അഡലെയ്ഡ്: ഓസ്‌ട്രേലിയക്ക് എതിരാ. രണ്ടാം ഏകദിന മത്സരത്തില്‍ ഫിനിഷറായി എംഎസ് ധോണി. ഒരിടവേളയ്ക്ക് ശേഷമാണ് ധോണി വീണ്ടും ഫിനിഷറായി മാറുന്നത്. 54 പന്തില്‍ നിന്ന് 55 റണ്‍സാണ് ധോണിയുടെ സമ്പാദ്യം.
അവസാന ഓവര്‍ വരെ ആവേശം നിലനിന്ന മത്സരത്തില്‍ സിക്സര്‍ അടിച്ചാണ് ധോണി ഇന്ത്യന്‍ സ്‌കോര്‍ ഓസീസ് നേടിയ 298 ല്‍ എത്തിച്ചത്. തൊട്ടുപിന്നാലെ സിംഗിളും നേടി ഇന്ത്യന്‍ വിജയം ധോണി ഉറപ്പാക്കി.
പ്രായം വെറും അക്കമാണെന്ന് തോന്നുന്ന വിധത്തിലായിരുന്നു ധോണിയുടെ പ്രകടനം. ഈ വര്‍ഷത്തെ ആദ്യ രണ്ടു ഏകദിനങ്ങളിലും അര്‍ധശതകം നേടിയ ധോണിയുടെ ലക്ഷ്യം ലോകകപ്പാണെന്ന് വ്യക്തം.
112 പന്തില്‍ 104 റണ്‍സ് നേടിയ വിരാട് കോഹ്ലിയും 52 പന്തില്‍ 43 റണ്‍സുമായി രോഹിത് ശര്‍മ്മയും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. 14 പന്തില്‍ നിന്നും പുറത്താകാതെ 25 റണ്‍സ് നേടിയ ദിനേഷ് കാര്‍ത്തിക്ക് ധോണിക്ക് മികച്ച പിന്തുണയാണ് നല്‍കിയത്.
കഴിഞ്ഞ മത്സരത്തില്‍ സ്ട്രൈക്ക് കൈമാറുന്നതിലെ പാളിച്ചയുടെ പേരില്‍ ധോണിക്ക് വലിയ വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു. ഇത്തവണ അതും പരിഹരിച്ചാണ് ധോണി ക്രീസില്‍ നിന്നത്.
സ്‌കോര്‍: ഓസ്‌ട്രേലിയ 298/9, ഇന്ത്യ-299/4 ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഓരോ ജയം സ്വന്തമാക്കി.