പഠിക്കാന്‍ ഫീസിനായി അച്ഛന്‍ നല്‍കിയ കത്തുമായി വീടുകള്‍ തോറും കയറിയിറങ്ങിയപ്പോള്‍ സഹായിച്ചത് ഒരാള്‍ മാത്രം: ഇനി ഈ കത്തുമായി നീ ആരുടെയും അടുത്ത് പോകരുത് പണം മുഴുവന്‍ ഞാന്‍ തരാം എന്ന് അദ്ദേഹം പറഞ്ഞു; കലാമണ്ഡലം ഗീതാനന്ദന് മെട്രോമാന്‍ ഇ ശ്രീധരന്‍ രക്ഷകനായ കഥ

18

തൃശ്ശൂര്‍: ഓട്ടന്‍തുള്ളല്‍ കലാകാരനും നടനുമായ കലാമണ്ഡലം ഗീതാനന്ദന്റെ അപ്രതീക്ഷിത മരണം കലാസ്നേഹികള്‍ക്ക് ഒരുതരത്തിലും താങ്ങാനാവുന്നതായിരുന്നില്ല. കലാരംഗത്ത് തിളങ്ങുന്ന നിരവധിപേരുടെ ഗുരുവും വഴികാട്ടിയുമായിരുന്നു തൃശൂരിന്റെ സ്വന്തം കലാകാരനായിരുന്ന ഗീതാനന്ദന്‍. എന്നാല്‍ അദ്ദേഹത്തിലെ കലാകാരനെ തിരിച്ചറിയുകയും ലോകമറിയപ്പെടുന്ന വ്യക്തിയായി അദ്ദേഹത്തെ മാറ്റിയെടുക്കുകയും ചെയ്തതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മെട്രോമാന്‍ എന്നുവിശേഷിപ്പിക്കപ്പെടുന്ന ഇ ശ്രീധരന്‍.

തുള്ളല്‍ പഠിക്കാന്‍ കലാമണ്ഡലത്തില്‍ ചേരാനായി പണമില്ലാതെ അച്ഛന്‍ നല്‍കിയ കത്തുമായി വീടുകള്‍ തോറും കയറി ഇറങ്ങേണ്ടി വന്നിട്ടുണ്ട് ഗീതാനന്ദന്. പേരുകേട്ട തുള്ളല്‍ കലാകാരനായിരുന്നിട്ടും ദാരിദ്ര്യം ബാക്കിയായ അച്ഛന്റെ കത്തുമായി വീടുകള്‍ കയറിയ ഗീതാനന്ദന് പരിഹാസങ്ങളും അവഗണനകളുമാണ് പലപ്പോഴും നേരിടേണ്ടി വന്നത്. ഒരു വീട്ടില്‍ ചെന്നപ്പോള്‍ കത്തു വായിച്ചിട്ട് വീട്ടുടമസ്ഥന്‍ ഗീതാനന്ദനെ നോക്കി പറഞ്ഞു. ഇനി ഈ കത്തുമായി നീ ആരുടെ അടുത്തും പോകരുത്, ഫീസ് ഞാന്‍ തരാം.

Advertisements

തുള്ളലിനെ ജീവനോളം പ്രണയിച്ച ഗീതാനന്ദന്റെ സ്വപ്നങ്ങള്‍ക്ക് പച്ചക്കൊടി കാട്ടിയ ആ മനുഷ്യന്‍ കലാമണ്ഡലത്തിലെ പഠനകാലത്ത് മുഴുവന്‍ ഫീസും കൊടുത്തു. പിന്നീട് പ്രശസ്തരായ നിരവധി വ്യക്തികളുടെ ഗുരുവായി മാറി കലാമണ്ഡലം ഗീതാനന്ദന്‍, ജോലിയില്‍ നിന്നു വിരമിച്ച് കലാമണ്ഡലത്തിന്റെ പടിയിറങ്ങുന്ന ദിവസം ഗീതാനന്ദന്‍ നിറമനസ്സോടെ പറഞ്ഞു. ‘ഞാന്‍ ഇന്ന് വിരമിക്കുന്നു. ഈ കല പഠിക്കാന്‍ എന്നെ സഹായിച്ച ശ്രീധരേട്ടനെന്ന ആ വലിയ മനുഷ്യന്‍ ഇപ്പോഴും ഓടിക്കൊണ്ടേയിരിക്കുന്നു’. അന്ന് ഇന്ത്യന്‍ റെയില്‍വേയില്‍ എന്‍ജിനീറായിരുന്ന ശ്രീധരേട്ടനാണ് ഇന്നത്തെ മെട്രോമാനെന്ന് ആ പോതുവേദിയില്‍ വെച്ചാണ് ഗീതാനന്ദന്‍ വെളിപ്പെടുത്തിയത്.

Advertisement