പ്രവാസി വ്യവസായി എന്നതിനേക്കാൾ മലയാളികൾക്ക് ജീവകാരുണ്യ പ്രവർത്തകൻ എന്ന നിലയിലാണ് എംഎ യൂസഫലിയെ അറിയുക. അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനത്തിന്റെ മികവ് നേരിട്ടറിഞ്ഞ ആയിരക്കണക്കിന് ആളുകളാണ് ഇന്നുള്ളത്.
അദ്ദേഹത്തിന്റെ സന്മനസ് പോലെ തന്നെ അദ്ദേഹത്തിന്റെ വ്യവസായവും വളരെ ഉയരത്തിലേക്ക് വളരുകയാണ്. ഇപ്പോഴിതാ കേരളത്തിലെ അഞ്ചാമത്തെ ലുലു ഷോപ്പിങ് കേന്ദ്രം ഇന്നലെ പാലക്കാട് ആരംഭിച്ചിരിക്കുകയാണ്.
പാലക്കാട് ലുലുമാൾ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഇരു കൈകളുമില്ലാത്ത പാലക്കാട് സ്വദേശി പ്രണവിനെ എംഎ യൂസഫലി സഹായിച്ചതിന്റെ വാർത്തയാണ് സോഷ്യൽമീഡിയയുടെ മനംനിറയ്ക്കുന്നത്.
ഉദ്ഘാടനത്തിനെത്തിയ യൂസഫലിയെ കണ്ടതും പ്രണവ് കാലുകൾകൊണ്ട് സെൽഫിയെടുക്കുകയായിരുന്നു. തുടർന്ന് പ്രണവ് സാറിൽ നിന്ന് ഒരു സഹായം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
തന്റെ ജീവിതത്തിലെ വലിയ ഒരു ആഗ്രഹം പറഞ്ഞുകൊണ്ട് പ്രണവ് കരയുകയായിരുന്നു, തനിക്കൊരു ജോലിയില്ലാ എന്നതാണ് പ്രണവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം,. തനിക്ക് ഒരു ജോലി കിട്ടിയിട്ട് വേണം അച്ഛനെ സഹായിക്കാൻ എന്നാണ് തൊണ്ടയിടറിക്കൊണ്ട് പ്രണവ് പറഞ്ഞത്.
ആ വാക്കുകൾ കേട്ട ആ നിമിഷം ഉറപ്പായും നിനക്ക് ജോലി ലഭിച്ചിരിക്കുമെന്ന് യൂസഫലി പറയുകയും, പ്രണവിന്റെ ജോലി കാര്യത്തിനുള്ള നിർദേശം അദ്ദേഹം അപ്പോൾ തന്നെ നൽകുകയും ചെയ്തു.
പ്രണവിനെ ചേർത്തിരുത്തികൊണ്ട് മോന് എന്ത് ജോലിയാണ് വേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. തുടർന്ന് എന്തും ചെയ്യാൻ കോൺഫിഡൻസുണ്ട് എന്നായിരുന്നു അവന്റെ ഹൃദയം നിറയ്ക്കുന്ന വാക്കുകൾ. ഉടനെ തന്നെ യൂസഫലി ജീവനക്കാരനോട് പ്രണവിന് ചെയ്യാനാകുന്ന ജോലി നൽകാൻ നിർദേശം നൽകുകയായിരുന്നു.
അടുത്ത തവണ മാളിൽ വരുമ്പോൾ പ്രണവ് മാളിൽ ജോലി ചെയ്യുന്നത് കാണണമെന്നും അദ്ദേഹം പറയുകയും ചെയ്തു. പ്രണവ് കാലുകൊണ്ട് വരച്ച യൂസഫലിയുടെ ചിത്രവും അദ്ദേഹത്തിന് സമ്മാനിച്ചു. എംഎൽഎ ഷാഫി പറമ്പിലും പരിപാടിയിൽ പങ്കെടുത്തിരുന്നു.
പാലക്കാടിന്റെ കർഷകർക്ക് പദ്ധതി കൈതാങ്ങാകുമെന്നും 1400 പേർക്കാണ് പുതിയ തൊഴിലവസരം ലഭിച്ചതെന്നും അധികൃതർ വ്യക്തമാക്കി.