ഓസ്‌ട്രേലിയയുമായുള്ള മത്സരം ഇന്ത്യയെ സംബന്ധിച്ച് അതിനിര്‍ണായകമാണ്. ലോക കപ്പ് മത്സരങ്ങള്‍ക്ക് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഓസ്‌ട്രേലിയയ്ക്കുള്ള ടീമില്‍ ഇടം നേടിയ താരങ്ങളിലാണ് ആരാധകരുടെ നോട്ടം. ഈ പരമ്പരയില്‍ തിളങ്ങുന്നവരാകും ഇന്ത്യയ്ക്കായി ലോക കപ്പ് കളിക്കാന്‍ ഇംഗ്ലണ്ടിലേക്ക് വിമാനം കയറുക.
ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരെ അവരുടെ നാട്ടില്‍ നടന്ന പരമ്പരയില്‍ ഉഗ്രന്‍ പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ടീമാണ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീടസാധ്യത കല്‍പ്പിക്കുന്ന ടീമുകളിലൊന്ന്. ഈ രണ്ട് പരമ്പരകള്‍ ബാറ്റിങ്ങിലും ബോളിങ്ങിലും ഉഗ്രന്‍ പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ടീം ലോകകപ്പിന് മികച്ച പ്രതീക്ഷ നല്‍കുന്നുണ്ട്.
അതേസമയം, ബാറ്റിങ്ങില്‍ ഇപ്പോഴും ചില ആശങ്കകളുണ്ടെന്നാണ് ടീമില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. ബാറ്റിങ്ങില്‍ നിര്‍ണായകമാകുന്ന നാലാം സ്ഥാനമാണ് ഇന്ത്യന്‍ ടീമിനെ ആശങ്കയിലാക്കിയിരിക്കുന്നത്. എന്നാല്‍, ഇതിനൊരു പരിഹാരം നിര്‍ദേശിച്ചിരക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.
നിലവില്‍ അമ്പാട്ടി റായഡുവിനെയാണ് ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെങ്കിലും റായിഡുവിന് സ്ഥിരിത പുലര്‍ത്താന്‍ സാധിക്കാത്തത് ഇന്ത്യന്‍ ടീമിന് തലവേദനയായിരിക്കുകയാണ്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ ഈ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് ഗവാസ്‌ക്കര്‍ നിര്‍ദേശിക്കുന്നത്.
ഇക്കാര്യം ഇന്ത്യന്‍ ടീമില്‍ നേരത്തെ ചര്‍ച്ചയായിരുന്നുവെന്നാണ് സൂചനകള്‍. പരിശീലകന്‍ രവിശാസ്ത്രി ഇതുമായി ബന്ധപ്പെട്ട് സൂചനകള്‍ നല്‍കിയിരുന്നെങ്കിലും കൂടുതല്‍ വ്യക്തത വരുത്താന്‍ തയ്യാറായിരുന്നില്ല.
അതേസമയം, കോഹ്ലിയുടെ ബാറ്റിങ് സ്ഥാനം മാറ്റുന്നതില്‍ സൗരവ് ഗാംഗുലി അടക്കമുള്ളവര്‍ എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്. നിലവില്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ഓപ്പണര്‍മാരായും രണ്ടാമനായി കോഹ്ലിയുമാണ് ഇറങ്ങാറുള്ളത്.
ഓസീസിനെതിരായ പരമ്പരയില്‍ പന്തിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത് ലോക കപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണെന്നാണ് സൂചന. പന്തിനെ ഓപ്പണിങ്ങ് പൊസിഷനിലേക്ക് കൊണ്ട് വരാനാണ് നീക്കം. പന്തിനെ മുന്നറ്റത്തില്‍ ബാറ്റ് ചെയ്യിപ്പിക്കുമെന്ന് ടീമിന്റെ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദും വ്യക്തമാക്കിയിരുന്നു.