തിരുവനന്തപുരം: വാഹനാപകതടത്തില്‍ മരണമടഞ്ഞ വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെ വിയോഗം അദ്ദേഹത്തെ അടുത്ത് അറിയാത്തവര്‍ക്ക് പോലും ഇപ്പോഴും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. ബാലു ഓര്‍മ്മയായിട്ട് പത്ത് ദിവസങ്ങളാകുന്നു. ഇപ്പോഴും സോഷ്യല്‍ മീഡിയ ചുമരുകളില്‍ ബാലുവും വയലിനിലെ മാന്ത്രിക പ്രകടനങ്ങളും തന്നെ.
പലയിടത്തായി ബാലുവിനെ അനുസ്മരിച്ച് കൊണ്ട് സുഹൃത്തുക്കളും ആരാധകരും പരിപാടികള്‍ സംഘടിപ്പിക്കുന്നു. ബാലുവിനും മകള്‍ തേജസ്വിനിക്കും വേണ്ടി കണ്ണീരൊഴുക്കുമ്ബോള്‍ തന്നെ ലക്ഷ്മി ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ലക്ഷ്മിയുടെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതര്‍ പുറത്ത് വിട്ട ഏറ്റവും പുതിയ വിവരങ്ങള്‍ ഇവയാണ്.
സെപ്റ്റംബര്‍ 22ാം തിയ്യതി അപകടം നടന്നത് മുതല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി. ലക്ഷ്മിയുടെ ആന്തരികാവയവങ്ങള്‍ക്കടക്കം പരിക്ക് പറ്റിയിട്ടുണ്ടായിരുന്നു. ശരീരത്തില്‍ നിരവധി ഇടങ്ങളില്‍ മുറിവുകളും ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് ലക്ഷ്മിക്ക് ബോധം വീണത്. കണ്ണ് തുറന്നെങ്കിലും സംസാരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ലക്ഷ്മി. ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്ന് ഐസിയുവിലേക്ക് മാറ്റി. കൃത്രിമ സഹായമില്ലാതെ ശ്വസിക്കാനടക്കം ലക്ഷ്മിക്ക് ഇപ്പോള്‍ സാധിക്കുന്നുണ്ട്.
ഒക്ടോബര്‍ 8ന് ആയിരുന്നു ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്ന് നീക്കം ചെയ്തത്. വയറിന്റെ ഭാഗത്തുണ്ടായിരുന്ന ഗുരുതരമായ പരിക്കുകളൊക്കെ ഭേദപ്പെട്ട് തുടങ്ങിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുന്നു. ലക്ഷ്മിയുടെ കൈ മുട്ടുകള്‍ക്കും കാലിനും നടത്തിയ ശസ്ത്രക്രിയകള്‍ വിജയകരമായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.
ആദ്യം ദ്രവരൂപത്തിലുള്ള ഭക്ഷണങ്ങള്‍ കഴിച്ച് തുടങ്ങിയ ലക്ഷ്മി ഇപ്പോള്‍ ലഘുഭക്ഷണ സാധനങ്ങള്‍ കഴിച്ച് തുടങ്ങിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ലക്ഷ്മിക്ക് ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കും. ബാലഭാസ്‌കറിന്റെയും ലക്ഷ്മിയുടേയും മാതാപിതാക്കളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ലക്ഷ്മിക്ക് ആശ്വാസവുമായി അടുത്തുണ്ട്.
വെന്റിലേറ്ററില്‍ നിന്നും മാറ്റിയതിന് പിന്നാലെ ബാലുവിന്റെയും മകളുടേയും മരണവാര്‍ത്ത ലക്ഷ്മിയുടെ അമ്മ ഓമനകുമാരി അറിയിച്ചിരുന്നു. ഡോക്ടര്‍മാരുടെ കൂടി സാന്നിധ്യത്തിലായിരുന്നു ആ ദുരന്തം ലക്ഷ്മിയെ അറിയിച്ചത്. എന്നാല്‍ എല്ലാവരും കരുതിയത് പോലെ പൊട്ടിക്കരച്ചിലോ അതുപോലുളള പ്രതികരണങ്ങളോ ലക്ഷ്മിയില്‍ നിന്നും ഉണ്ടായില്ല.
തികച്ചും നിര്‍വികാരയായാണ് ലക്ഷ്മി ആ വേദനിപ്പിക്കുന്ന വിവരം കേട്ടത്. ലക്ഷ്മിയുടെ ഉപബോധ മനസ്സ് ആ സത്യം ഉള്‍ക്കൊള്ളാത്തത് കൊണ്ടാവണം പ്രതികരണം പുറത്ത് വരാത്തത് എന്ന് ഡോക്ടര്‍മാര്‍ കരുതുന്നു. ലക്ഷ്മിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരിക എന്ന ശ്രമകരമായ ദൗത്യമാണ് ബാലുവിന്റെ അച്ഛനമ്മമാരായ ശാന്തകുമാരിക്കും സികെ ഉണ്ണിക്കും, ലക്ഷ്മിയുടെ മാതാപിതാക്കളായ ഓമനകുമാരിക്കും സുന്ദരേശന്‍ നായര്‍ക്കും മുന്നിലുള്ളത്.
തിരുവനന്തപുരത്തെ തിരുമല വിജയമോഹിനി മില്ലിന് സമീപത്ത് എല്‍ഐസി ലെയ്‌നില്‍ ഹിരണ്‍മയ എന്ന വീട് ഇത്രയും നാള്‍ ബാലുവിന്റെ സംഗീതവും ജാനി മോളുടെ കളിയും ചിരിയും നിറഞ്ഞതായിരുന്നു. ഇനി ആ വീട്ടില്‍ മരണം അവശേഷിപ്പിച്ച ശൂന്യത മാത്രമാണുള്ളത്. ആ ശൂന്യതയില്‍ നിന്ന് വേണം ലക്ഷ്മിക്ക് ഇനി ജീവിച്ച് തുടങ്ങാന്‍.
ഉറ്റവരും ബാലുവിന്റെ സുഹൃത്തുക്കളും ലക്ഷ്മിക്ക് കരുത്തേകാന്‍ ഒപ്പം തന്നെയുണ്ട്. ബാലു ഇനി ലക്ഷ്മിയിലൂടെ ജീവിക്കും എന്നാണ് സ്റ്റീഫന്‍ ദേവസ്സി അടക്കമുള്ള സുഹൃത്തുക്കള്‍ ആശ്വസിക്കുന്നത്. ബാലുവിന്റെയും മകളുടേയും മരണം ഉള്‍ക്കൊണ്ട് ജീവിതത്തിലേക്ക് തിരികെ വരാന്‍ ലക്ഷ്മിക്ക് സമയമെടുക്കും എന്ന് സ്റ്റീഫന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ പറയുകയുണ്ടായി.