മുംബൈയിൽ കഴിഞ്ഞ ദിവസം ഇന്ത്യ ലെജൻഡ്സ് ശ്രീലങ്ക ലെജൻഡ്സിനെതിരെ കളത്തിലിറങ്ങിയപ്പോൾ അത് ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാനാകാത്ത മറ്റൊരു ഓർമ്മ കൂടി സമ്മാനിക്കുന്നതായി. കാണികൾക്കിടയിൽ നിന്നും സഹീറിന്റെ പഴയ ആരാധികയെ കണ്ടെത്തിയതാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്.
വർഷങ്ങൾക്ക് മുമ്പ്, സമൂഹ മാധ്യമങ്ങൾ ഇത്ര ജനകീയമാകുന്നതിന് മുമ്പ് ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ ഇടം നേടിയ ഒരു ആരാധികയാണ് വീണ്ടും വാർത്തകളിൽ നിറയുന്നത്. 2007 ൽ ബെംഗളൂരുവിൽ പാകിസ്ഥാനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലാണ് ഈ ആരാധികയെ ക്രിക്കറ്റ് ലോകം കാണുന്നത്.
‘സഹീർ, ഐ ലവ് യൂ’ എന്നെഴുതിയ പ്ലക്കാർഡുമായിട്ടാണ് ഗാലറിയിൽ ഈ ആരാധിക ഇരുന്നത്. ക്യാമറ ഇക്കാര്യം ഒപ്പിയെടുക്കുകയും തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു. സ്റ്റേഡിയത്തിലെ ജയന്റ് സ്‌ക്രീനിൽ സഹീറും യുവരാജും അടങ്ങുന്ന ഇന്ത്യൻ ഡ്രസിംഗ് റൂമും ആ കാഴ്ച കണ്ടു. ക്യാമറ ഇരുവരെയും മാറിമാറി കാണിച്ചതോടെ യുവതി സഹീറിന് ഒരു ഫ്ളെയിംഗ് കിസും നൽകി.
അടുത്തിരുന്ന യുവരാജിന്റെ നിർബന്ധത്തിനു വഴങ്ങി സഹീറും കൊടുത്തു, തിരിച്ചൊരു ഫ്ളെയിംഗ് കിസ്. ക്രീസിൽ ബാറ്റ് ചെയ്യുകയായിരുന്ന സെവാഗും ദ്രാവിഡും പാക് കളിക്കാരും ഈ കാഴ്ച കണ്ട് പൊട്ടിച്ചിരിച്ചു.
അങ്ങനെ ആ സംഭവം അവിടെ കഴിഞ്ഞു. ഇതാ 13 വർഷത്തിന് ശേഷം സഹീറും യുവരാജും സെവാഗുമെല്ലാം വിരമിച്ചു കഴിഞ്ഞ കളിക്കളത്തിൽ ആ ആരാധിക വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
റോഡ് സുരക്ഷാ സന്ദേശവുമായി മഹാരാഷ്ട്ര സർക്കാർ വിരമിച്ച കളിക്കാരെ ഉൾപ്പെടുത്തി റോഡ് സേഫ്റ്റി ടി-20 ലോക സീരീസ് സംഘടിപ്പിച്ചപ്പോഴാണ് ആരാധിക വീണ്ടും ഗാലറിയിലെത്തിയത്.
ശ്രീലങ്കൻ ലെജൻഡ്സിനെ നേരിടുകയായിരുന്ന ഇന്ത്യയ്ക്കായി സഹീർ പന്തെറിഞ്ഞപ്പോഴായിരുന്നു ആ സംഭവം. 13 വർഷങ്ങൾക്കു മുമ്പ് സഹീറിനോട് പ്രണയം പറഞ്ഞ അതേ ആരാധിക വീണ്ടും ഗാലറിയിൽ പ്രത്യക്ഷപ്പെട്ടു. ഇത്തവണ പ്ലക്കാർഡ് ഒന്ന് മാറി. ‘ഡ്രൈവർമാരും ക്രിക്കറ്റർമാരും ഹെൽമറ്റ് ഉപയോഗിക്കുക’ എന്നതാണ് പുതിയ പ്ലക്കാർഡ്.