മൂന്ന് അരസെഞ്ചുറികള്‍, രണ്ട് നോട്ടൗട്ട്, റണ്‍വേട്ടയില്‍ ക്യാപ്റ്റന്‍ കോഹ്ലിയേക്കാളും മുന്നില്‍: ഈ ബാറ്റില്‍ ഇനിയുമുണ്ട് വെടിയുണ്ടകള്‍

27

മെൽബൺ: ഏഴോവറിൽ 53 റണ്ണെന്ന നിലയിലേക്ക‌് ലക്ഷ്യമുയർന്നു. ധോണിക്ക‌് കുലുക്കമില്ല. ഭാവംപോലും മാറിയില്ല. ഓസീസ‌് ടീമിലെ സ‌്പിന്നർ ആദം സാമ്പ പന്തെറിയാനെത്തി. ഓവറിന്റെ ഇടവേളയിൽ ധോണി അമ്പയറോട‌് ഓവറുകളെക്കുറിച്ച‌്‌ ചോദിച്ചറിഞ്ഞു.

Advertisements

അപകടകാരിയായ സാമ്പയുടെ അവസാന ഓവറാണത‌്. ആദ്യ അഞ്ച‌ു പന്തും ധോണി മുട്ടിയിട്ടു. അവസാന പന്തിൽ ഒരു റൺ. വിക്കറ്റ‌് ബലികഴിച്ച‌് റണ്ണെടുക്കേണ്ട സാഹചര്യമില്ലെന്ന‌് ധോണിക്ക‌് ബോധ്യമുണ്ടായിരുന്നു. തുടർന്നുള്ള അഞ്ചോവറിൽ അത‌് വ്യക്തമായി. നാല‌ു പന്ത‌് ശേഷിക്കെ കളി ജയിച്ചു. കളി കഴിഞ്ഞപ്പോൾ 114 പന്തിൽ 87 റണ്ണുമായി ധോണി ക്രീസിലുണ്ട‌്.

37 വയസ്സായി ധോണിക്ക‌്. വിക്കറ്റ‌് കീപ്പറാണ‌്. കഠിനമായ ജോലിയാണ‌്. പഴയപോലെ ഹെലികോ‌പ‌്ടർ ഷോട്ടുകൾ പായിക്കാനുള്ള താളംകിട്ടുന്നില്ല. പക്ഷേ, ഇന്ത്യൻ ടീമിൽ ധോണിയുടെ സ്ഥാനം ചോദ്യംചെയ്യാൻ ബുദ്ധിമുട്ടാണ‌്. സാഹചര്യം മനസ്സിലാക്കി ബാറ്റ‌് ചെയ്യാൻ, ഏത‌് സമ്മർദ ഘട്ടത്തിലും തിരികെവരാൻ ധോണിയെപ്പോലെ മറ്റൊരു ബാറ്റ‌്സ‌്മാനും കഴിയില്ല.

പരമ്പരയിലെ മാൻ ഓഫ‌് ദി സീരീസ‌് പുരസ‌്കാരം അതിന‌് അടിവരയിടുന്നു. എത്ര പന്തുകൾ പാഴാക്കിയാലും അവസാന നിമിഷംവരെ ധോണി ക്രീസിലുണ്ടെങ്കിൽ ജയം ഉറപ്പാകുമെന്നാണ‌് അനുഭവം. ഈ പരമ്പരയിലെ അവസാന രണ്ട‌ു കളിയിലും അങ്ങനെ സംഭവിച്ചു.

ഇന്ത്യ തോറ്റ ആദ്യ ഏകദിനത്തിൽ രോഹിത‌് ശർമയുമായി ചേർന്ന‌് ടീമിനെ വൻതകർച്ചയിൽനിന്ന‌് കരകയറ്റാൻ ധോണിക്ക‌് കഴിഞ്ഞു.

പക്ഷേ, നേരിട്ട പന്തുകൾ കൂടുതലായിരുന്നു. അമ്പയറുടെ തെറ്റായ തീരുമാനത്തിൽ പുറത്താകുമ്പോൾ ലക്ഷ്യത്തിന‌് ഏറെ അകലെയായിരുന്നു ടീം. തോൽവിയിൽ ധോണി ഏറെ പഴികേട്ടു.

രണ്ട‌ു കളികൊണ്ട‌് മറുപടി കൊടുത്തു. മൂന്ന‌ു കളിയിൽ 193 റണ്ണാണ‌് നേടിയത‌്. രണ്ട‌ു കളിയിൽ പുറത്തായില്ല. മൂന്ന‌് അരസെഞ്ചുറികൾ. റൺവേട്ടയിൽ ക്യാപ‌്റ്റൻ കോഹ‌്‌ലിയേക്കാളും മുന്നിൽ.

പരമ്പരയ‌ിൽ സെലക്ടർമാരുടെ കടുത്ത നിരീക്ഷണത്തിലായിരുന്നു ധോണി. യുവതാരം ഋഷഭ‌് പന്ത‌് മികവുതെളിയിച്ച‌് പുറത്തിരിപ്പുണ്ട‌്. ടീമിനകത്ത‌് മറ്റൊരു വിക്കറ്റ‌് കീപ്പർ ദിനേശ‌് കാർത്തിക‌് ബാറ്റ‌്സ‌്മാനായി തുടരുന്നു.

ഈ വർഷം ലോകകപ്പാണ‌്. സമ്മർദമായിരുന്നു ധോണിക്ക‌്. പക്ഷേ, അതിനെ മികവുകൊണ്ട‌് മറികടന്നു ഈ റാഞ്ചിക്കാരൻ.

Advertisement