എല്ലാ നഗരത്തിലും ഭക്ഷണത്തിന് കഴുത്തറപ്പൻ ബില്ല് ഈടാക്കുന്ന ഭക്ഷണശാലകൾ ഉണ്ട്. ഇതിനെതിരേ സോഷ്യൽ മീഡിയയിൽ പ്രതിഷേധവും പതിവാണ്. അത്തരമൊരു പ്രതിഷേധമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചാ വിഷയമാകുന്നത്. തിരുവനന്തപുരം വഴുതക്കാട്ടെ ഒരു സ്വകാര്യ ഭക്ഷണ ശാലയിൽ നിന്നും നാരങ്ങാവെള്ളം കുടിച്ച അബ്ദുൾ അലീഫ് എന്നയാളാണ് ബില്ല് സഹിതം ഫേസ്ബുക്കിൽ പ്രതിഷേധക്കുറിപ്പിട്ടത്.
രണ്ട് ഗ്ലാസ് നാരങ്ങാ വെള്ളത്തിന് 230 രൂപയാണ് നൽകേണ്ടി വന്നത്. മെനു കാർഡിലെ വില പരിശോധിക്കാതിരുന്നതിനാൽ ഒന്നും പറയാതെ പണം നൽകി അടുത്തുള്ള കടയിൽ നിന്നും പന്ത്രണ്ട് രൂപ നൽകി നാരങ്ങ വെള്ളം കുടിച്ചപ്പോഴാണ് തന്റെ ദാഹം മാറിയതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ആദ്യം കയറിയ റസ്റ്റൊറന്റിലെയും രണ്ടാമത് കയറിയ ജ്യൂസ് പാർലറിലെയും ബില്ല് സഹിതമാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
അബ്ദുൾ അലീഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്നൊരു എട്ടിന്റെ പണി നാരങ്ങാവെള്ളത്തിൽ കിട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ..! അത്ര മഹത്തരം എന്നൊന്നും പറയാനാവാത്ത അകത്തളം, കൊണ്ട് വന്നു സെർവ് ചെയ്ത ഗ്ളാസ്സിനു പോലും മിനിമത്തിൽ കവിഞ്ഞ അഴകൊന്നുമില്ല.. അല്പം ഇഞ്ചിനീര് ചേർത്ത സാധാ നാരങ്ങാ (സോഡാ നഹീ..ഒൺലി വെള്ളം.. പിന്നെ മിന്റ് ബില്ലിലെയുള്ളൂ ആ ഐറ്റം ഇല്ലന്ന് ആദ്യമേ പറഞ്ഞിരുന്നു) ജ്യൂസിനൊക്കെ തിരുവനന്തപുരം നഗരത്തിൽ ഇപ്പോൾ 115 രൂപയായിരിക്കുന്നു എന്നറിയുന്നതിൽ സന്തോഷം. അല്പം തിരക്കിലായിരുന്നതിനാലും മെനുവും വിലയും നോക്കാതെ കുടിച്ചതിനാലും ഒന്നും പറയാനും പറ്റിയില്ല..!
പിന്നെ നേരെ ഒരു സാദാ സീദാ ജ്യൂസ് പാർലറിൽ പോയി 12 രൂപയുടെ അതേ തരം നാരങ്ങാ വെള്ളം കുടിച്ചപ്പോഴാണ് ഇത്തിരിയെങ്കിലും സമാധാനമായത്..!!
അല്ല കോയ, ശരിക്കും ഒരു ജിഞ്ചർ ലൈമിന് 115 രൂപായൊക്കെ വിലയുണ്ടോ..??🤔🤔