ധോണി കൂടെയുണ്ടെങ്കില്‍ എനിക്കൊന്നിനെയും ഭയമില്ല: കേദാര്‍ ജാദവ്

22

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനം ആറ് വിക്കറ്റിനാണ് ഇന്ത്യ സ്വന്തമാക്കിയത്. അഞ്ചാം വിക്കറ്റില്‍ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവ് മുന്‍ നായകന്‍ എംഎസ് ധോണിയ്‌ക്കൊപ്പം ചേര്‍ന്ന് നടത്തിയ മികച്ച പ്രകടനമാണ് ഹൈദരാബാദില്‍ ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.

Advertisements

141 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. 87 പന്തില്‍ 81 റണ്‍സ് നേടിയ കേദാര്‍ ജാദവ് മത്സരത്തിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ നായകനെ പുകഴ്ത്തി താരം രംഗത്തെത്തിയത്.

യുസ്‌വേന്ദ്ര ചാഹല്‍ ബിസിസിഐയ്ക്കായി നടത്തുന്ന ചാഹല്‍ ടിവി എന്ന പരിപാടിയിലാണ് കേദാര്‍ ജാദവ് തന്നെ പലപ്പോഴും വിജയത്തിലേയ്ക്ക് നയിക്കുന്നത് ധോണിയാണെന്ന് വെളിപ്പെടുത്തിയത്. ധോണി മുന്നിലുണ്ടെങ്കില്‍ തനിയ്ക്ക് പിന്നെ ഒന്നിനെയും പേടിയില്ലെന്നും, എല്ലാം തന്നെ മുമ്പോട്ട് പോയ്‌ക്കോളുമെന്നും ജാദവ് പറയുന്നുണ്ട്.

‘ധോണി പറയുന്നത് എന്തും ഞാന്‍ അനുസരിക്കാറുണ്ട്, അതിലൂടെ ഞാന്‍ ലക്ഷ്യത്തിലെത്തുകയും ചെയ്യും. എങ്ങനെയാണ് ഈ തന്ത്രങ്ങളെല്ലാം കൃത്യമായി മനസിലാക്കുന്നതെന്നും, മറ്റുള്ളവര്‍ക്ക് ഇത്തരത്തില്‍ ആത്മവിശ്വാസം പകരാനും അവസരങ്ങള്‍ ഒരുക്കാനും എങ്ങനെയാണ് പറ്റുന്നതെന്ന് നിങ്ങള്‍ ധോണിയോട് തന്നെ ചോദിക്കണം.

ഞാന്‍ ധോണിയോട് തന്നെ പറഞ്ഞിട്ടുണ്ട് അദ്ദേഹം കൂടെയുണ്ടെങ്കില്‍ എനിക്കൊന്നിനെയും, എത്ര ഉയര്‍ന്ന വിജയലക്ഷ്യത്തെയും ഭയമില്ല എന്ന്. ധോണി മുന്നിലുണ്ടെങ്കില്‍ എല്ലാം തന്നെ മുമ്പോട്ട് പോയ്‌ക്കോളും,’ കേദാര്‍ ജാദവ് പറഞ്ഞു.

ആറ് വിക്കറ്റിനാണ് ഇന്ത്യ ശനിയാഴ്ച സന്ദര്‍ശകരെ പരാജയപ്പെടുത്തിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 237 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി പത്ത് പന്ത് ബാക്കി നില്‍ക്കെ മറികടന്നു.

അര്‍ധ സെഞ്ചുറി നേടിയ കേദാര്‍ ജാദവിന്റെയും മഹേന്ദ്ര സിങ് ധോണിയുടെയും ബാറ്റിങ് മികവിലാണ് ഇന്ത്യ വിജയതീരം തൊട്ടത്. 87 പന്തില്‍ നിന്ന് 81 റണ്‍സാണ് കേദാര്‍ ജാദവിന്റെ സമ്പാദ്യം. ധോണി 72 പന്തില്‍ നിന്നും 59 റണ്‍സും സ്വന്തമാക്കി.

Advertisement