കളിക്കു പുറത്തുള്ള പരാമര്‍ശത്തിന്റെ പേരില്‍ മാപ്പു പറഞ്ഞിട്ടും പൊതുബോധത്തിനായുള്ള സസ്പെന്‍ഷന് ശേഷം തിരിച്ചെത്തിയ ഹാര്‍ദിക് പാണ്ഡ്യ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ വീണ്ടും നിറഞ്ഞാടി. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന ഇന്ത്യന്‍ ടീമിനെ സിക്‌സര്‍ പെരുമഴ പെയ്യിച്ച് ഹാര്‍ദിക് കരകയറ്റുകയായിരുന്നു.
വെല്ലിങ്ടണില്‍ നടന്ന അഞ്ചാം ഏകദിനത്തില്‍ 22 പന്തുകളില്‍ നിന്ന് 45 റണ്‍സാണ് പാണ്ഡ്യയുടെ ബാറ്റില്‍ നിന്ന് പിറന്നത്.
ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഈ റണ്‍സ് നിര്‍ണായകമായിരുന്നു. അഞ്ച് സിക്‌സറുകളാണ് ഈ 45 റണ്‍സിനിടയില്‍ താരം നേടിയത്. എട്ടാമനായി ക്രീസിലെത്തിയ താരം അഞ്ച് സിക്‌സിന് പുറമെ രണ്ട് ബൗണ്ടറികളും നേടിയാണ് 45 റണ്‍സ് തികച്ചത്.
ടോഡ് ആസിലിനെ തുടര്‍ച്ചായി മൂന്ന് തവണയാണ് പാണ്ഡ്യ സിക്‌സര്‍ പറത്തിയത്. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നാല്‍പ്പത്തിയേഴാം ഓവറിലായിരുന്നു ആസിലിനെതിരെ പാണ്ഡ്യയുടെ കടന്നാക്രമണം.
അഞ്ചാം തവണയാണ് ഹാര്‍ദിക് ഹാട്രിക് സിക്സര്‍ നേടുന്നത്. പാക്കിസ്ഥാന്റെ ഇമാദ് വസീം, ശാദബ് ഖാന്‍, ശ്രീലങ്കയുടെ മലിന്ദ പുഷ്പകുമാര, ഓസ്ട്രേലിയയുടെ ആഡം സാംപ എന്നിവരാണ് മുമ്പ് ഹാര്‍ദിക്കിന്റെ ബാറ്റിങ് ചൂടറിഞ്ഞത്.