അച്ഛന്റെ സംഗീതം കേട്ടുറങ്ങുന്ന പൊന്നു മകള്‍: ബാലഭാസ്‌കറിന്റെ അവസാന വയലിന്‍ വായന മകള്‍ക്ക് വേണ്ടി കരളലിയിക്കുന്ന വീഡിയോ

86

മലയാളികളുടെ മനസ്സില്‍ നൊമ്പരത്തിന്റെ കനല്‍ വാരിയിട്ട് അകാലത്തില്‍ പോയിമറഞ്ഞ ബാലഭാസ്‌കര്‍ തന്റെ മാന്ത്രികവിരലുകളാല്‍ അവസാന വയലിനില്‍ മാന്ത്രികസംഗീതം മീട്ടുമ്പോള്‍ അതു കേട്ടിരിക്കുന്ന മകള്‍ തേജസ്വിനി ബാലയും ലക്ഷ്മിയും.

Advertisements

കുടുംബത്തെ പ്രാണനായി സ്‌നേഹിച്ച ബാലു എന്ന ഗൃഹനാഥനെ അറിയുന്നവര്‍ക്കും ബാലുസംഗീതത്തെ സ്‌നേഹിച്ചവര്‍ക്കും വേദനയോടെയല്ലാതെ ഈ വീഡിയോ കാണാനാവില്ല.

കണ്ണില്‍ നനവു പടരാതെ ബാലഭാസ്‌കറിനെ കുറിച്ചോര്‍ക്കാതിരിക്കാന്‍ കഴിയാത്തൊരു പകലിനാണ് കേരളം സാക്ഷിയാവുന്നത്. മലയാളികളുടെ വാര്‍ത്താ ചാനലുകളും സോഷ്യല്‍ മീഡിയ ടൈംലൈനുകളും ബാലഭാസ്‌കറിനുള്ള ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്. ശ്രുതിതെറ്റാതെ ഹൃദയത്തോട് സംവദിച്ച് ഒഴുകികൊണ്ടിരിക്കുന്ന ഒരു ഈണം പെട്ടെന്ന് നിലച്ചതുപോലൊരു ശൂന്യതയാണ് ബാലഭാസ്‌കറിന്റെ മരണം ബാക്കി വെയ്ക്കുന്നത്.

വയലിനിസ്റ്റും സംഗീതഞ്ജനുമായ ബാലഭാസ്‌കര്‍ 2000 ഡിസംബര്‍ 16 നാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ തന്റെ സഹപാഠിയായ ലക്ഷ്മിയെ ഏറെനാള്‍ നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം കഴിക്കുന്നത്. 22-ാം വയസ്സില്‍ ഗൃഹനാഥന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത ബാലുവിന്റെയും ലക്ഷ്മിയുടെയും ജീവിതത്തിലേക്ക് 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വന്നു പിറന്ന മകളാണ് ജാനി എന്നു ബാലു സ്‌നേഹത്തോടെ വിളിച്ചിരുന്ന തേജസ്വിനി ബാല.

മകളുടെ ജനനത്തിനു ശേഷം, തിരക്കുകള്‍ക്കിടയില്‍ പോലും മകള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ ഓടിയെത്തുന്ന ബാലുവിനെയാണ് പിന്നീട് സുഹൃത്തുക്കള്‍ കണ്ടത്. 16 വര്‍ഷത്തിന്റെ കാത്തിരിപ്പിനു ശേഷം ജനിച്ച മകളുടെ പേരില്‍ നേര്‍ന്ന വഴിപാടുകള്‍ നടത്തി വരുന്ന വഴിയേയാണ് രംഗബോധമില്ലാത്ത കോമാളിയെ പോലെ മരണം തേജസ്വിനിയുടെ ജീവിതം കവര്‍ന്നത്.

അപകടം നടക്കുമ്പോഴും അച്ഛന്റെ മടിയില്‍ ഉറങ്ങുകയായിരുന്നു ബാലുവിന്റെ പ്രിയപ്പെട്ട ജാനി. മകള്‍ മരിച്ചതറിയാതെ ഒരാഴ്ചയോളം ജീവിതത്തിനും മരണത്തിനും ഇടയില്‍ പൊരുതിയെങ്കിലും ഇന്നു പുലര്‍ച്ചെ ബാലഭാസ്‌കറും യാത്ര പറഞ്ഞു.

മകളെ നഷ്ടമായത് അറിയാതെ, മകള്‍ക്കൊപ്പം അവളുടെ ലോകത്തേക്ക് ബാലഭാസ്‌കര്‍ മടങ്ങുമ്പോള്‍ മകളും ബാലുവും പോയതറിയാതെ ഭൂമിയില്‍ ലക്ഷ്മി തനിച്ചാവുകയാണ്.

വീഡിയോ

Advertisement