കോഹ്ലി നിങ്ങള്‍ കൊല മാസാണ്; രാജാവിനെ മുട്ടുകുത്തിച്ച പടനായകനെ പോലെ! കൈയ്യടിച്ച് ക്രിക്കറ്റ് ലോകം

18

കളിതുടങ്ങി രണ്ടാം ഓവറില്‍ തന്നെ ക്രീസിലെത്തുക, ധോണിയടക്കമുള്ള വമ്പന്മാരുടെ വിക്കറ്റുകള്‍ കൊഴിയുമ്പോഴും പ്രതിരോധിക്കാതെ ഒഴുക്കോടെ ബാറ്റ് ചെയ്യുക ഒടുവില്‍ അര്‍ഹിച്ച സെഞ്ചുറി നേടി ടീമിനെ ഭദ്രമായ നിലയിലെത്തിക്കുക’. ഇതാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി.

മുന്നില്‍ നിന്ന് നയിച്ചാല്‍ മാത്രം പോരാ, ബുദ്ധിമാനായ ഒരു കപ്പിത്താന്റെ പരിവേഷവും നായകനുണ്ടാകണം. ഇങ്ങനെയുള്ള റോളുകള്‍ സ്വയം ഏറ്റെടുക്കുന്നയാളെ ‘കിംഗ്’ കോഹ്ലി എന്നു വിളിക്കുന്നതില്‍ അതിശയമില്ല.

Advertisements

48 ാമത് ഓവറിലെ ആദ്യ പന്തില്‍ കമ്മിന്‍സിന് വിക്കറ്റ് നല്‍കി കൂടാരം കയറുമ്പോള്‍ കോഹ്ലി രാജാവല്ലായിരുന്നു. എതിരാളികളുടെ പേടി സ്വപ്നമായ പടനായകന്റെ പരിവേഷമായിരുന്നു അയാള്‍ക്ക്.

ഒരറ്റം തകരുമ്പോള്‍ മറുവശത്ത് നങ്കൂരമിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ അടിച്ചു കൂട്ടിയത് 116 റണ്‍സ്. ബാറ്റിംഗിന് അനുകൂലമെന്ന് വിലയിരുത്തലുണ്ടായിരുന്ന നാഗ്പൂരില്‍ ഒരു സിക്‌സ് പോലും വിരാട് നേടിയില്ല. സ്വന്തമാക്കിയത് 10 ഫോറുകള്‍ മാത്രമാണെന്നത് കോഹ്ലിയുടെ ബാറ്റിംഗിന്റെ താളവും ഒഴുക്കും വ്യക്തമാക്കുന്നു.

വിശ്വസ്ഥനായ രോഹിത് ശര്‍മ്മ അനാവശ്യ ഷോട്ട് കളിച്ച് ഒന്നാം ഓവറിലെ അവസാന പന്തില്‍ പുറത്തായതിന് പിന്നാലെയാണ് കോഹ്ലി ക്രീസിലെത്തുന്നത്. ഫോമിലേക്ക് മടങ്ങി എത്തിയെന്ന് തോന്നിച്ചെങ്കിലും ധവാന്‍ അതിവേഗം കൂടാരം കയറി. പിന്നാലെ എത്തിയ റായുഡു പരാജയമായപ്പോള്‍ ലോകകപ്പ് സ്‌ക്വാഡിലേക്ക് കണ്ണും നട്ടിരിക്കുന്ന വിജയ് ശങ്കര്‍ ലഭിച്ച അവസരം മുതലെടുത്തു.

മികച്ച ഇന്നിംഗ്സുമായി മുന്നേറിയ വിജയ് ശങ്കര്‍ കോഹ്ലിയുമായുണ്ടായ ആശയക്കുഴപ്പത്തില്‍ പുറത്താകുമ്പോള്‍ ഇന്ത്യയുടെ നില ഭദ്രമായിരുന്നു. പിന്നാലെയാണ് ഇന്നിംഗ് തകര്‍ന്നു വീണത്. സാമ്പയുടെ കുത്തി തിരിയുന്ന പന്തിനോട് ‘സുല്ല്’ പറഞ്ഞ് കേദാര്‍ ജാദവ് മടങ്ങിയതിന് പിന്നാലെ ക്രീസില്‍ എത്തിയത് സാക്ഷാല്‍ മഹേന്ദ്ര സിംഗ് ധോണി.

അടുത്തകാലത്തായി ഓസീസിനെ കടന്നാക്രമിച്ച് കളിക്കുന്ന മുന്‍ ക്യാപ്റ്റന്‍ കോഹ്ലിക്കൊപ്പം പടുകൂറ്റന്‍ ഇന്നിംഗ്‌സ് കെട്ടിപ്പെടുക്കുമെന്ന പ്രതീക്ഷ ആരാധകര്‍ക്കുണ്ടായിരുന്നു. എന്നാല്‍, ആദ്യ പന്തില്‍ തന്നെ സാമ്പയ്ക്ക് വിക്ക്റ്റ് നല്‍കി ധോണി തിരിഞ്ഞു നടന്നു.

ഇവിടെ നിന്നാണ് കോഹ്ലിയെന്ന രക്ഷന്റെ മികച്ച ഇന്നിംഗ്സ് പിറന്നത്. വിക്കറ്റുകള്‍ കൊഴിയുമ്പോഴും ഒരു ഘട്ടത്തിലും ആ ബാറ്റിന് പിഴച്ചില്ല. ഇന്ത്യന്‍ ക്യാപ്റ്റന്റെ വിക്കറ്റുകള്‍ പോക്കറ്റിലാക്കുന്ന സാമ്പയ്ക്ക് പോലും ഇത്തവണ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇന്ത്യന്‍ ഇന്നിംഗ് ഒറ്റയ്ക്ക് ചുമലിലേറ്റുന്ന നായകന്റെ ഇന്നിംഗ്സ് ആസ്വദിക്കുക മാത്രമായിരുന്നു കങ്കാരുക്കള്‍ക്ക് ചെയ്യാനുണ്ടായിരുന്നു.

നിലയുറപ്പിച്ച കോഹ്ലിയെ വീഴ്ത്താന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ ഇന്ത്യന്‍ ക്യാപ്റ്റന് പിഴയ്ക്കുന്ന ഒരു പന്തിനായി കാത്തിരിക്കേണ്ട ഗതികേടിലായിരുന്നു ഓസീസ് ബോളര്‍മാര്‍.

അനാവശ്യമായ ഒരു ഷോട്ട് പോലും ആ ബീറ്റില്‍ നിന്ന് പിറന്നില്ല എന്നത് മറ്റൊരു ക്ലാസ് ഇന്നിംഗ്സിന്റെ തെളിവായിരുന്നു.

ടീമിനെ മാന്യമായ നിലയിലെത്തിക്കുന്നത് വരെ ഒരു ഘട്ടത്തില്‍ പോലും അദ്ദേഹത്തിന് പിഴച്ചില്ല. ഒടുവില്‍ ഡ്രസിംഗ് റൂമിലേക്ക് തിരിച്ചു നടക്കുമ്പോള്‍ കോഹ്ലിയുടെ മറ്റൊരു ബ്രില്യന്റ് ഇന്നിംഗ്‌സ് എന്നു മാത്രമായിരുന്നു കമന്ററേറ്റര്‍മാര്‍ക്ക് പറയാനുണ്ടായിരുന്നത്.

Advertisement