കൊച്ചി: മേലും കീഴും നോക്കാതെ കാടടച്ച് വെടിവയ്ക്കുന്ന, തോന്നിയതിനെയെല്ലാം വിമര്‍ശിക്കുന്ന സോഷ്യല്‍ മീഡിയ ലീലാ വിലാസങ്ങള്‍ നമുക്ക് പുത്തരിയില്ല. കേട്ടപാതി കേള്‍ക്കാത്തപാതി പല വ്യക്തികളേയും സംഭവങ്ങളേയും വിമര്‍ശിച്ച് ഒരു വഴിയാക്കുന്നതാണ് സോഷ്യല്‍മീഡിയയുടെ പതിവ് രീതി.
ടിക് ടോക് പ്രകടനവുമായെത്തിയ ഒരു പെണ്‍കുട്ടിക്കു നേരെ പരിഹാസ ശരവുമായെത്തിയ സംഭവമാണ് ഇക്കൂട്ടത്തിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. നീതു എന്ന പെണ്‍കുട്ടിയാണ് സോഷ്യല്‍മീഡിയയുടെ പരിഹാസ പാത്രമായത്. വെറും 13 സെക്കന്‍ഡ് മാത്രമുള്ള വിഡിയോയുടെ പേരിലായിരുന്നു സോഷ്യല്‍ മീഡിയയുടെ ആക്രമണം. പലര്‍ക്കും നീതുവിന്റെ സൗന്ദര്യവും നിറവും പ്രകടനവും ഒക്കെയായിരുന്നു പ്രശ്‌നം.
എന്നാല്‍ ‘സൈബര്‍ സുന്ദരന്‍മാരുടെ’ കളിയാക്കലുകളെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ ഒന്നാകെ നീതുവിന് പിന്നില്‍ അണിനിരന്നതോടെ പുള്ളിക്കാരി ഡബിള്‍ഹാപ്പി. സ്‌നേഹ പരിലാളനങ്ങളും പ്രോത്സാഹനങ്ങളും ഒന്നിനു പുറകേ ഒന്നായി എത്തിയപ്പോള്‍ കളിയാക്കിയതിന്റെ പേരിലുള്ള കണ്ണീര്‍ സന്തോഷച്ചിരിക്ക് വഴിമാറി.
‘ഇതിലും നല്ലത് വെള്ളപ്പൊക്കത്തില്‍ മുങ്ങി മരിച്ചാമതിയെന്ന് തലക്കെട്ടിട്ട് എന്റെ വിഡിയോ ഷെയര്‍ ചെയ്ത ചേട്ടാ നിങ്ങള്‍ക്ക് ഒരായിരം നന്ദി..’ സോഷ്യല്‍ ലോകത്ത് ടിക്ടോക്ക് വിഡിയോ പങ്കുവച്ചിതിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയായ നീതു ഇന്ന് സോഷ്യല്‍ ലോകത്തോട് പറഞ്ഞ വാക്കുകളാണിത്.
ഇന്നലെ ഒറ്റരാത്രി കൊണ്ട് കേരളം അവളെ സപ്പോര്‍ട്ട് ചെയ്തതോടെ കണ്ണീര്‍ തുടച്ച് അവള്‍ ഉറപ്പിച്ച് പറയുന്നു. ഞാന്‍ ഇനിയും ടിക്ടോക് വിഡിയോ ചെയ്യും. ദേ ഇന്നും ചെയ്ത് ഒരെണ്ണം. നന്ദി ഒപ്പം നിന്നവര്‍ക്കെല്ലാം. നീതു പറയുന്നു.
ഒരു കഴിവുമില്ലാത്തവരും ഒരു പണിയുമില്ലാത്തവരാണ് ഇത്തരം പരിഹാസ കമന്റുകളുമായി പിന്നാലെ കൂടുന്നതെന്ന ആര്യന്‍ നിഷാദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വഴിത്തിരിവായത്. രണ്ടു ദിവസമായി ഒരു പെണ്‍കുട്ടി പങ്കുവച്ച ടിക്ടോക് വിഡിയോയെ രൂക്ഷമായി പരിഹസിച്ച് ഒട്ടേറെ പേരാണ് സമൂഹ മാധ്യമത്തില്‍ കമന്റ് ചെയ്തത്. ഒരു തമിഴ് ഗാനത്തിനൊത്ത് കരയുന്ന വിഡിയോയാണ് നീതു പങ്കുവച്ചത്.
കണ്ണീരൊഴുകുമ്പോഴും നീതുയെ പരിഹസിക്കാനായിരുന്നു ചിലര്‍ക്ക് തിടുക്കം. ഇവര്‍ ആ കുട്ടിയുടെ പ്രകടനം ആണ് വിലയിരുത്തുന്നതെങ്കില്‍ വെറും 13 സെക്കന്‍ഡ് മാത്രമുള്ള വിഡിയോട് ആ കുട്ടി നൂറ് ശതമാനം നീതി കാണിച്ചിട്ടുണ്ട്. പിന്നെ സൗന്ദര്യമാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ അത് ഒരു അസുഖം വന്നാല്‍ തീരാവുന്നതേയുള്ളൂവെന്നും ആര്യന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.