നോട്ടിങ്ഹാം: ഡേവിഡ് വാർണർ റണ്ണൊഴുക്കിൽ ബംഗ്ലാ വീര്യം ചോർന്നു. വെടിക്കെട്ട് പ്രകടനവുമായി വാർണർ നോട്ടിങ്ഹാമിൽ നിറഞ്ഞാടിയപ്പോൾ ഓസ്‌ട്രേലിയ ബംഗ്ലാദേശിനെതിരെ നേടിയത് അഞ്ചിന് 381 റൺ.
വാർണർ 147 പന്തിൽ 166 റണ്ണടിച്ചുകൂട്ടി. അഞ്ച് സിക്‌സറും 14 ബൗണ്ടറികളുമായിരുന്നു ഈ ഇടംകൈയന്റെ ഇന്നിങ്‌സിൽ.
ഉസ്മാൻ ഖവാജ (72 പന്തിൽ 89), ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (51 പന്തിൽ 53), ഗ്ലെൻ മാക്‌സ്വെൽ (10 പന്തിൽ 32) എന്നിവരും ഓസീസിന്റെ റൺ കൊയ്ത്തിൽ പങ്കാളികളായി.
ഓസീസ് ഇന്നിങ്‌സിന്റെ അവസാനം മഴ തടസ്സമായെത്തി. അവസാന ഓവറിനു മുമ്പാണ് മഴ പെയ്തത്. 15 മിനിറ്റ് കഴിഞ്ഞാണ് അവസാന ഓവർ എറിയാനായത്.
ടോസ് നേടിയ ഓസീസ് ബാറ്റിങ് തെരഞ്ഞെടുത്തു.ഫിഞ്ച് ആത്മവിശ്വാസത്തോടെ തുടങ്ങിയപ്പോൾ വാർണർ അൽപ്പം പരിഭ്രമിച്ചു.
അഞ്ചാമത്തെ ഓവറിൽ വാർണറുടെ അപ്പർ കട്ട് സബീർ റഹ്മാന്റെ കൈകളിലേക്കാണ് പോയത്. മുതലാക്കാനായില്ല സബീറിന്.
26ാമത്തെ ഓവറിൽ വാർണറെ റണ്ണൗട്ടാക്കാനുള്ള സുവർണാവസരവും സബീർ പാഴാക്കി. 45ാം ഓവറിലാണ് ബംഗ്ലാദേശിന് വാർണറെ മെരുക്കാനായത്. അപ്പോഴേക്കും ഈ ഇടംകൈയൻ ഓസീസിനെ കൂറ്റൻ സ്‌കോറിലെത്തിച്ചിരുന്നു.
നോട്ടിങ്ഹാമിൽ ഓസീസിന്റെ ബാറ്റിങ് വിരുന്നിനു മുന്നിൽ കാഴ്ചക്കാരായിരുന്നു ബംഗ്ലാ ബൗളർമാർ. ആദ്യ വിക്കറ്റിൽ വാർണറും ഫിഞ്ചും ചേർന്ന് 121 റൺ കൂട്ടിച്ചേർത്തു.
താൽക്കാലിക ബൗളർ സൗമ്യ സർക്കാറാണ് ഈ കൂട്ടുകെട്ടിനെ വേർപിരിച്ചത്. ഫിഞ്ചിന്റെ ഷോട്ട് റൂബെൽ ഹുസൈന്റെ കൈകളിലൊതുങ്ങി.
വാർണർ തിടുക്കം കാട്ടിയില്ല. വമ്പനടികൾക്ക് മുതിരാതെതന്നെ റൺനിരക്ക് കുറയാതെ നോക്കി. രണ്ടാം വിക്കറ്റിൽ ഖവാജയുമായി ചേർന്ന് 192 റൺ കൂട്ടിച്ചേർത്തു.
ബംഗ്ലാദേശ് ഫീൽഡർമാരുടെ മോശം പ്രകടനവും ഓസീസിന്റെ ബാറ്റിങ് എളുപ്പമാക്കി. പ്രധാന ബൗളറായ ഷാക്കിബ് അൽഹസനു പോലും ഒന്നും ചെയ്യാനായില്ല. ഏകദിനത്തിൽ 150ന് മുകളിലുള്ള നാലാമത്തെ സ്‌കോറാണ് വാർണർ കുറിച്ചത്.
ഈ ലോകകപ്പിൽ രണ്ടാമത്തെ സെഞ്ചുറിയും ഓസീസ് ഓപ്പണർ കുറിച്ചു. റൺവേട്ടക്കാരിലും വാർണർ ഒന്നാമതെത്തി. ആറ് കളിയിൽ 447 റൺ.
സൗമ്യ സർക്കാറാണ് വാർണറെയും മടക്കിയത്. അപ്പർ കട്ടിനുള്ള ശ്രമം റൂബെലിന്റെ കൈകളിലൊതുങ്ങി.
പന്ത് ചുരുണ്ടൽ വിവാദത്തിൽ വിലക്കുകിട്ടിയ വാർണർ തിരിച്ചുവരവിൽ ഗംഭീര പ്രകടനമാണ് പുറത്തെടുക്കുന്നത്.
ഈ സീസൺ ഐപിപലിലും തിളങ്ങിയിരുന്നു. ഖവാജയ്ക്ക് കൂട്ടായെത്തിയ മാക്‌സ്വെൽ 10 പന്ത്
മാത്രമാണ് നേരിട്ടത്.
അതിൽ മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറികളും ഉൾപ്പെട്ടു. റൂബെലിന്റെ അഞ്ച് പന്തിൽ അടിച്ചത് 19 റൺ. ഖവാജയുമായുള്ള ധാരണപ്പിശകിൽ മാക്‌സ്വെൽ റണ്ണൗട്ടാകുകയായിരുന്നു.
മാക്‌സ്വെലും ഖവാജയും ഓടി പിച്ചിന്റെ മധ്യഭാഗത്ത് നിന്നുപോയി. മാക്‌സ്വെൽ തിരിച്ചോടാൻ ശ്രമിച്ചതുപോലുമില്ല. അപ്പോഴേക്കും റൂബെൽ നേരിട്ടുള്ള ഏറിൽ വിക്കറ്റ് തെറിപ്പിച്ചിരുന്നു.
മാക്‌സ്വെലിന്റെ പുറത്താകൽ ഓസീസിന്റെ റണ്ണൊഴുക്കിനെ ബാധിച്ചു. അവസാന ആറോവറിൽ നാല് വിക്കറ്റാണ് അവർക്ക് നഷ്ടമായത്.
മുൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് രണ്ട് പന്തിൽ ഒരു റണ്ണെടുത്ത് മടങ്ങി. സ്മിത്തിനെ മുസ്താഫിസുർ റഹ്മാൻ വിക്കറ്റ് മുന്നിൽ കുരുക്കി.
ഖവാജ സർക്കാറിന്റെ പന്തിലും മടങ്ങി. മാർകസ് സ്‌റ്റോയിനിസും (11 പന്തിൽ 17) അലെക്‌സ് കാരിയും (8 പന്തിൽ 11) ഓസീസ് ഇന്നിങ്‌സ് അവസാനിക്കുമ്പോൾ ക്രീസിൽ. ബംഗ്ലാദേശിനായി സൗമ്യ സർക്കാർ മൂന്ന് വിക്കറ്റ് വീഴ്ത്തി.