മുട്ടം: അച്ഛൻ നഷ്ടപ്പെട്ട വിഷ്ണുവിനും മീനാക്ഷിക്കും മുന്നിൽ ഇനി ഇരുളടഞ്ഞ ഭാവിയാണെങ്കിലും ഇനി മുന്നോട്ടുള്ള യാത്രയ്ക്ക് പിതാവിന്റെ ഓർമകൾ മാത്രം. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയായ അനിലിനെ മരണം കവർന്നുകൊണ്ടു പോയപ്പോൾ തളർന്നുപോയതു മക്കളായ വിഷ്ണുവും മീനാക്ഷിയുമാണ്. കഴിഞ്ഞ ദിവസം ഉരുൾപൊട്ടലിൽ മരണം കവർന്ന മുട്ടം കഴുമറ്റത്തിൽ അനിലിന്റെ മക്കളായ വിഷ്ണുവും മീനാക്ഷിയും ദുരന്തത്തിൽനിന്നു രക്ഷപ്പെട്ട് ചികിത്സയിലാണ്.
കുഞ്ഞിപ്പെങ്ങളെ മാറോടടുക്കി ഉരുൾപ്പൊട്ടലിൽ നിന്ന് കരകയറുന്പോൾ വിഷ്ണു ഓർത്തിരുന്നില്ല ജീവിതം കൂടുതൽ ദുരിതപൂർണമാവുമെന്ന്. ഉരുൾപൊട്ടലിന്റെ ശക്തിയിൽ തെറിച്ചുപോയ വിഷ്ണുവിന് അനുജത്തി മീനാക്ഷി ഒലിച്ചുപോവുന്നത് മിന്നായം പോലെയേ കാണാനായുള്ളൂ.
ഇരുൾവീണ സമയം ജീവൻ പണയംവച്ച് മലവെള്ളക്കുത്തൊഴുക്കിലേക്കു പാഞ്ഞിറങ്ങി കുഞ്ഞിപ്പെങ്ങളെ രക്ഷപ്പെടുത്തി. കരയ്ക്കിരുത്തി വീണ്ടും മടങ്ങാൻ ഒരുങ്ങുന്പോൾ കാലുകൾ ചെളിക്കുണ്ടിൽ പുതഞ്ഞുപോയിരുന്നു.
മുത്തശികൂടിയുണ്ട് താഴേക്കൊഴുകുന്ന വീടിനുള്ളിൽ. ഉറക്കെയുള്ള അലർച്ച കേട്ട് അയൽവാസിയായ തങ്കമ്മയും മകൻ പ്രദീപും കൂട്ടരും ഓടിയെത്തി. പ്രദീപും കൂട്ടരും മുത്തശിയെ രക്ഷിച്ചെടുക്കുന്പോഴേക്കും വിഷ്ണുവും മീനാക്ഷിയും ഗുരുതര പരിക്കുകളോടെ നിലംപതിച്ചിരുന്നു.
വിഷ്ണുവിന്റെ കൈയുടെയും മീനാക്ഷിയുടെ കാലിന്റെയും എല്ലുകൾ പൊട്ടിപ്പോയി. ചികിൽസയിൽ കഴിയുന്ന ഇവരെ ദുരന്തം പിന്നെയും വിട്ടില്ല. പുറത്തുപോയി മടങ്ങി വീട്ടിലെത്തിയ അച്ഛൻ അനിൽകുമാർ ആ മലവെള്ളപ്പാച്ചിലിൽ മരണത്തിന്റെ പിടിയിലമർന്നു. അപ്പോഴും മക്കൾക്കായി കൊണ്ടുവന്ന പലഹാരപ്പൊതി ഉരുളൊലിച്ചുപോയ പാതയിൽ അവശേഷിച്ചിരുന്നു. പൊന്നുമക്കൾക്ക് പിതാവിന്റെ അവസാനത്തെ സമ്മാനം…!
ഇവിടെ, തീരുന്നതല്ല വിഷ്ണുവിന്റെയും കുഞ്ഞിപ്പെങ്ങളുടെയും ദുരിതം. വിഷ്ണു ജനിച്ച ശേഷം മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്മ ഓമന മിക്ക ദിവസങ്ങളിലും ചികിത്സയിലാണ്. മുത്തശ്ശി സരോജിനിയുടെ തണലിലായിരുന്നു ജീവിതം. മീനാക്ഷി ജനിച്ചതോടെ മാതാവ് സ്ഥിരമായി ആശുപത്രിയിലുമായി. സരോജിനിയും വിഷ്ണുവുമായിരുന്നു മീനാക്ഷിയെ പോറ്റിവളർത്തിയത്.
മരപ്പണിക്കു പുറമെ അറിയപ്പെടുന്ന മുഖർശംഖ് കലാകാരൻ കൂടിയായിരുന്നു അനിൽകുമാർ. ജീവിത യാത്രയിൽ തണലായിരുന്ന അച്ഛൻ കൂടി നഷ്ടമായതോടെ വിധിക്കുമുന്നിൽ പകച്ചു നിൽക്കുകയാണ് ഈ കുരുന്നുമക്കൾ. മാതാവിനെ പരിചരിക്കണം, മുത്തശ്ശിക്ക് തണലൊരുക്കണം,
കുഞ്ഞിപ്പെങ്ങളെ പോറ്റി വളർത്തണം, അന്തിയുറങ്ങാൻ വീട് വേണം. വിഷ്ണുവെന്ന പതിനാറുകാരനു മുന്നിൽ ഉത്തരവാദിത്വം ഏറുകയാണ്. തൊടുപുഴ മുട്ടത്ത് നിന്ന് രണ്ടുകിലോമീറ്ററോളം കുത്തുകയറ്റം കയറിയാലേ വിഷ്ണുവും കുടുംബവും തമാസിച്ചിരുന്ന കൊല്ലംകുന്ന് വീട്ടിലെത്താനാകൂ.
ഇവിടെ ഭൂമിയാകെ ഒലിച്ചു പോയിരിക്കുന്നു. കരുണവറ്റാത്ത സഹജീവികളുടെ സഹായത്താൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുമെന്നു തന്നെയാണ് വിഷ്ണുവിന്റെയും മീനാക്ഷിയുടെയും പ്രതീക്ഷ.