ജീവിതം ഇരുവഴിയായി പിരിയുമ്പോള്‍ ഒരു വഴി നമ്മുടേതല്ലെന്ന് തീരുമാനമെടുക്കേണ്ടി വരും: കണ്ണുനനയിക്കുന്ന കുറിപ്പുമായി ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ താരം സികെ വിനീത്

31

ഈ സീസണില്‍ ഐഎസ്എല്‍ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം പുറത്തെടുത്ത് ആരാധക രോഷം ഏറെ കേട്ട കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നുള്ള കൂടുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ച് സികെ വിനീത്.

ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയില്‍ നിര്‍ണായക താരമായിരുന്ന സികെ ചെന്നെയിന്‍ എഫ്‌സിയിലേക്ക് വായ്പാടിസ്ഥാനത്തിലാണ് കൂടുമാറുന്നത്.

Advertisements

ഐഎസ്എല്ലിന്റെ ഈ സീസണില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ചെന്നൈയിനിലാകും മുന്‍ ബെംഗളൂരു എഫ്‌സി താരമായ വിനീത് കളിക്കുക.

അതേസമയം, ക്ലബ്ബില്‍ നിന്നും മാറുന്ന വിവരം വികാരനിര്‍ഭരമായ കുറിപ്പോടെയാണ് വിനീത് ആരാധകരുമായി പങ്കുവെക്കുന്നത്.

ചെന്നൈയിനിലേക്കുള്ള മാറ്റം പങ്കുവെച്ച് വിനീത് പോസ്റ്റ് ചെയ്ത കുറിപ്പ്;

‘ജീവിതം ഇരുവഴിയായി പിരിയുമ്പോള്‍ ഒരു വഴി നമ്മുടേതല്ലെന്ന് തീരുമാനമെടുക്കേണ്ട ഒരു ഘട്ടം നമ്മുടെ മുന്നിലുണ്ടാകും. ആ സമയത്ത് ഒഴുക്കിനനുസരിച്ച് നീന്തേണ്ടിവരും. ആ ഒഴുക്കില്‍ പെട്ട് എങ്ങോട്ടാണ് പോകുന്നതെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

എന്റെ ഭാവിയെ ആവേശത്തോടെ നോക്കിക്കാണുന്ന ഈ സമയത്ത് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരോട് ഞാന്‍ നന്ദി പറയുന്നു. ബ്ലാസ്റ്റേഴ്സിന്റെ വളര്‍ച്ചയിലും തളര്‍ച്ചയിലും കൂടെ നിന്നവരാണവര്‍. നിങ്ങളുടെ പിന്തുണയില്‍ ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഞാന്‍.

സീസണില്‍ ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും വിജയിക്കട്ടെ എന്ന് ബ്ലാസ്റ്റേഴ്സിലെ സഹതാരങ്ങള്‍ക്ക് ആശംസയേകുന്നു. മുന്നിലുള്ള പുതിയ വെല്ലുവിളിയിലേക്കാണ് ഞാന്‍ ഉറ്റുനോക്കുന്നത്. ഒപ്പം ഞാനേറ്റവും ഇഷ്ടപ്പെടുന്നത് മികച്ച രീതിയില്‍ ചെയ്യാനും!’

നേരെത്തേ വിനീതിനെ സ്വാഗതം ചെയ്ത് ചെന്നൈയിന്‍ എഫ്.സി വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. വിനീത് ഓട്ടോ പിടിച്ച് ചെന്നൈ ക്ലബ്ബിലെത്തുന്നതും ടീമിന്റെ ജഴ്സി അണിയുന്നതുമാണ് വീഡിയോയിലുള്ളത്.

Advertisement