കോട്ടയം: കുമരകത്ത് മീന്‍ പിടിക്കുന്നതിനിടെ വലയില്‍ കുടുങ്ങിയ മീനിനെ അടിക്കാനുള്ള ശ്രമത്തിനിടെ വള്ളത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനു തലയില്‍ തുഴകൊണ്ട് അബദ്ധത്തില്‍ അടിയേറ്റു ഗുരുതര പരുക്ക്. ആഴത്തില്‍ പരുക്കേറ്റ ചൂളഭാഗം ഏലച്ചിറ ഗോപേഷിനെ (39) മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് തലയില്‍ 26 തുന്നിക്കെട്ടുകളിട്ടു. ബുധനാഴ്ച രാത്രി 10ന് വേമ്പനാട്ടു കായലിലാണു സംഭവം. ഗോപേഷും ചൂളയ്ക്കല്‍ അജിമോനും വൈകിട്ട് ഏഴു മണിയോടെയാണു കായലില്‍ മല്‍സ്യബന്ധനത്തിനായി പോയത്.
10 മണിയോടെ 10 കിലോയോളം തൂക്കമുള്ള കട്ല ഇനത്തില്‍പെട്ട മല്‍സ്യം വലയില്‍ കുടുങ്ങി. എന്നാല്‍, അതിശക്തമായി വല വലിക്കാനും പൊട്ടിക്കാനും മല്‍സ്യം ശ്രമിച്ചതോടെ വള്ളം ആടിയുലഞ്ഞു. വള്ളത്തില്‍ കുനിഞ്ഞു നിന്നു വല സഹിതം മല്‍സ്യത്തെ വലിച്ചു കയറ്റാന്‍ ഗോപേഷ് ശ്രമിക്കുമ്പോള്‍ അബദ്ധത്തില്‍ തുഴകൊണ്ട് തലയ്ക്ക് അടിയേല്‍ക്കുകയായിരുന്നു. അജിമോന്‍ മല്‍സ്യത്തെ ലക്ഷ്യമാക്കി തുഴകൊണ്ടു വെട്ടുന്ന സമയംതന്നെ ഗോപേഷ് കുനിഞ്ഞതാണ് അപകടത്തിന് ഇടയാക്കിയത്.
തലയില്‍ നിന്നു രക്തം വാര്‍ന്നൊഴുകാന്‍ തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ അജിമോന്‍ ഒരു നിമിഷം പകച്ചുപോയി. വലയില്‍ കുടുങ്ങിയ മല്‍സ്യത്തെ അജിമോന്‍ വളരെ പാടുപെട്ടു വള്ളത്തിലിട്ട ശേഷം ഗോപേഷുമായി കരയിലേക്കു പോന്നു. ഇതിനിടെ മൊബൈല്‍ ഫോണില്‍ അജിമോന്‍ സുഹൃത്തുക്കളെ വിവരം അറിയിച്ചു. അവര്‍ ഓട്ടോറിക്ഷയുമായി കായല്‍ തീരത്തിനടുത്തെത്തി ഗോപേഷിനെയും കയറ്റി കോട്ടയത്തെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനാല്‍ ഇവിടെ പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം ഗോപേഷിനെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
വലിയ മല്‍സ്യം വലയില്‍ കുടുങ്ങിയാല്‍ വല പൊളിച്ചു പോകാന്‍ ശ്രമിക്കുന്നത് പതിവാണ്. പഴയ വലയാണെങ്കില്‍ മല്‍സ്യം ഉറപ്പായും പൊളിച്ചു രക്ഷപ്പെടും. ഇങ്ങനെ ശ്രമം നടത്തുന്ന മല്‍സ്യത്തെ വരുതിയിലാക്കാനാണ് മല്‍സ്യത്തൊഴിലാളികള്‍ തുഴകൊണ്ടു വെട്ടുന്നത്. പിടികൂടിയ മല്‍സ്യത്തെ ഉള്‍നാടന്‍ മല്‍സ്യത്തൊഴിലാളി സഹകരണ സംഘം വഴി വില്‍പന നടത്തി. കിലോയ്ക്ക് 150 രൂപവച്ച് 1500 രൂപയ്ക്കാണു മീന്‍ വിറ്റുപോയത്.