ഷെഫിന്‍ ജഹാനെ ഇജ്ജ് ഓളേയും കൂട്ടി അവിടെ വരെയൊന്ന് പോണം: മൂന്ന് പെണ്‍മക്കളുടെ പിതാവിന്റെ ഷെഫിന്‍ ജഹാനോടുള്ള കരളുരുകുന്ന അഭ്യര്‍ത്ഥന വൈറലാകുന്നു

12

കൊച്ചി: ഹൈക്കോടതി റദ്ദാക്കിയ വിവാഹം സുപ്രീം കോടതി സാധുവാക്കിയതോടെ അടുത്തിടെ കേരളത്താലെ പ്രധാന സംസാരവിഷമായിരുന്ന ഹാദിയ കേസ് പുതിയ വഴിത്തിരിവാലേക്ക് എത്തിയിരുന്നു. സുപ്രീം കോടതി വിധിയോടെ കഴിഞ്ഞദിവസം ഷെഫിന്‍ ജഹാന്‍ ഹാദിയയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണേടേ പോയിരുന്നു. അഖില എന്ന ഹാദിയ മതംമാറിയാണ് ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചത്. ഇതിനെ ചോദ്യം ചെയ്ത് ഹാദിയയുടെ പിതാവ് അശോകന്‍ നല്‍കിയ കേസിലാണ് ഇന്ത്യമുഴുമന്‍ ചര്‍ച്ചയായ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. ഈ സാഹചര്തത്തിലാണ് ഷെഫിന്‍ ജഹാനും ഹാദിയയ്ക്കും മൂന്നു പെണ്‍കുട്ടികളുടെ പിതാവായ ഒരു അച്ഛന്റെ കരളുരുകുന്ന അഭ്യര്‍ത്ഥന സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കണ്ണീരോടെ മാത്രം അവസാനിക്കുന്ന കുറിപ്പെഴുതിയിരിക്കുന്നത് പ്രവാസി മലയാളിയായ തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശിയായ നവാസ് ഇബനു ആദ് എന്ന ഒരു പിതാവാണ്.

നവാസ് ഇബനു ആദമിന്റെ കുറിപ്പ് ഇങ്ങനെ:

Advertisements

”ഷെഫിന്‍ ജഹാനെ ഇജ്ജ് ഓളേയും കൂട്ടി അവിടെ വരെയൊന്ന് പോണം.

ഉടനെ വേണ്ട, ന്നാലും വല്ലാണ്ട് വൈകിക്കരുത്.
ആകെ ഒറ്റ മോളെല്ലേ അവര്‍ക്കുള്ളത് ?
അത് കൈവിട്ട് പോകുമെന്നറിയുമ്പോള്‍ പെറ്റ വയറും, ജന്മം നല്‍കിയ പിതാവും എങ്ങനെയാണ് ഷെഫിനെ സഹിക്കുക?
അന്ന് സുപ്രീം കോടതി ഹാദിയയെ പഠിക്കാനായി ഹോസ്റ്റലീല്ക്ക് വിട്ടപ്പോള്‍ പെറ്റതള്ളയുടെ ആര്‍ത്തലച്ച കരച്ചില് നീയും ഞാനും പിന്നെ ഈ ലോകം മുഴുവനും കണ്ടതല്ലെ?
ഹാദിയയെ നിനക്ക് കിട്ടണമെന്നാഗ്രഹിച്ചിട്ടും, അന്നാ കരച്ചില് കണ്ടപ്പോ എന്റെ ഉള്ളൊന്ന് പിടഞ്ഞടാ ഷെഫിനെ.
ആകെപ്പാടെയുള്ള ഒരെണ്ണം കൈവിട്ട് പോകുമെന്നായപ്പോ ആരും ചെയ്യുന്നതല്ലേ ആ മതാപിതാക്കളും ചെയ്‌തൊള്ളു?
നിനക്കറിയോ ഷെഫിന്‍? എനിക്ക് മൂന്ന് പെണ്‍കുട്ടികളാ, അതില് മൂത്തതിന് പതിനഞ്ച് വയസായി. സ്‌ക്കൂളില്‍ പോയി തിരിച്ച് വീട്ടിലെത്തണ വരെ തീയാ മനസില്. സ്‌ക്കൂളിലുള്ള സകല ടീച്ചര്‍മാരുടേയും മാഷമ്മാരുടെ ഫോണ്‍ നമ്പര്‍ എന്റെ കയ്യിലുണ്ട്, എന്തിനാണന്നറിയോ? ന്റെ കുട്ടി എങ്ങടാ തിരിയണെ, എങ്ങടാ നോക്കണെ എന്നറിയാന്‍.

വീട്ടിലെത്തിയാ പിന്നെ അടുക്കളേക്ക് പോയാ വരെ ഞാന്‍ പോയി നോക്കും.
അവളുറങ്ങാതെ ഇതേവരെ ഞാനുറങ്ങിയിട്ടില്ല ഷെഫിന്‍.
ഇടക്ക് അരികില്‍ കിടന്ന് പാട്ട് പാടികൊടുക്കും. ഉറങ്ങീന്ന് കണ്ടാല്‍ വെറുതെ തട്ടിവിളിച്ച് ഉണര്‍ത്തും.
അപ്പോ അവളുടെ കിണുങ്ങല് കണ്ടാ ഖല്‍ബറിഞ്ഞ് ചിരിക്കും.
സ്‌ക്കൂളില്‍ പോകുമ്പോള്‍ എങ്ങാനും എന്നോട് ഓള് മിണ്ടാതെ പോയാല്‍ ന്റെ കുട്ടി മിണ്ടാതെ പോയല്ലോന്നോര്‍ത്ത് സങ്കടം വരും.

പിന്നെ ഓള് തിരിച്ച് വന്ന് ഒരുമ്മ കിട്ടാതെ ആ സങ്കടം മാറില്ല.
മൂന്ന് പെണ്‍കുട്ടികളുള്ള എന്റെ ഹാലും വിധീം ഇതാണെങ്കില്‍ ഹാദിയയുടെ അച്ഛന്റേം അമ്മേടേം അവസ്ഥ എന്തായിരിക്കും ഷെഫിന്‍ ജഹാന്‍?
അതാലോചിച്ച് പടച്ചോനാണെ എനിക്കിന്നലെ ഉറക്കം വന്നില്ല ഷെഫിന്‍.
ഇതുവരെ ഹാദിയ അടക്കം, ആളും ബഹളോം ഒക്കെ ഉണ്ടായിരുന്ന ആ വീട്ടില്‍ ഹാദിയയുടെ അച്ഛനും അമ്മയും ഒറ്റക്ക്…
അവര്‍ക്ക് അറിയാഞ്ഞിട്ടല്ലെ ഷെഫിന്‍ നിന്നെ? അവര്‍ക്കറിയില്ലല്ലോ ഷെഫിന്‍ നിന്റെ മതത്തെ? അവര്‍ കേട്ടതും, കേള്‍പ്പിച്ചതും ഭീകരമായിട്ടല്ലെ ഷെഫിന്‍?

ന്നിട്ടും ഓള് പിടിവിട്ട് പോകുമെന്നായപ്പോള്‍ ‘ന്റെ കുട്ടി ‘ മുസ്ലിമായി ജീവിച്ചോട്ടേന്ന് ആ പിതാവ് പറഞ്ഞില്ലെ?
അത് മാത്രം പോരെ ഷെഫിന്‍ ഇതുവരെ അനുഭവിച്ചതൊക്കെ മറക്കാന്‍? ആത്യന്തികമായി ഹാദിയ ആഗ്രഹിച്ചതും അത് തന്നെയല്ലെ?

അത് കൊണ്ട് ഷെഫിന്‍ നീ ഹാദിയയേയും കൂട്ടി ഓള്‍ടെ പെരേല്ക്ക് പോണം. അച്ചനേം അമ്മയേയും കെട്ടിപിടിച്ച് ഉമ്മ കൊടുക്കാന്‍ ഹാദിയയോട് പറയണം. നീയൊരു നല്ല മരുമകനാണെന്ന് അവര് തിരിച്ചറിയട്ടെ ഷെഫിന്‍.

ഇതുവരെ കേട്ടതും അറിഞ്ഞതും തെറ്റാണെന്നും, ‘ന്റെ കുട്ടീം ന്റെ മരുമകനും ‘ സുഖമായിരിക്കുന്നുവെന്ന് അവര് അയല്‍പ്പക്കകാരോടും നാട്ടുകാരോടും ആഹ്ലാദത്തോടെ വിളിച്ച് പറയുന്നത് നിനക്ക് കേള്‍ക്കാം.
ലോകം അന്ന് നിങ്ങള്‍ക്കായി മംഗളാശംസകള്‍ നേരും ഷെഫിന്‍.

അത് കൊണ്ട് ഷെഫിന്‍ ജഹാനെ ഇജ്ജ് ഓളേയും കൂട്ടി അവിടെ വരെയൊന്ന് പോണം.

പടച്ചോനില്ലേടാ കൂടെ.”

Advertisement