ഞെട്ടലോടെയാണ് ആ സത്യം മനസിലാക്കിയത്; യുവരാജിനെ കുറിച്ച് മലയാളി യുവതിയുടെ ഹൃദയം തൊടുന്ന കുറിപ്പ്

26

പോരാട്ട വീര്യത്തിന്റെ പ്രതിരൂപവും ഇന്ത്യൻ ക്രിക്കറ്റിലെ യുവരാജാവുമായ യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഇന്നലെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

2000ല്‍ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ യുവരാജ് 304 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചു.

Advertisements

40 ടെസ്റ്റിലും 58 ടി20 മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്സി അണിഞ്ഞ യുവരാജ് 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും നിര്‍ണായക പങ്കുവഹിച്ചു.

2011ലെ ഏകദിന ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റും സ്വന്തമാക്കിയ യുവിയായിരുന്നു ഇന്ത്യ കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിന്റെ താരം.

2007ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഒരോവറിലെ ആറ് പന്തും സിക്സറിന് പായിച്ച് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു യുവി.

2011ലെ ഏകദിന ലോകകപ്പിന് ശേഷം ക്യാന്‍സര്‍ രോഗത്തിന് ചികിത്സതേടി രോഗമുക്തനായി കളിക്കളത്തില്‍ തിരിച്ചെത്തി പോരാട്ടവീര്യത്തിന്റെ പ്രതിരൂപമായി.

ഇപ്പോള്‍ യുവിയുടെ വിരമിക്കല്‍ വാര്‍ത്ത പുറത്ത് വന്ന ശേഷം ആരാധിക എഴുതിയ ഒരു കുറിപ്പ് സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഒരിക്കൽ രാത്രി അച്ഛൻ സിനിമ കാണാൻ അനുവദിക്കാതെ കണ്ടുകൊണ്ടിരുന്ന ന്യൂസ് ചാനലിന് കീഴിൽ സ്ക്രോൾ ചെയ്തു പോവുന്ന ബ്രേക്കിംഗ് ന്യൂസ് “യുവരാജ് സിംഗിന് ശ്വാസകോശത്തിൽ അർബുദം സ്ഥിരീകരിച്ചു”.

അതുണ്ടാക്കിയ ഞെട്ടൽ സത്യത്തിലിപ്പോഴും മനസിൽ നിന്നു മാഞ്ഞിട്ടില്ല.അത്യധികം വേദനയോടെയാണ്, ഇന്ത്യൻ ക്രിക്കറ്റിന് ഒഴിച്ചുകൂടാനാവാത്ത ഒട്ടനവധി നേട്ടങ്ങൾ സമ്മാനിച്ച അദ്ദേഹത്തിനെ കുറിച്ചുള്ള ദുഖകരമായ വാർത്ത വായിച്ചതെന്ന് ശില്‍പ മോഹന്‍ കുറിക്കുന്നു.

“ഞെട്ടലോടെ ആണ് സത്യം മനസിലാക്കിയത്. പെട്ടെന്ന് ജീവിതത്തോട് തന്നെ വിരക്തി തോന്നി. എന്നാൽ തളരാനോ തോറ്റു പിന്മാറാനോ ഒരുക്കമല്ല.

ജീവിതത്തിൽ ഇന്നോളം കടന്നുവന്ന ഒട്ടനവധി പ്രതിസന്ധികൾ തരണം ചെയ്ത ഓർമകൾ ഊർജം പകരുന്നു.ഒരു ഫീനിക്സ് പക്ഷിയെപ്പോലെ തിരിച്ചുവരും.

ചാട്ടുളിയേക്കാൾ മൂർച്ചയുണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾക്ക്. പിന്നീടങ്ങോട്ട് എല്ലാ ദിവസവും രാവിലെ ന്യൂസ്‌പേപ്പറിന്റെ അവസാന പേജിൽ യുവിയെ കുറിച്ചു മാത്രം വായിച്ചു തുടങ്ങി.

ട്വിറ്റർ പേജിൽ അദ്ദേഹം നിരന്തരം രോഗാവസ്ഥയെ കുറിച്ച് അറിയിച്ചുകൊണ്ടിരുന്നു.ശേഷം ഇന്ത്യ കണ്ടത് ഏറ്റവും ധീരനായ ഒരു കായികപ്രതിഭയുടെ തിരിച്ചുവരവായിരുന്നുവെന്നും ശില്‍പ കുറിച്ചു.

ശില്‍പയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം

നന്ദി,യുവി.

ഒരിക്കൽ രാത്രി അച്ഛൻ സിനിമ കാണാൻ അനുവദിക്കാതെ കണ്ടുകൊണ്ടിരുന്ന ന്യൂസ് ചാനലിന് കീഴിൽ സ്ക്രോൾ ചെയ്തു പോവുന്ന ബ്രേക്കിംഗ് ന്യൂസ് “യുവരാജ് സിംഗിന് ശ്വാസകോശത്തിൽ അർബുദം സ്ഥിതീകരിച്ചു”.

അതുണ്ടാക്കിയ ഞെട്ടൽ സത്യത്തിലിപ്പോഴും മനസിൽ നിന്നു മാഞ്ഞിട്ടില്ല.അത്യധികം വേദനയോടെയാണ്, ഇന്ത്യൻ ക്രിക്കറ്റിന് ഒഴിച്ചുകൂടാനാവാത്ത ഒട്ടനവധി നേട്ടങ്ങൾ സമ്മാനിച്ച അദ്ദേഹത്തിനെ കുറിച്ചുള്ള ദുഖകരമായ വാർത്ത വായിച്ചത്.പക്ഷേ കണ്ടുവളർന്നത് യുവി എന്ന പോരാളിയെ തന്നെ ആയിരുന്നു.

പണ്ടുമുതൽക്കേ തളർത്താനാവാത്ത പോരാട്ടവീര്യം കാത്തുസൂക്ഷിച്ച യുവി എന്ന കായികപ്രതിഭ ക്രിക്കറ്റ് ലോകത്തിൽ അമൂല്യമായിരുന്നു.ദിവസങ്ങൾക്കകം പ്രസ്സ് മീറ്റിങ്ങിൽ യുവി പ്രത്യക്ഷപ്പെട്ടു.

“ഞെട്ടലോടെ ആണ് സത്യം മനസിലാക്കിയത്.പെട്ടെന്ന് ജീവിതത്തോട് തന്നെ വിരക്തി തോന്നി.എന്നാൽ തളരാനോ തോറ്റു പിന്മാറാനോ ഒരുക്കമല്ല.ജീവിതത്തിൽ ഇന്നോളം കടന്നുവന്ന ഒട്ടനവധി പ്രതിസന്ധികൾ തരണം ചെയ്ത ഓർമകൾ ഊർജം പകരുന്നു.ഒരു ഫീനിക്സ് പക്ഷിയെപ്പോലെ തിരിച്ചുവരും.”

ചാട്ടുളിയേക്കാൾ മൂർച്ചയുണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾക്ക്. പിന്നീടങ്ങോട്ട് എല്ലാ ദിവസവും രാവിലെ ന്യൂസ്‌പേപ്പറിന്റെ അവസാന പേജിൽ യുവിയെ കുറിച്ചു മാത്രം വായിച്ചു തുടങ്ങി.ട്വിറ്റർ പേജിൽ അദ്ദേഹം നിരന്തരം രോഗാവസ്ഥയെ കുറിച്ച് അറിയിച്ചുകൊണ്ടിരുന്നു.

ശേഷം ഇന്ത്യ കണ്ടത് ഏറ്റവും ധീരനായ ഒരു കായികപ്രതിഭയുടെ തിരിച്ചു വരവായിരുന്നു.കീമോതെറാപ്പിയുടെ വിവിധ ഘട്ടങ്ങൾ കടന്ന് രോഗത്തിൽ നിന്നും പരിപൂർണമുക്തനായി തിരികെ വന്നു യുവി തന്റെ ജീവിതാനുഭവങ്ങൾ “The Test Of My Life” എന്ന ആത്മകഥയിൽ എഴുതുകയുണ്ടായി.

അതൊരു ചരിത്രമായിരുന്നു.ക്രിക്കറ്റിന്റെ ദൈവം സച്ചിൻ അതിനെ വിശേഷിപ്പിച്ചത് “Pure Inspiration” എന്നായിരുന്നു. തീർത്തും സത്യമാണ്, വായിക്കുന്നവർക്കൊക്കെയും, അറിയുന്നവർക്കൊക്കെയും യുവി ഒരു പ്രചോദനം ആയിരുന്നു.

നെഞ്ചിൽ ആഴ്ന്നിറങ്ങിയ സൂചികളുടെ വേദനയെക്കുറിച്ചും, രോഗാവസ്ഥ പൂർണമായും വിട്ടുമാറിയിട്ടും പതറിപ്പോയ നിമിഷങ്ങളെ കുറിച്ചും യുവി വിവരിക്കുന്നുണ്ട്.

അദ്ദേഹം തിരിച്ചുവന്നത് മരുന്നുകൾ കൊണ്ട് മാത്രമല്ല, മറിച്ച് ആത്മവിശ്വാസം കൊണ്ടായിരുന്നു എന്നാണ് ഡോക്ടർ പറഞ്ഞത്.,കൂടെ തെല്ലുപോലും അനങ്ങാതെ ഒപ്പം നിന്നു ഒരമ്മയുടെ പിന്തുണയും പ്രാർത്ഥനയും.

തിരിച്ചുവന്ന് പഴയ പ്രതാപകാലത്തെ ഓർമിപ്പിക്കുംവിധം വീണ്ടും യുവി ബാറ്റ് ചെയ്തു, ഒരുപാടധികം തവണ.

ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അദ്ദേഹം വിരമിക്കുകയാണ് എന്ന് അറിയിക്കുമ്പോൾ,നെഞ്ചിൽ പഴയപോലെ അല്ലെങ്കിൽ അതിനേക്കാൾ ആഴമേറിയ ഒരു വിങ്ങലാണ്.

ഇന്ത്യൻ ക്രിക്കറ്റിന് കരുത്തായി കാവലായി അദ്ദേഹം നൽകിയ നേട്ടങ്ങൾക്ക് പകരം ആവശ്യമായ പരിഗണന അദ്ദേഹത്തിന് കൊടുത്തിരുന്നുവോ.

അവസരങ്ങൾ അനുവദിച്ചിരുന്നുവോ.അവസാന IPLൽ മുംബൈക്ക് വേണ്ടി പാഡണിഞ്ഞ യുവി ആദ്യ മാച്ചുകളിൽ പെർഫോം ചെയ്തുവെങ്കിലും പിന്നീട് പ്ലെയിങ് 11ൽ നിന്ന് മാറ്റി നിർത്തപ്പെടുകയായിരുന്നു.

ന്യൂസ് വാല്യൂവിനായും പ്രചരണ തന്ത്രമായും മാത്രം ഉപയോഗിക്കുകയായിരുന്നു പലപ്പോഴും, ആ പ്രതിഭയെ.

എങ്കിലും കുട്ടിക്കാലത്ത് വസന്തം സമ്മാനിച്ച ഓർമകളിൽ നിന്ന്, ഞങ്ങളുടെ ഗൃഹാതുരതയിൽ നിന്ന് അങ്ങയെ പറിച്ചെടുത്തു കളയാൻ കഴിയില്ലല്ലോ.

സ്റ്റുവർട്ട്‌ ബ്രോഡിനെ 6 സിക്സറുകൾ പായിച്ച് ചെറിയൊരു പുഞ്ചിരിയിൽ മാത്രമൊതുക്കിയ മധുരമേറിയ പ്രതികാരത്തിന്റെ കഥ ക്രിക്കറ്റ് നിലക്കുവോളം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർന്നു കൊണ്ടേയിരിക്കും, സംശയമില്ല.

സച്ചിന് വേണ്ടിയാണ് താൻ കളിച്ചത് എന്ന് പറഞ്ഞ് നേടിയെടുത്ത 2011 world cup.., നൽകിയ സംഭാവനകളിൽ ഒന്ന് മാത്രമാണ്.YouWeCan.

അർബുദരോഗികൾക്ക് താങ്ങും തണലുമായി അത്തരമൊരു തുടക്കവും ചെയ്തുകൊണ്ടാണ് യുവി തന്റെ പോരാട്ടങ്ങൾക്ക് മാറ്റുകൂട്ടിയത്.

യുവി., നിങ്ങളൊരു പാഠമാണ്.വരും കാലങ്ങളിലൊക്കെയും “ഇത് പോരാളിയാണ്..” എന്ന് തോൽവി ഏറ്റുവാങ്ങാൻ ഒരുങ്ങുന്നവരെയൊക്കെ ചൂണ്ടിക്കാണിക്കുവാൻ, പറഞ്ഞു പഠിപ്പിക്കുവാൻ കഴിയുന്ന പാഠം.

ഞങ്ങളൊരിക്കലും നിങ്ങളെ മറക്കുകില്ല. ജീവൻ നിലക്കുവോളം ഏതെങ്കിലും ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിങ്ങൾക്ക് വേണ്ടി ചീർ ചെയ്തു കൊണ്ട്, ആ 6 സിക്സറുകൾക്കൊപ്പം മനസ്സ് പായും,തീർച്ച.

Advertisement