിക്കാൻ സാധിക്കാതിരുന്നതിനാൽ ഇതുവരെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല.

സൗമ്യയുമായി എനിക്ക് അഞ്ച് വർഷത്തിലേറെയായി അടുപ്പമുണ്ട്. എന്നാൽ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചപ്പോൾ സൗമ്യ നിരസിച്ചു.

തന്റെ കൈയ്യിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകുകയും, വിളിച്ചാൽ ഫോൺ എടുക്കാതിരിക്കുകയും ചെയ്തതോടെ ദേഷ്യമായി.

അവഗണന താങ്ങാനാകാതെ വന്നതോടെ തീരുമാനമെടുത്തു. ഒന്നിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഉറപ്പായാതോടെ ഒന്നിച്ചു മരിക്കാൻ തീരുമാനിച്ചു.

സൗമ്യയുടെ ശരീരത്തിലും സ്വന്തം ശരീരത്തിലും പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. അങ്ങനെയാണ് തനിക്കും പൊള്ളലേറ്റതെന്നും, എന്നാൽ കൃത്യത്തിൽ വേറെ ആർക്കും പങ്കില്ലെന്നും അജാസ് പറഞ്ഞു.

അമ്മയുടെ മരണം യാഥാർഥ്യമാണെന്ന് തിരിച്ചറിയാനാകാതെ സൗമ്യയുടെ കുട്ടികൾ, അവർക്ക് മുന്നിൽ എന്തുപറയുമെന്നറിയാതെ ബന്ധുക്കളും.

ഹൃദയം നുറുങ്ങുന്ന കാഴ്ചയാണ് വള്ളികുന്നം കാമ്പിശേരി തെക്കേമുറി ഊപ്പൻവിളയിൽ വീട്ടിൽ. മൂന്ന് മക്കളിൽ മൂത്തമകൻ ഋഷികേഷിന് മാത്രമാണ് അമ്മ ഇനി കൂടെയില്ലെന്ന് മനസിലായിട്ടുള്ളത്.

ഇളയമക്കളായ ആറാം ക്ലാസുകാരൻ ആദിശേഷും അങ്കണവാടി വിദ്യാർഥിനി മൂന്നര വയസുകാരി ഋതികയും അമ്മ മരിച്ചെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

അമ്മ പോയതറിയാതെ വള്ളികുന്നത്തെ വീട്ടിലെത്തിയ കുട്ടികൾക്ക് മുന്നിൽ എന്ത് പറയണമെന്നറിയാതെ കുഴങ്ങിയ ബന്ധുക്കൾ ഇവരെ വീടിന് സമീപമുള്ള അച്ഛന്റെ കുടുംബവീട്ടിലേക്ക് മാറ്റുകയായിരുന്നു.

മൂവരും അച്ഛൻ സജീവിന്റെ സഹോദരന്റെ വീട്ടിലാണിപ്പോഴുള്ളത്. 14 വർഷമായി ഇവിടെ താമസിക്കുന്ന സൗമ്യ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവളാണ്.

സൗമ്യ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുശേഷമാണ് സൗമ്യയുടെ കുടുംബവീടായ കരുനാഗപ്പള്ളി ക്ലാപ്പനയിൽനിന്ന് കുട്ടികളെ വള്ളികുന്നത്തെത്തിച്ചത്.

ഋഷികേഷും ആദിശേഷും അമ്മയോടൊപ്പം വള്ളികുന്നത്ത് നിന്നാണ് പഠിക്കുന്നത്. ഋതിക സൗമ്യയുടെ കുടുംബവീടായ ക്ലാപ്പനയിലും.

വള്ളികുന്നത്തെ വീട്ടിൽ ജലക്ഷാമം നേരിട്ടതിനാൽ സ്‌കൂൾ അവധിക്കാലത്ത് സൗമ്യയും കുട്ടികളും ക്ലാപ്പനയിലാണ് താമസിച്ചിരുന്നത്.

ജോലിയുടെ ഇടവേളകളിൽ സൗമ്യ മക്കളെകാണാൻ ഇവിടെ എത്തിയിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. തിരിച്ചറിയാനാകാതെ കത്തിക്കരിഞ്ഞുകിടന്ന സൗമ്യയെ എങ്ങനെ മക്കളെ കാണിക്കുമെന്ന ആശങ്കയിലായിരുന്നു എല്ലാവരും.

വള്ളികുന്നത്തേക്ക് ഞായറാഴ്ചയും ജനപ്രവാഹം നിലച്ചിരുന്നില്ല. നാട്ടുകാരെയും ബന്ധുക്കളെയും കൂടാതെ ദൂരസ്ഥലങ്ങളിൽനിന്നുപോലും ആളുകൾ സംഭവമറിഞ്ഞ് വള്ളികുന്നത്തേക്കെത്തി.

സംഭവസ്ഥലത്ത് തടിച്ചുകൂടിയവർക്ക് പിറ്റേന്നും ആ ദൃശ്യങ്ങൾ മറക്കാനായിട്ടില്ല. കൊലയ്ക്ക് ഉപയോഗിച്ച വടിവാളും കത്തിയും

പെട്രോൾ കൊണ്ടുവന്ന കുപ്പിയും സൗമ്യയുടെ സ്‌കൂട്ടറും അജാസ് വന്നകാറും സ്ഥലത്തുനിന്ന് മാറ്റി. നാട്ടുകാരികൂടിയായ സിപിഎം സംസ്ഥാന കമ്മറ്റി അംഗം സിഎസ് സുജാത ബന്ധുക്കളോടൊപ്പം തന്നെയുണ്ടായിരുന്നു.

ദക്ഷിണമേഖലാ ഐജി എംആർ അജിത്കുമാർ സൗമ്യയുടെ വീട് സന്ദർശിച്ചു.

Advertisement