കോട്ടയം: സ്ത്രീകള്‍ക്ക് പലപ്പോഴും ഒറ്റയ്ക്കുള്ള രാത്രി യാത്രകള്‍ ദുഷ്‌ക്കരമാണ്. പൂവാവലന്മാരുടെയും ഞരമ്ബുരോഗികളുടെയും ശല്യം തകാരണം സമാധാനമായുള്ള യാത്ര മിക്കവാറും നടക്കില്ല. രാത്രി യാത്രയ്ക്കിടെ തനിക്കുണ്ടായ ഒരുദുരനുഭവം വിവരിക്കുകയാണ് നടിയും സാമൂഹിക പ്രവര്‍ത്തകയുമായ സജിത മഠത്തില്‍.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ കയറാനുള്ള വരവാണ്. പ്ലാറ്റ്ഫോം നമ്ബറും ബോഗി നമ്ബറും നോക്കി, കൃത്യം നാല്‍പത്തി ഒന്നു ദിവസം വൃതമെടുത്ത തുടയും മാറും കാണിച്ചു നടക്കുന്ന അയ്യപ്പഭക്തന്മാരെ കണ്ട് എന്റെ പെണ്‍മതവികാരം വ്രണപ്പെടാതെ ഒഴിഞ്ഞുമാറി പതുക്കെ ബാഗുമുരുട്ടി മുന്നോട്ടു നീങ്ങുമ്ബോള്‍ ഒരുത്തന്‍ ഓടി അടുത്തേക്ക്.
ചോദ്യം എന്‍ക്വയറി എവിടേയാ എന്നതാണ്. പക്ഷെ നോട്ടം മുലയിലേക്കും! കണ്ണിലേക്ക്, മുഖത്തേക്ക് ഒന്നു പാളി നോക്കുന്നു പോലുമില്ല. പൂര്‍ണ്ണ ശ്രദ്ധ മുലയിലേക്ക് മാത്രം! വീണ്ടും ചോദിച്ചപ്പോള്‍ എന്റെ തലയിലെ അപായ ബള്‍ബ് കത്തി.
തന്റെ യഥാര്‍ത്ഥ എന്‍ക്വയറി എന്താണെന്ന് ഞാന്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ എല്ലാ അന്വേഷണത്വരയും അവസാനിപ്പിച്ച് കക്ഷി ആള്‍കൂട്ടത്തിലേക്ക്! ഞാനെന്തോ കുഴപ്പം ചെയ്തു എന്ന മട്ടില്‍!
എണ്‍പതുകള്‍ മുതല്‍ കേരളത്തില്‍ ഒറ്റക്ക് യാത്ര ചെയ്യാന്‍ തുടങ്ങിയ ഒരാളാണ് ഞാന്‍. കൂടിയതും കുറഞ്ഞതുമായ ഇത്തരമൊരു അനുഭവമില്ലാതെ ഒരു രാത്രിയാത്രയും എന്റെ ഓര്‍മ്മയിലില്ല!