ഇന്നത്തെപോലെ വിവരദോഷികള്‍ അന്നില്ലാത്തതു കൊണ്ട് എംടിയെ ആരും സ്ത്രീവിരുദ്ധന്‍ എന്ന് വിളിച്ചില്ല; മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് രഞ്ജിത്ത്

56

സിനിമയിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളുടെ പേരില്‍ തിരക്കഥാകൃത്തിനെ വിമര്‍ശിക്കുന്നത് തികഞ്ഞ മണ്ടത്തരമാണെന്ന് സംവിധായകന്‍ രഞ്ജിത്ത്. സിനിമ പാരഡിസോ ക്ലബുമായുള്ള അഭിമുഖത്തിലാണ് രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്.

Advertisements

സിനിമയിലെ സംഭാഷണങ്ങള്‍ കഥാപാത്രത്തിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉണ്ടാകുന്നതാണെന്നും അത് എഴുത്തുകാരന്റെ കാഴ്ചപ്പാടാണെന്നും രാഷ്ട്രീയമാണെന്നും വിലയിരുത്തുന്നത് മണ്ടത്തരമാണെന്നും രഞ്ജിത്ത് പറഞ്ഞു.

വടക്കന്‍ വീരഗാഥയിലെ ചന്തു സ്ത്രീകളെ കുറിച്ച് പറയുന്ന സംഭാഷണം എം.ടിയ്ക്ക് സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാടാണെന്ന് പറയുന്ന മണ്ടന്മാരുടെ ചെവിക്കാണ് ആദ്യം പിടിക്കേണ്ടത്. ചന്തു ജനിച്ചു വളര്‍ന്ന സാഹചര്യം, സ്ത്രീകളില്‍ നിന്ന് അയാള്‍ നേരിട്ട വഞ്ചന, ബന്ധുക്കളില്‍ നിന്നുള്ള അവഗണന അതെല്ലാമാണ് അയാളെ കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നത്. അന്ന് ഈ കാലത്തെപ്പോലെ അധികം വിവരദോഷികള്‍ ഇല്ലാത്തത് കൊണ്ട് എം.ടിയെ ആരും സ്ത്രീവിരുദ്ധന്‍ എന്ന് വിളിച്ചില്ല’ രഞ്ജിത്ത് പറഞ്ഞു.

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ ശ്രദ്ധിക്കാറില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കി. ആറാം തമ്പുരാന്‍, രാവണപ്രഭു എന്ന സിനിമകളിലെ ചില സംഭാഷണങ്ങള്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. എന്നെ മനസിലാക്കിയിട്ടുള്ളവരും സിനിമയെ സിനിമയായി തന്നെ ഉള്‍ക്കൊള്ളുന്നവരും അത് കാര്യമായി എടുത്തിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞു.

രഞ്ജിത്ത് ചിത്രം ഡ്രാമാ തിയേറ്ററില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ലോഹത്തിന് ശേഷം രഞ്ജിത്തും മോഹന്‍ലാലുമൊന്നിക്കുന്ന ചിത്രമാണ് ഡ്രാമാ. ആശാ ശരത്ത്, കനിഹ, ബൈജു, രഞ്ജി പണിക്കര്‍, ശ്യാമപ്രസാദ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. വര്‍ണ്ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ്, ലിലിപാഡ് മോഷന്‍ പിക്ചര്‍സ് എന്നിവയുടെ ബാനറില്‍ എം കെ നാസ്സര്‍, മഹാ സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡ്രാമാ നിര്‍മ്മിച്ചിരിക്കുന്നത്.

Advertisement