കുന്ദമംഗലം: ഒറ്റക്കെട്ടായി നിന്നാണ്കേരളത്തിലെ ജനങ്ങൾ പെരുമഴയെയും വെള്ളപ്പൊക്കത്തെയും അതിജീവിച്ചത്. പ്രളയക്കെടുതികൾ റിപ്പോർട്ട് ചെയ്ത വാർത്തകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ലോകം കേരളജനതയുടെ ഒരുമയെ അടുത്തറിഞ്ഞു. പ്രളയത്തെ അതിജീവിക്കാൻ ശ്രമിക്കുന്നവർക്ക് സങ്കടങ്ങൾക്കിടയിലും പുഞ്ചിരിക്കാൻ കഴിയുന്ന ഒരു വാർത്തയാണ് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വ്യത്യസ്തമായ ഒരു കല്യാണക്കഥയെക്കുറിച്ചാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
ഫിറോസിന്റെ കുറിപ്പ് വായിക്കാം;
എന്റെ നാട്ടിൽ നടന്ന ഒരു കല്ല്യാണത്തെ കുറിച്ചാണ് പറയുന്നത്. ഈ പ്രളയക്കെടുതിയിലാണോ കല്ല്യാണത്തെ കുറിച്ച് പറയുന്നത് എന്ന് മുഖം ചുളിക്കാൻ വരട്ടെ. ഈ കല്യാണം വേറെയാണ്. ഇത് മജീദ്ക്ക, മകൾ മഞ്ജുവിനെ കല്യാണം കഴിപ്പിച്ച കഥയാണ്. കഥയല്ല കാര്യം!
കുന്ദമംഗലത്തിനടുത്തുള്ള പെരിങ്ങളത്തെ മജീദ്ക്കയും റംലത്തയും പത്താം വയസ്സു മുതൽ എടുത്തു വളർത്തിയതാണ് മഞ്ജുവിനെ. മകളെപ്പോലെയല്ല മകളായി തന്നെ. മകനും നിയോജക മണ്ഡലം എം.എസ്.എഫ് സെക്രട്ടറിയുമായ ജുനൈദിന് അങ്ങനെ മഞ്ജു സഹോദരിയായി. എം.എൽ.ടി വരെ നല്ല വിദ്യാഭ്യാസവും നൽകി. ഒടുവിൽ ജോലിയും ലഭിച്ചു.
ഇന്ന് മഞ്ജുവിന്റെ വിവാഹമായിരുന്നു. എല്ലാം ഹിന്ദു മത ആചാര പ്രകാരം. കൂഴക്കോട് നരസിംഹ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. വിവാഹം ആഘോഷമാക്കാനായിരുന്നു നാട്ടുകാർ ആഗ്രഹിച്ചിരുന്നതെങ്കിലും പ്രളയക്കെടുതി മൂലം ഉപേക്ഷിച്ചു. എങ്കിലും നാട്ടുകാരും ഞങ്ങൾ കുറച്ചു പേരും സൽക്കാരത്തിൽ പങ്കാളികളായി.
മതത്തിന്റെയും ജാതിയുടെയും വേലി പൊളിച്ചെറിയാൻ പലർക്കും പ്രളയം വരേണ്ടി വന്നുവെങ്കിൽ ഇങ്ങിനെയും മനുഷ്യർ ഈ നാട്ടിലുണ്ടെന്നത് വലിയ പ്രതീക്ഷയാണ്. മജീദ്ക്കയെയും റംലത്തെയും കുടുംബത്തെയും ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. ഒപ്പം മഞ്ജുവിനും വരൻ സുബ്രഹ്മണ്യനും സന്തോഷകരമായ ജീവിതം ആശംസിക്കുന്നു.