ആ ഇടിവെട്ട് റെക്കോര്‍ഡില്‍ ഇനി ധോണി; പിന്നിലാക്കിയത് ഹിറ്റ്മാനെ

21

ഹൈദരാബാദ്: ബാറ്റിങില്‍ മികച്ച ഫോമില്‍ മുന്നേറുകയാണ് വെറ്ററന്‍ താരവും മുന്‍ ഇന്ത്യന്‍ നായകനുമായ മഹേന്ദ്ര സിങ് ധോണി.

ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് പോരാട്ടത്തില്‍ അര്‍ധ സെഞ്ച്വറി നേടി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കാനും ധോണിക്ക് സാധിച്ചു.

Advertisements

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ 72 പന്തില്‍ 59 റണ്‍സെടുത്ത് ധോണി മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ധോണി സ്വന്തമാക്കിയത്.

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 38ാം ഓവറില്‍ ഓസീസ് പേസര്‍ കോള്‍ട്ടര്‍ നെയ്‌ലിനെ അതിര്‍ത്തി കടത്തി ധോണി ഏകദിനത്തിലെ തന്റെ 216ാം സിക്‌സിലെത്തി. രോഹിത് ശര്‍മയുടെ റെക്കോര്‍ഡാണ് ധോണി സ്വന്തം പേരിലാക്കിയത്.

മത്സരം തുടങ്ങും മുന്‍പ് ധോണിയുടെ അക്കൗണ്ടില്‍ 215 സിക്‌സാണുണ്ടായിരുന്നത്. രോഹിത് ശര്‍മ്മയോടൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു ധോണി.

ഓസീസിനെതിരേ ഹൈദരാബാദില്‍ ഒരു സിക്‌സ് അടിച്ച്‌ ധോണി റെക്കോര്‍ഡ് നേട്ടം ഒറ്റയ്ക്ക് സ്വന്തമാക്കുകയായിരുന്നു. അതേസമയം ഈ പരമ്ബരയില്‍ തന്നെ റെക്കോര്‍ഡ് രോഹിത് നേടിയാലും അത്ഭുതപ്പെടാനില്ല. ഒപ്പം തന്നെ റെക്കോര്‍ഡ് നേട്ടം ഇരുവരും മാറിമാറി സ്വന്തമാക്കിയാലും അത്ഭുതപ്പെടാനില്ല.

195 സിക്‌സ് അക്കൗണ്ടിലുള്ള സച്ചിന്‍ ടെണ്ടുല്‍ക്കറാണ് റെക്കോര്‍ഡ് നേട്ടത്തില്‍ മൂന്നാം സ്ഥാനത്ത്. 189 സിക്‌സുമായി സൗരവ് ഗാംഗുലി നാലാമതുണ്ട്. യുവരാജ് സിങ് (153), വീരേന്ദര്‍ സെവാഗ് (131) എന്നിവരാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍.

Advertisement