കൊച്ചി: കലിതുള്ളിയെത്തിയ പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട മലയാളികള്‍ക്ക് ഇത്തവണ അതിജീവനത്തിന്റെ ഓണമായിരുന്നു. ജാതിയും മതവും രാഷ്ട്രീയവും മറന്ന് ഒരുമിച്ചുണ്ട് ഒരുമിച്ചുറങ്ങി കളികളും പാട്ടുകളുമായാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ ഇത്തവണ ഓണത്തെ വരവേറ്റത്. പല ക്യാംപുകളിലും പൂക്കളം തീര്‍ത്തും മത്സരങ്ങള്‍ സംഘടിപ്പിച്ചും അതിജീവനത്തിന്റെ ഓണം മനോഹരമായി ആഘോഷിച്ചു.
എന്നാല്‍ ദുരിതാശ്വാസ ക്യാംപ് വിട്ടു പോകുന്നവരുടെ കാഴ്ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റിലെ ദുരിതാശ്വാസ ക്യാംപില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നവര്‍ പരസ്പ്പരം കെട്ടിപ്പിടിച്ചും കൈകൊടുത്തും യാത്ര പറയുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ജനങ്ങളെ ഇവിടെ മുസ്‌ലിമും ഹിന്ദുവും ക്രിസ്ത്യാനിയും വേര്‍ത്തിരിവില്ലാതെ ഒരമ്മ പെറ്റ മക്കളെ പോലെ ഈയൊര് സൗഹാര്‍ദ്ദമാണ് നമ്മള്‍ ആഗ്രഹിക്കുന്നത് എന്ന ക്യാപ്ഷനോടെയുള്ള ദൃശ്യം നിരവധിപേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കാനെത്തിയ യു.എന്‍ സംഘം ക്യാംപുകളില്‍ മികച്ച സൗകര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നതെന്ന പറഞ്ഞിരുന്നു. ന്യൂയോര്‍ക്കില്‍ നിന്നെത്തിയ മൂന്നംഗ സംഘമാണ് ക്യാംപുകള്‍ സന്ദര്‍ശിച്ചത്.
ക്യാംപുകളിലെ വൃത്തി, ക്ഷണത്തിന്റെ ഗുണമേന്മ ,സുരക്ഷിതത്വം, വേസ്റ്റ് മാനേജ്‌മെന്റ് എന്നിവയൊക്കെയാണ് മുഖ്യമായും സംഘം പരിശോധിച്ചതെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ പറഞ്ഞു. തന്റെ 20 വര്‍ഷത്തെ പ്രൊഫഷണല്‍ ജീവിതത്തില്‍ വൃത്തിയിലും ആരോഗ്യ പരിപാലനത്തിലും ഗുണമേന്മയുള്ള ഭക്ഷണത്തിന്റെ കാര്യത്തിലും ഇത്രയും നന്നായി പരിപാലിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് കണ്ടിട്ടില്ലായെന്ന് സംസ്ഥാന സര്‍ക്കാരിനെയും ജില്ലാ ഭരണകൂടത്തെയും പ്രകീര്‍ത്തിച്ചു കൊണ്ട് സംഘാംഗവും യുണിസെഫ് എമര്‍ജന്‍സി ഓഫീസറുമായ ബങ്കു ബിഹാരി സര്‍ക്കാര്‍ ക്യാംപിലെ സന്ദര്‍ശക ഡയറിയില്‍ എഴുതിയിരുന്നു.