ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് കെ ബി ഗണേഷ്‌കുമാർ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ച ഗണേഷ് കുമാർ കൂടുതലും വില്ലൻ വേഷങ്ങളിലാണ് തിളങ്ങിയത്.
പിതാവ് ബാലകൃഷ്ണപിള്ളയുട പാത പിന്തുടർന്ന് രാഷ്ട്രീയത്തിലുമെത്തിയ ഗണേഷ്‌കുമാർ മന്ത്രിയായും തിളങ്ങിയിരുന്നു. നിലവിൽ പത്തനാപുരം എംഎൽഎ ആണ് അദ്ദേഹം. നടനായി തിളങ്ങുന്നതിനൊപ്പം തന്നെ സാമൂഹിക സേവനത്തിലും ഈ എംഎൽഎ മുൻനിരയിലാണ്. ഇപ്പോവിതാ സ്വന്തം മണ്ഡലത്തിലെ ഒരു റോഡ് ഉദ്ഘാടനത്തിന് എത്തിയ കെബി ഗണേഷ് കുമാർ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് എതിരെ പ്രതികരിച്ചിരിക്കുകയാണ്.
പൊതു വേദിയിൽ വെച്ചായിരുന്നു മന്ത്രി റിയാസിനെതിരെ ഗണേഷ് കുമാർ സംസാരിച്ചിരിക്കുന്നത്. പത്തനാപുരം നിയോജക മണ്ഡലത്തിലെ കോക്കുളത്ത് ഏല-പട്ടമല റോഡിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് വിമർശനം നടത്തിയത്.
മന്ത്രി റിയാസ് എംഎൽഎയായ തന്റെ ആവശ്യങ്ങൾ ഒന്നും അംഗീകരിക്കുന്നില്ലെന്നും തന്നെ മാത്രമല്ല തന്നെപ്പോലുള്ള മുതിർന്ന എംഎൽഎമാരെ മന്ത്രി പരിഗണിക്കുന്നില്ലെന്നുമാണ് ഗണേഷ് കുമാർ പറഞ്ഞത്.
റോഡിന്റെ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി റിയാസിന്റെ ചിത്രം സംഘാടകർ വച്ചിരുന്നു. എന്നാൽ, ഇവിടെ മുൻ മന്ത്രി ജി സുധാകരന്റെ ചിത്രമാണ് വയ്ക്കേണ്ടതെന്നും റിയാസിന്റെ ചിത്രം വയ്ക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
താൻ കോവിഡ് ലോക്ഡൗൺകാലത്ത് ജി സുധാകരന്റെ വീട്ടിൽ പോയപ്പോൾ അദ്ദേഹം ആദ്യം എതിർപ്പ് പറഞ്ഞു. പിന്നീട് ഹൽവ തരുകയും സ്‌നേഹത്തോടെ സംസാരിക്കുകയും റോഡിനു ഫണ്ട് അനുവദിക്കാമെന്നു ഉറപ്പു തരികയും ചെയ്തു.
ALSO READ- സ്‌കൂൾ കാലം തൊട്ട് ഈ യുവനടന്റെ ഫാൻ ബോയ് ആണ്; അച്ഛനെ കാണുന്നത് താരമായിട്ട്: ഗോകുൽ സുരേഷ്
അദ്ദേഹത്തിനുള്ള നന്ദി കൈയടികളോടെ നാം അറിയിക്കണം. ജി സുധാകരൻ ആവശ്യമായ പരിഗണന നൽകിയിരുന്നു. പക്ഷെ ഇപ്പോഴത്തെ അവസ്ഥ അതൊന്നുമല്ല, ആവശ്യമുള്ളതൊന്നും നൽകുന്നില്ല. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. തന്നെപ്പോലെ സീനിയറായ ഒരു എംഎൽഎയോട് അദ്ദേഹം സ്വീകരിക്കുന്ന നിലപാട് ശരിയല്ലെന്നും ഗണേഷ് കുമാർ വിശദീകരിച്ചു.
നമ്മുടെ നിയമസഭയിൽ തുടർച്ചയായി ജയിച്ചുവന്നവർ അപൂർവമാണ്. താനും വിഡി സതീശനും റോഷി അഗസ്റ്റിനും കോവൂർ കുഞ്ഞുമോനുമാണ് അഞ്ച് തവണ തുടർച്ചയായി ജയിച്ചു വന്നിട്ടുള്ളവർ. സഭയിൽ സീനിയോറിറ്റിയുണ്ടെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാണിച്ചു.
എല്ലാവരും അത് പരിഗണിക്കണം. ഇവരെക്കാളൊക്കെ എത്രയോ മുൻപ്, 20 വർഷം മുമ്പ് മന്ത്രിയായ ആളാണ് താൻ. അതിന്റെ മര്യാദ കാണിക്കണം. പത്തനാപുരം ബ്ലോക്കിൽ 100 മീറ്റർ റോഡ് പോലും 2023 ൽ പിഡബ്ല്യുഡി അനുവദിച്ചില്ല. ഇതിൽ വലിയ നിരാശയുണ്ടെന്നും ഗണേഷ് കുമാർ വിസദീകരിച്ചു.