വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീം ടി ട്വന്റി മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ്. അഞ്ചു മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പര 4-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്. നാളെ വെല്ലിങ്ടണില്‍ വച്ചാണ് ഇന്ത്യന്യൂസിലന്‍ഡ് ആദ്യ ടി ട്വന്റി മത്സരം.
ടി ട്വന്റിയില്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ന്യൂസിലന്‍ഡില്‍ ടി ട്വന്റി മത്സരങ്ങള്‍ക്കായി ഇറങ്ങുന്ന രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് മൂന്നു റെക്കോര്‍ഡുകളാണ്. ട്വന്റി ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ മുന്നിലെത്താന്‍ രോഹിത്തിന് ഇനി വെറും 36 റണ്‍സ് മതി.
നിലവില്‍ 2,237 റണ്‍സുമായി മൂന്നാ സ്ഥാനത്താണ് രോഹിത്. 2,272 റണ്‍സുമായി ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് 2,245 റണ്‍സുമായി പാക്കിസ്ഥാന്‍ താരം ഷൊയ്ബ് മാലിക്കാണ്. ഈ പരമ്പരയില്‍ പരുക്ക് കാരണം ന്യൂസിലന്‍ഡ് ടീമില്‍നിന്നും വിട്ടുനില്‍ക്കുകയാണ് മാര്‍ട്ടിന്‍ ഗുപ്റ്റില്‍. അതിനാല്‍ തന്നെ രോഹിത് ശര്‍മ്മയ്ക്ക് മുന്നിലുള്ളത് മികച്ച അവസരമാണ്.
അതുപോലെ ടി ട്വന്റിയില്‍ 100 സിക്‌സ് എന്ന നേട്ടം രോഹിത്തിന് കൈവരിക്കാന്‍ വെറും രണ്ടെണ്ണം കൂടി മതി. നിലവില്‍ 98 സിക്‌സുമായി മൂന്നാം സ്ഥാനത്താണ് രോഹിത്. 103 സിക്‌സുമായി വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയിലും ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. ഈ ടി ട്വന്റി പരമ്പരയില്‍ രോഹിത് രണ്ടു സിക്‌സ് കൂടി പറത്തിയാല്‍ രോഹിത്തും ഇവര്‍ക്കൊപ്പമെത്തും.
രോഹിത്തിനെ കാത്ത് മറ്റൊരു റെക്കോര്‍ഡും കൂടി ന്യൂസിലന്‍ഡിലിരുപ്പുണ്ട്. ഏകദിന പരമ്പരയില്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനാലാണ് പരമ്പരയിലെ ബാക്കി രണ്ടു മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ രോഹിത് നയിച്ചത്.
ടി ട്വന്റി പരമ്പരയിലും രോഹിത് ആണ് ഇന്ത്യന്‍ നായകന്‍. ടി ട്വന്റി പരമ്പര കൂടി നേടിയാല്‍ ന്യൂസിലന്‍ഡില്‍ ഏകദിന, ടി ട്വന്റി പരമ്പര നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് രോഹിത്തിന് സ്വന്തമാകും.
മൂന്നു ടി ട്വന്റി മത്സരങ്ങളാണ് ഇന്ത്യന്യൂസിലന്‍ഡ് പരമ്പരയിലുളളത്. നാളെ വെല്ലിങ്ടണിലാണ് ആദ്യ മത്സരം. 8ാം തീയതി ഓക്‌ലന്‍ഡില്‍ മൂന്നാം മത്സരവും 10ാം തീയതി ഹാമില്‍ട്ടണില്‍ മൂന്നാം മത്സരവും നടക്കും.