ലൈറ്റ് ബോയ് മുതല്‍ മിന്നും താരങ്ങള്‍ വരെ പിന്നെ പ്രേക്ഷകര്‍ക്കും, കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മോഹന്‍ലാല്‍

20

രാജ്യത്തെ പരമോന്നത ബഹുമതികളില്‍ ഒന്നായ പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ച സന്തോഷം ആരാധകരുമായി പങ്കുവെച്ച് നടന്‍ മോഹന്‍ലാല്‍. 40 വര്‍ഷങ്ങള്‍ നീണ്ട യാത്രയില്‍ തനിക്കൊപ്പം നിന്ന ഓരോരുത്തര്‍ക്കും മോഹന്‍ലാല്‍ നന്ദി പറഞ്ഞു. ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് മോഹന്‍ലാലിന്റെ നന്ദി പ്രകടനം.

Advertisements

’40 വര്‍ഷം നീണ്ട സിനിമാറ്റിക് യാത്രയാണ് എന്നെ സംബന്ധിച്ചിടത്തോളം ഇത്. ഈ യാത്രയില്‍ ആയിരക്കണക്കിന് ആളുകളെയും അഭ്യുദയകാംക്ഷികളെയും ഞാന്‍ കണ്ടുമുട്ടി.

സിനിമാ സെറ്റുകളിലെ ലൈറ്റ് ബോയ് മുതല്‍, വലിയ താരങ്ങളും സാധാരണക്കാരായവരും സ്ത്രീകളും കുട്ടികളും നല്‍കിയ സ്‌നേഹവും പിന്തുണയുമാണ് ഓരോ ദിവസവും മുന്നോട്ട് നടക്കാന്‍ പ്രേരിപ്പിച്ചത്.’

‘ഈ പുരസ്‌കാരം അനുഗ്രഹമായി കാണുന്നു. ഈ പുരസ്‌കാരം ലഭിച്ചതില്‍ ഒരുപാട് സന്തോഷവും ഒരുപാട് അഭിമാനവും തോന്നുന്നു. 40 വര്‍ഷമായി സിനിമയില്‍ തുടരുന്ന ഒരാളെന്ന നിലയില്‍ ഇതുവരെ ഒപ്പം നിന്ന എല്ലാവര്‍ക്കും എല്ലാ പ്രേക്ഷകര്‍ക്കും ഈ ഘട്ടത്തില്‍ നന്ദി പറയുകയാണ്.’ മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

അഞ്ചു ദേശീയ അവാര്‍ഡുകളും പത്മശ്രീയും ഇന്ത്യന്‍ ടെറിറ്റോറിയല്‍ ആര്‍മിയുടെ ഹോണററി ലെഫ്റ്റനന്റ് കേണല്‍ പദവിയും ഡോക്ടറേറ്റും നേടിയതിന് പിന്നാലെയാണ് രാജ്യത്തിന്റെ ഈ പരമോന്നത പുരസ്‌കാരവും മോഹന്‍ലാലിനെ തേടിയെത്തിയത്.

ഈ സന്തോഷ വാര്‍ത്ത എത്തുമ്പോള്‍ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന്റെ ലൊക്കേഷനില്‍ ആണ് മോഹന്‍ലാല്‍. 2001ല്‍ പത്മശ്രീ കിട്ടയപ്പോഴും മോഹന്‍ലാല്‍ പ്രിയദര്‍ശന്റെ സെറ്റിലായിരുന്നു.

Advertisement