കോട്ടയം: മൂന്ന് വര്‍ഷത്തെ പ്രണയജീവിതത്തിനൊടുവില്‍ നീനുവും കെവിനും രജിസ്റ്റര്‍ വിവാഹത്തിന് മുതിര്‍ന്നത് നീനുവിന്റെ വീട്ടുകാര്‍ എതിര് നിന്നതോടെ. സംരക്ഷണം തേടിയെത്തിയപ്പോള്‍ പോലീസും വില്ലനായതോടെ ഇവരുടെ ദാമ്ബത്യജീവിതത്തിന് മൂന്ന് ദിവസത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സ്ഥലത്തുള്ള സമയത്താണ് കേരളത്തെ പിടിച്ചുകുലുക്കിയ ദുരഭിമാനക്കൊലയെന്നതും സംഭവത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ തന്നെ പാര്‍ട്ടിക്കാരാണ് ഉള്ളതെന്നതും ഗൗരവം വര്‍ധിക്കുന്നു.
കൊല്ലം തെന്മല സ്വദേശിനിയും ബിരുദവിദ്യാര്‍ത്ഥിനിയുമായ നീനു മൂന്ന് വര്‍ഷമായി കെവിനുമായി പ്രണയത്തിലായിരുന്നു. ഇക്കാര്യം വീട്ടുകാരെ അറിയിച്ചിരുന്നില്ല. നീനുവിന് മറ്റൊരു വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചതോടെയാണ് വിവാഹം കഴിക്കാമെന്ന തീരുമാനത്തില്‍ ഇരുവരും എത്തിയത്. ഇതേതുടര്‍ന്ന് വ്യാഴാഴ്ച്ച ഏറ്റുമാനൂരില്‍ വെച്ച് രജിസ്റ്റര്‍ വിവാഹം ചെയ്തു.
ഹിന്ദു ചേരമര്‍ വിഭാഗത്തില്‍പ്പെട്ട കെവിന്റെ വീട്ടുകാര്‍ പിന്നീട് ക്രിസ്തുമതം സ്വീകരിച്ചവരാണ്. സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന വീട്ടിലെ അംഗമായ കെവിനുമായുള്ള ബന്ധം റോമന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ട സാമ്ബത്തികമായി ഉയര്‍ന്നു നില്‍ക്കുന്ന നീനുവിന്റെ വീട്ടുകാരെ ചൊടിപ്പിക്കുകയായിരുന്നു.
എന്തുകൊണ്ടും ഈ വിവാഹബന്ധത്തില്‍ നിന്ന് നീനുവിനെ പിന്തിരിപ്പിക്കണമെന്നായിരുന്നു ബന്ധുക്കളുടെ തീരുമാനം. തന്റെയടുത്ത് സുരക്ഷിതയല്ലെന്നറിഞ്ഞ കെവിന്‍ നീനുവിനെ ഹോസ്റ്റലില്‍ പാര്‍പ്പിച്ചിരുന്നു. എന്നാല്‍ ഗള്‍ഫില്‍ നിന്നും അവധിക്കെത്തിയ നീനുവിന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ള സംഘം ശനിയാഴ്ച പുലര്‍ച്ചെ പിതൃസഹോദരിയുടെ മകന്‍ അനീഷിന്റെ വീട്ടില്‍ നിന്ന് ഇരുവരെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു.
സംഭവമറിഞ്ഞ നീനു ശനിയാഴ്ച ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും എസ് ഐ ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് മുഖവിലക്കെടുത്തില്ല. പകല്‍ മുഴുവന്‍ കരഞ്ഞുകൊണ്ട് സ്റ്റേഷനിലിരുന്നെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പുനലൂര്‍ ചാലിയേക്കരയില്‍ നിന്ന് മര്‍ദനമേറ്റ നിലയില്‍ കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.