തോറ്റെങ്കിലെന്താ, ഈ സ്റ്റമ്പിങ് പോരേ! ധോണിയുടെ കിടിലന്‍ സ്റ്റമ്പിങ്ങില്‍ കണ്ണുതള്ളി ക്രിക്കറ്റ് ലോകം

15

ന്യൂസിലാന്‍ഡിനെതിരായ പരമ്പര കൈവിട്ടെങ്കിലും ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയ ധോണിയുടെ സൂപ്പര്‍ സോണിക് സ്റ്റമ്പിങ്ങാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. വെറും 0.099 സെക്കന്‍ഡിന്റെ റിയാക്ഷനിലാണ് ധോണി ന്യൂസിലാന്‍ഡ് താരം സീഫര്‍ട്ടിന്റെ കുറ്റി തെറിപ്പിച്ചത്.

ന്യൂസീലന്‍ഡ് ഇന്നിങ്‌സിലെ എട്ടാം ഓവറിലാണ് ആരാധകരെ ആവേശത്തിലാക്കിയ ധോണി സ്റ്റമ്പിങ് പിറന്നത്. കുല്‍ദീപ് യാദവിന്റെ മൂന്നാം പന്ത് സീഫര്‍ട്ടിന്റെ പ്രതിരോധം തകര്‍ത്ത് ധോണിയുടെ കൈകളിലേക്ക്.

Advertisements

പിന്നീട്, ക്യാമറയെ പോലും നാണിപ്പിക്കുന്ന രീതിയിലുള്ള വേഗയതയിലാണ് മഹി സീഫര്‍ട്ടിനെ കൂടാരം കയറ്റിയത്. എന്നാല്‍, താരത്തിന്റെ കാല്‍ ലൈനിനടുത്താണെന്നും ലൈനില്‍ തട്ടിയാണ് നില്‍ക്കുന്നതെന്നുമുള്ള വാദം ഇതിനിടെ ഉടലെടുത്തു. എന്നാല്‍, തേര്‍ഡ അമ്പയര്‍ ഔട്ട് വിളിക്കുകയായിരുന്നു.

25 പന്തില്‍ മൂന്നു വീതം ബൗണ്ടറിയും സിക്‌സും സഹിതം സീഫര്‍ട്ട് 43 റണ്‍സെടുത്ത് ആതിഥേയരെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുന്നതിനിടയിലാണ് ധോണി താരത്തെ പുറത്താക്കിയത്. ഐപിഎല്ലിലും രാജ്യത്തിനുമായി ധോണിയുടെ 300ാം മത്സരമായരുന്നു ഇത്. വീഡോയോ കാണാം

ന്യൂസിലാന്‍ഡിനെതിരേ നടക്കുന്ന ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ തോറ്റതോടെ ഇന്ത്യ പരമ്പര കൈവിട്ടു. 213 റണ്‍സ് വിജലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മൂന്നാം മത്സരത്തില്‍ അമ്പേ പരാജയപ്പെട്ടു. ഇതോടെ, മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് കൈവിടുകയായിരുന്നു.

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യയ്‌ക്കെതിരേ ഉശിരോടെയാണ് ആതിഥേയരായ ന്യൂസിലാന്‍ഡ് ബാറ്റ് വീശിയത്. നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് കീവികള്‍ അടിച്ചെടുത്തത്. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ കോളിന്‍ മണ്‍റോയാണ് ന്യൂസീലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മണ്‍റോ 40 പന്തില്‍ അഞ്ചു വീതം ബൗണ്ടറിയും സിക്‌സും സഹിതം 72 റണ്‍സെടുത്തു. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത കുല്‍ദീപ് യാദവ് മാത്രമാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ മികച്ചുനിന്നത്.

ഓപ്പണിങ് വിക്കറ്റില്‍ കോളിന്‍ മണ്‍റോ-ടിം സീഫര്‍ട്ട് സഖ്യവും രണ്ടാം വിക്കറ്റില്‍ കോളിന്‍ മണ്‍റോ- കെയ്ന്‍ വില്യംസന്‍ സഖ്യവും കൂട്ടിച്ചേര്‍ത്ത അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകളാണ് ന്യൂസീലന്‍ഡിന് കൂറ്റന്‍ സ്‌കോറിന് അടിത്തറയിട്ടത്. മണ്‍റോ-സീഫര്‍ട്ട് സഖ്യം 80 റണ്‍സും മണ്‍റോ-വില്യംസന്‍ സഖ്യം 55 റണ്‍സുമാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ന്യൂസീലന്‍ഡ് നിരയില്‍ ബാറ്റെടുത്തവരെല്ലാം മികച്ച സംഭാവന നല്‍കിയാണ് മടങ്ങിയത്.

ടിം സീഫര്‍ട്ട് (25 പന്തില്‍ 43), കെയ്ന്‍ വില്യംസന്‍ (21 പന്തില്‍ 27), കോളിന്‍ ഗ്രാന്‍ഡ്‌ഹോം (16 പന്തില്‍ 30), ഡാരില്‍ മിച്ചല്‍ (11 പന്തില്‍ പുറത്താകാതെ 19), റോസ് ടെയ്‌ലര്‍ (ഏഴു പന്തില്‍ പുറത്താകാതെ 14) എന്നിങ്ങനെയാണ് കിവീസ് താരങ്ങളുടെ പ്രകടനം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തകര്‍ച്ചയോടെയായിരുന്നു തുടക്കം. ആദ്യ ഓവറില്‍ തന്നെ ശിഖര്‍ ധവാന്റെ വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യ ഞെട്ടി. നാല് ബോൡ നിന്ന് അഞ്ച് റണ്‍സായിരുന്നു താരം നേടിയത്. സാന്റനെര്‍ എറിഞ്ഞ ബോളില്‍ ഡാരില്‍ മിച്ചലിന് പിടികൊടുത്താണ് ധവാന്‍ പുറത്തായത്. പിന്നീട് ക്രീസിലെത്തിയ വിജയ് ശങ്കറുമായി രോഹിത് നടത്തിയ കൂട്ടുകെട്ടാണ് ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചത്.

സ്‌കോര്‍ ബോര്‍ഡ് 81ല്‍ നില്‍ക്കെ 43 റണ്‍സെടുത്ത വിജയ് ശങ്കര്‍ പുറത്തായി. സാന്റ്‌നെറിന്റെ പന്തില്‍ ഇത്തവണ ക്യാച്ചെടുത്തത് ഗ്രാന്‍ഡ്‌ഹോമായിരുന്നു. 28 ബോളില്‍ നിന്നാണ് താരം ഇത്രെയും റണ്‍സെടുത്തത്. പിന്നീട് ക്രീസിലെത്തിയ ഋഷഭ് പന്തും കൂറ്റന്‍ അടികള്‍ക്ക് മാത്രമാണ് മുതിര്‍ന്നത്. എന്നാല്‍ ടിക്ക്‌നെറിന്റെ പന്തില്‍ വില്ല്യംസണ് പിടികൊടുത്ത് പന്തും മടങ്ങുകയായിരുന്നു.

എന്നാല്‍, മറുവശത്ത് കൃത്യതയോടെ ബാറ്റ് വീശിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും പുറത്തായതോടെ ധോണി മാജിക്കിലായി ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍, പൊരുതാന്‍ നില്‍ക്കാതെ ധോണിയും കൂടാരം കയറി. കേവലം രണ്ട് റണ്‍സ് മാത്രമാണ് ധോണിയുടെ സമ്പാദ്യം. അവസാന ഓവറുകളില്‍ ക്രുണാല്‍ പാണ്ഡ്യയും ദിനേഷ് കാര്‍ത്തികും പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല.

ന്യൂസിലാന്‍ഡ് ബോളര്‍മാരില്‍ മിച്ചല്‍ സാന്റ്‌നര്‍, ഡാരില്‍ മിച്ചല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ സ്‌കോട്ട് കഗ്ലിയെന്‍, ബ്ലെയര്‍ ടിക്‌നെര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി

Advertisement