ജന്മനാടായ ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് ലോകകപ്പിന് തുടക്കമായതോടെ ഇനിയുള്ള നാളുകള്‍ ക്രിക്കറ്റ് ആരാധകരെല്ലാം ആവേശലഹരിയിലായിരിക്കും.
വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീമുകളില്‍ ഒന്നായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
എന്നാല്‍ അതേ സമയം തന്നെ ക്രിക്കറ്റ് അവതാരകരും ഒരുങ്ങിക്കഴിഞ്ഞു. വിരമിച്ച പല പ്രമുഖ ക്രിക്കറ്റ് താരങ്ങളും കമന്റേറ്റര്‍മാരുടെ വേഷത്തിലുണ്ടെങ്കിലും ചില വനിതാ കമന്റേറ്റര്‍മാരും ഇക്കുറി ആരാധക ശ്രദ്ധയാകര്‍ഷിക്കും.
ഇത്തവണ ലോകകപ്പില്‍ ഐസിസി ഔദ്യോഗികമായിത്തന്നെ അഞ്ചു പേരുടെ പട്ടികയും പുറത്തുവിട്ടുകഴിഞ്ഞു.
കളി പറയാന്‍ മൂന്നു വനിതാ കമന്റേറ്റര്‍മാരും മല്‍സരത്തിനു മുമ്പും ഇന്നിങ്‌സിനിടയിലും മല്‍സരത്തിനുശേഷവുമുള്ള ചര്‍ച്ചകള്‍ നിയന്ത്രിക്കാന്‍ രണ്ട് അവതാരകരും.
താരങ്ങളുടെ അഭിമുഖവും ടൂര്‍ണമെന്റിനിടെ ആവേശകരമായ പരിപാടികളുമായി ഇവര്‍ രംഗത്തുണ്ടാകും. അഞ്ചുപേരില്‍ രണ്ടുപേര്‍ ഇന്ത്യയില്‍ നിന്നാണ്;
മായന്ദി ലാംഗറും മുംബൈ സ്വദേശിനി റിഥിമ പതകും. ഇവരില്‍ ക്രിക്കറ്റ് താരങ്ങളെപ്പോലെ തന്നെ പ്രശസ്തയാണ് മായന്ദി.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം സ്റ്റുവര്‍ട് ബിന്നിയുടെ ഭാര്യയായ മായന്ദി ലാംഗര്‍ ഇന്ത്യന്‍ കായിക പ്രേമികള്‍ക്ക് കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി സുപരിചിതയാണ്.
2010 ഫുട്‌ബോള്‍ ലോകകപ്പിലായിരുന്നു മായന്ദിയുടെ അരങ്ങേറ്റം; താരമായല്ല, അവതാരകയായി. പുരുഷ താരങ്ങളും അവതാരകരും അടക്കിഭരിക്കുന്ന ലോകത്തെ വനിതാ സാന്നിധ്യം.
സവിശേഷമായ അവതരണ ശൈലിയും ചടുലമായ സംസാരവും ഫാഷന്‍ ട്രെന്‍ഡ് സൃഷ്ടിക്കുന്ന വസ്ത്രധാരണ ശൈലിയും കൊണ്ട് വളരെപ്പെട്ടെന്നാണ് മായന്ദി ആളുകളുടെ മനസ്സില്‍ ഇടംപിടിച്ചത്.
പിന്നീടിങ്ങോട്ട് വിവിധ കായിക മത്സരങ്ങളില്‍ പ്രത്യേകിച്ച് ക്രിക്കറ്റ് അവതരണത്തില്‍ മായന്ദി ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് പറ്റില്ലെന്നായി.
ഡല്‍ഹിയില്‍ ജനിച്ച മായന്ദിക്ക് കായികമല്‍സരങ്ങളില്‍ താല്‍പര്യം ജനിക്കുന്നത് അമേരിക്കയില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍.
ഫുട്‌ബോളിലായിരുന്നു ആദ്യകമ്പം. കോളജ് ഫുട്‌ബോള്‍ ടീം അംഗമായിട്ടുണ്ട്. പക്ഷേ, കഴിവു തെളിയിച്ചത് ഫിഫ നടത്തിയ ബീച്ച് ഫുട്‌ബോള്‍ അവതാരകയായി.
അരങ്ങേറ്റം സീ സ്‌പോര്‍ട്‌സിലേക്ക് അവര്‍ക്ക് വാതില്‍ തുറന്നു. തുടര്‍ന്നു സീ നെറ്റ് വര്‍കിനുവേണ്ടി വിവിധ മല്‍സരങ്ങള്‍ അവതരിപ്പിച്ചും താരങ്ങളെ അവതരിപ്പിച്ചുമെല്ലാം മായന്ദി മുന്നോട്ട്.
2010-ല്‍ ഫിഫ വേള്‍ഡ് കപ് ഇന്ത്യയില്‍ അവതരിപ്പിച്ച സംഘത്തില്‍ മായന്ദിയും ഉള്‍പ്പെട്ടു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചാരു ശര്‍മയ്‌ക്കൊപ്പം അണിനിരന്ന അവര്‍ ഇന്ത്യയില്‍ നടന്ന 2011 ലെ ലോക കപ്പിലും കഴിവു തെളിയിച്ചു.
2012 ല്‍ സ്റ്റുവര്‍ട്ട് ബിന്നിയെ വിവാഹം കഴിച്ച മായന്ദി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ അവിഭാജ്യ ഘടകമായിരുന്നു.
തട്ടുപൊളിപ്പന്‍ പരിപാടികളുമായി ഐപിഎല്ലിന്റെ അണിയറയില്‍ നിറഞ്ഞുനിന്ന അവര്‍ ലോകതാരങ്ങളേക്കാള്‍ പ്രശസ്തിയോടെ ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
ഐപിഎല്‍ അവസാനിച്ച് ചെറിയ ഇടവേളയ്ക്കുശേഷം ലോകകപ്പ് തുടങ്ങവേ വീണ്ടും മായന്ദി ക്രിക്കറ്റ് മൈതാനങ്ങളിലേക്ക് ഇറങ്ങുകയാണ്.
കളിക്കാനല്ല, കളി പൂര്‍ണമായി മനസ്സിലാക്കാനും ആസ്വദിക്കാനും സഹായിയായി. സുഹൃത്തായി. ഒപ്പം വിരസ നിമിഷങ്ങളെപ്പോലും അവേശമുള്ളതാക്കുന്ന പ്രിയസാന്നിധ്യമായി.
ക്രിക്കറ്റില്‍ ആഴത്തിലുള്ള അറിവാണ് മായന്ദിയുടെ കരുത്ത്. ഒപ്പം മല്‍സരം മനസ്സിലാക്കാനുള്ള കഴിവും. താരങ്ങളുമായുള്ള അടുപ്പവും അവരെക്കുറിച്ചുള്ള സൂക്ഷ്മമായ അറിവും കൂടിയാകുന്നതോടെ കമന്റേറ്റര്‍മാരായി തിളങ്ങുന്ന മുന്‍ താരങ്ങളേക്കാള്‍ മുന്നിലാണ് മായന്ദി.
സൈനബ് അബ്ബാസ്, എല്‍മ സ്മിത്ത്. പിയ ജന്നത്തുള്‍ എന്നിവര്‍ക്കൊപ്പം അവതാരകരിലെ മറ്റൊരു സാന്നിധ്യം മുംബൈക്കാരി റിഥിമ പഥക്കാണ്.
റേഡിയോ ജോക്കിയായി കരിയറിനു തുടക്കം കുറിച്ച റിഥിമ സ്റ്റാര്‍ സ്‌പോര്‍ട്‌സ്, സോണി സിക്‌സ്, ടെന്‍ സ്‌പോര്‍ട്‌സ്, സി സ്റ്റുഡിയോ ഉള്‍പ്പെടെയുള്ള ചാനലുകളുടെ അവതാരക ടീം അംഗമാണ്.
ഒരുവര്‍ഷം മുമ്പു നടന്ന ഏഷ്യന്‍ ഗെയിംസിലും അവതാരകയായിട്ടുണ്ട്. എന്തായാലും ഇത്തവണത്തെ ലോകകപ്പ് പൊളിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.