ബാങ്കുകളുമായി ഒത്തുതീര്‍പ്പായിട്ടും അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനാകാത്തതിന് പിന്നില്‍ മലയാളി പ്രവാസി വ്യവസായിയുടെ കളികള്‍

38

ദുബായ്: ബാങ്കളിലെ വായ്പ തിരിച്ചടക്കാതെ സാമ്പത്തിക കുറ്റകൃത്യത്തിന് ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് ജൂവലറി ഗ്രൂപ്പ് ചെയര്‍മാന്‍ എംഎം രാമചന്ദ്രന്റെ (76) ആരോഗ്യ നില തീര്‍ത്തും വഷളായി. മോചനം സാധ്യമാക്കാനുള്ള ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ പൊളിഞ്ഞതായാണ് സൂചന. യുഎഇയില്‍ ഉന്നത സ്വാധീനമുള്ള മലയാളി വ്യവസായിയുടെ ഇടപെടലാണ് അറ്റ്‌ലസ് രാമചന്ദ്രന് വിനയാകുന്നത് എന്നാണ് സൂചന . വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടാത്തതും ഈ വ്യവസായിയുടെ സ്വാധീനത്തിന്റെ ഫലമാണ്. രാമചന്ദ്രന്റെ ആസ്തികള്‍ അടിച്ചെടുക്കാമെന്ന മോഹം പൊളിഞ്ഞതാണ് ഇപ്പോഴത്തെ ശത്രുതയ്ക്ക് കാരണം.

രാമചന്ദ്രന്‍ മോചിതനായെന്ന വാര്‍ത്ത പോലും പ്രചരിച്ചു. എന്നാല്‍ മോചിതനായെന്ന വാര്‍ത്ത തെറ്റാണെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശരിയായ വാര്‍ത്തയല്ല. പണം നല്‍കാനുള്ള ബാങ്കുകളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നത് ശരിയാണ്.എന്നാല്‍ അദ്ദേഹം ജയില്‍ മോചിതനായിട്ടില്ല. ഉടന്‍ അതു സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ആത്മവിശ്വാത്തിന് മങ്ങലേറ്റിരിക്കുന്നു. ജയിലില്‍ അതീവ ദുഃഖിതനാണ് രാമചന്ദ്രന്‍. പലവിധ അസുഖങ്ങളും ബാധിച്ചിട്ടുണ്ട്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്തതിനെത്തുടര്‍ന്ന് ബാങ്കുകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ സ്വദേശിയായ അറ്റ്‌ലസ് രാമചന്ദ്രനെ 2015 ഡിസംബര്‍ 11ന് ദുബായ് കോടതി മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ഇതിനൊപ്പം വിചാരണ നേരിടുന്ന മറ്റ് പല കേസുകളുമുണ്ട്. ഇതിലും ശിക്ഷ വിധിച്ചാല്‍ നാല്‍പതുകൊല്ലത്തില്‍ അധികം രാമചന്ദ്രന് ജയിലില്‍ കിടക്കേണ്ടിവരും.

Advertisements

സാമ്പത്തിക കുറ്റമായതു കൊണ്ട് തന്നെ ബാങ്കില്‍ പണം അടച്ച് നിയമ നടപടി ഒഴിവാക്കാം. ഇതിന് കുടുംബം തയ്യാറാണ്. എന്നാല്‍ ചില പ്രവാസി മലയാളികള്‍ അറ്റ്‌ലസ് അകത്തു കിടന്നാല്‍ മതിയെന്ന നിലപാടിലാണ്. രാമചന്ദ്രന് അനുകൂലമായി നിലപാട് എടുത്താല്‍ ബാങ്കിലെ നിക്ഷേപം പിന്‍വലിക്കുമെന്ന ഭീഷണി പോലും അവര്‍ മുന്നോട്ട് വച്ചെന്നാണ് സൂചന. ഇതോടെ രാമചന്ദ്രന്റെ കുടുംബം നടത്തുന്ന ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ താളം തെറ്റി. ഇത് അറിഞ്ഞതോടെ മാനസികമായും ശാരീരികമായും അറ്റ്‌ലസ് രാമചന്ദ്രന്‍ ഏറെ തളര്‍ന്നു. ജയില്‍ മോചിതനായാല്‍ ബാങ്കുമായുള്ള കട ബാധ്യതകള്‍ തീര്‍ക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറയുന്നത്. മസ്‌കറ്റിലെ ആശുപത്രിപ്രമുഖ വ്യവസായി ഡോ. ബി.ആര്‍.ഷെട്ടിക്ക് വിറ്റ പണം കടം വീട്ടാനുപയോഗിക്കും. എന്നാല്‍ കട ബാധ്യത തീര്‍ത്ത ശേഷം മാത്രമേ രാമചന്ദ്രനെതിരായ കേസ് തീര്‍ക്കൂവെന്നാണ് ചില ബാങ്കുകളുടെ നിലപാട്. കുടിശ്ശിക അടച്ച് പുറത്തിറങ്ങിയാല്‍ രാമചന്ദ്രന്‍ രാജ്യം വിട്ടേക്കുമെന്നാണ് ഇവര്‍ പറയുന്നത്.

സത്യസന്ധമായി കച്ചവടം നടത്തിയ വ്യക്തിയാണ് രാമചന്ദ്രന്‍. ആരേയും ചതിച്ചിട്ടില്ല. ഇത് ബാങ്കുകള്‍ക്ക് അറിയാം. പറഞ്ഞ വാക്ക് അദ്ദേഹം പാലിക്കുകയും ചെയ്യും. ഇത് ബാങ്കുകളും അംഗീകരിച്ചു. എന്നാല്‍ പെട്ടെന്ന് ഏവരും നിറം മാറി. ഇതിന് പിന്നില്‍ ഉന്നത ഇടപെടലുകള്‍ ഉണ്ടാകാം. പതിനഞ്ചിലേറെ ബാങ്കുകളില്‍നിന്നാണ് അറ്റ്‌ലസ് ഗ്രൂപ്പ് 550 ദശലക്ഷം ദിര്‍ഹം (ആയിരം കോടിയോളം രൂപ) വായ്പയെടുത്തത്. അഞ്ചു കോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയതുമായി ബന്ധപ്പെട്ട് ആറു കേസുകളാണു ദുബായിലുള്ളത്. ഇതില്‍ ഒന്ന് 3.4 കോടി ദിര്‍ഹത്തിന്റെ ചെക്കാണത്രേ. യുഎഇ ബാങ്കുകള്‍ക്കു പുറമെ, ദുബായില്‍ ശാഖയുള്ള ഇന്ത്യന്‍ ബാങ്കായ ബാങ്ക് ഓഫ് ബറോഡയില്‍നിന്നും വായ്പയെടുത്തിരുന്നു. ഇതില്‍ യുഎഇയിലെ രണ്ട് ബാങ്കുകളാണ് രാമചന്ദ്രന് തീര്‍ത്തും എതിരു നില്‍ക്കുന്നത്.

രാമചന്ദ്രന്റെ മകളും ഭര്‍ത്താവും വിവിധ കേസുകളുമായി ബന്ധപ്പെട്ട് ജയിലിലാണ്. ഭാര്യ മാത്രമാണ് പുറത്തുള്ളത്. 22 ബാങ്കുകളാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരെ കേസ് കൊടുത്തിരിക്കുന്നത്. ഇതില്‍ 19 ബാങ്കുകള്‍ സമവായത്തിന് തയ്യാറായിട്ടുണ്ട്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ബാങ്കുകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ദുബായ് പൊലീസ് രാമചന്ദ്രനെ കസ്റ്റഡിയിലെടുത്തത്. യുഎഇയിലെ ഒരു സ്വകാര്യ നിക്ഷേപ ഗ്രൂപ്പുമായി ചേര്‍ന്ന് പ്രശ്‌ന പരിഹാരത്തിന് അറ്റ്‌ലസ് ഗ്രൂപ്പ് ശ്രമം നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.

മൂന്നു പതിറ്റാണ്ട് മുന്‍പ് ആരംഭിച്ച അറ്റ്‌ലസ് ജൂവലറി ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലായി അന്‍പതോളം ശാഖകളുണ്ട്; യുഎഇയില്‍ മാത്രം 12 ഷോറൂമുകള്‍. ഇവയുടെ ആസ്തിയെല്ലാം വിറ്റാല്‍ കാശെല്ലാം കൊടുത്തു തീര്‍ക്കാനാകും. എന്നാല്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലില്‍ ആയതിനാല്‍ കൃത്യമായ നിലപാട് എടുക്കാന്‍ ഭാര്യയ്ക്ക് ആകുന്നില്ല. ചുളുവിലയ്ക്ക് സ്വത്ത് തട്ടാന്‍ നിരവധി പേര്‍ രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണ് ബി ആര്‍ ഷെട്ടിയുടെ സഹായത്തോടെ കുടിശ്ശിക അടച്ച് രാമചന്ദ്രനെ പുറത്തിറക്കാന്‍ നീക്കം തുടങ്ങിയത്. പുറത്തിറങ്ങിയ ശേഷം രാമചന്ദ്രന്‍ നേരിട്ട് വസ്തുക്കള്‍ വിറ്റ് കടം തീര്‍ക്കാനായിരുന്നു തീരുമാനം. ഇതാണ് ഉന്നതരുടെ ഇടപെടലില്‍ അട്ടിമറിക്കപ്പെടുന്നത്. ഇതോടെ എല്ലാ വസ്തുവും എങ്ങനേയും വിറ്റ് രാമചന്ദ്രനെ പുറത്തെത്തിക്കേണ്ട അവസ്ഥയിലാണ് ഭാര്യ.തന്റെ ഭര്‍ത്താവിന് മനുഷ്യത്വപരമായ നീതി ലഭിച്ചില്ലെന്ന് ഇന്ദിര തിരിച്ചറിയുകയാണ്. രാമചന്ദ്രന്‍ ജയിലിലായ ശേഷം ആദ്യമായി ഇന്ദിരയുടെ മുഖം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഓജസോടെ രാമചന്ദ്രനൊപ്പം നിന്ന ഇന്ദിര ഇന്നാകെ മാറിയിരിക്കുന്നു. ആ മുഖത്തിലുണ്ട് അനുഭവിക്കുന്ന പീഡകളുടെ യഥാര്‍ത്ഥ ചിത്രം.

കുവൈത്തില്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥനായിട്ടായിരുന്നു എംഎം രാമചന്ദ്രന്‍ നായരുടെ പ്രവാസ ജീവിതം തുടങ്ങുന്നത്. അവിടെ നിന്നാണ് അദ്ദേഹം അറ്റ്‌ലസ് രാമചന്ദ്രന്‍ നായരായി ഉയര്‍ന്ന് വന്നത്. കുവൈത്തിലായിരുന്നു അദ്ദേഹം ആദ്യമായി ജുവല്ലറി തുറന്നത്. പലരില്‍ നിന്നുമായി മൂലധനം സമാഹരിച്ചുകൊണ്ടായിരുന്നു ഇത്. കുവൈത്തില്‍ നിന്നും യുഎഇയിലേക്ക് ജുവല്ലറി ശൃംഖല വ്യാപിപ്പിച്ചതോടെ പിന്നീട് വളര്‍ച്ചയുടെ പടവുകളായിരുന്നു രാമചന്ദ്രനെ കാത്തിരുന്നത്. 1980 കളുടെ അവസാനത്തോടെ ആയിരുന്നു ഇത്. പിന്നീട് ദുബായ് തന്നെയായി അറ്റ്‌ലസ് ജുവല്ലറിയുടെ പ്രധാന കേന്ദ്രം. ഗള്‍ഫില്‍ മാത്രമായി അറ്റ്‌ലസ് ജൂവലറിക്ക് 48 ഷോറൂമുകളാണ് ഉണ്ടായിരുന്നത്. ഇതിന് പുറമേ ഇന്ത്യയിലും നിരവധി ശാഖകള്‍ ജുവല്ലറിക്ക് ഉണ്ടായിരുന്നു. മറ്റ് പല പ്രമുഖ ജൂവലറിക്കാരും കച്ചവടത്തില്‍ അനീതി കാട്ടിയപ്പോഴും വിവാദങ്ങളില്‍ പെട്ടപ്പോഴും തല ഉയര്‍ത്തി പരിശുദ്ധ സ്വര്‍ണ്ണവും തങ്കവും വിറ്റ ആളായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍. തന്റെ ബുദ്ധിയിലും കഠിന പരിശ്രമത്തിലും ആരെയും ഉപദ്രവിക്കാതെ നന്മയുടേയും, നീതിപൂര്‍വ്വമായും വഴിയിലൂടെ നടന്ന് ബിസിനസ് വളര്‍ത്തിയ മനുഷ്യന്‍ എന്നാണ് അദ്ദേഹത്തെക്കുറിച്ച് ഏവര്‍ക്കും പറയാനുള്ളത്. സംശുദ്ധ ബിസിനസ്സുകാരനായിട്ടാണു അറ്റ്‌ലസ് രാമചന്ദ്രന്‍ അറിയപ്പെട്ടിരുന്നത്. മറ്റൂ പ്രമുഖ ജൂവലറികാര്‍ക്കെതിരെയും അനവധി ആരോപണങ്ങളുയര്‍ന്നപ്പോഴും അറ്റ്‌ലസിനെക്കുറിച്ച് നാളിതുവരെ ഒരു ആരോപണവും ആരും ഉന്നയിച്ചിരുന്നില്ല.

സ്വന്തം സ്വര്‍ണ്ണക്കടയുടെ പരസ്യത്തില്‍ സ്വയം ശബ്ദം നല്‍കി രാമചന്ദ്രന്‍ പ്രശസ്തി നേടി. ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം എന്ന രാമചന്ദ്രന്റെ പരസ്യ വാചകം പിന്നീട് മിമിക്രി കലാകാരന്മാരുടെ ഇഷ്ട ഡയലോഗായി മാറുകയായിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ പ്രവാസികള്‍ക്കിടയിലെ മികച്ച സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടി ആയിരുന്നു രാമചന്ദ്രന്‍ നായര്‍. നിരവധി കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. സിനിമാ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു അദ്ദേഹം. വൈശാലി, വാസ്തുഹാര, ധനം, സുകൃതം എന്നീ സിനിമകള്‍ നിര്‍മ്മിച്ചത് രാമചന്ദ്രനാണ്. ആനന്ദഭൈരവി, അറബിക്കഥ, മലബാര്‍ വെഡിങ്ങ്, ടു ഹരിഹര്‍ നഗര്‍, തത്വമസി, ബോംബെ മിഠായി, ബാല്യകാല സഖി എന്നീ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. ഹോളിഡേയ്‌സ് എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.

ആദ്യം നിര്‍മ്മാതാവായും വിതരണക്കാരനായും പിന്നീട് നടനായും സിനിമയില്‍ സാന്നിധ്യമുറപ്പിച്ച അറ്റ്‌ലസ് രാമചന്ദ്രന്‍ ഇപ്പോഴിതാ സംവിധാനരംഗത്തേക്കും ചുവടുവെയ്ക്കുകയായിരുന്നു. നിര്‍മ്മിച്ച സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. കലാപരമായും മികവ് കാട്ടിയവ. വൈശാലിയും വാസ്തുഹാരയും സുകൃതവും അവാര്‍ഡുകള്‍ വാരിക്കൂട്ടി. ജുവല്ലറി രംഗത്ത് കൂടാതെ മറ്റ് ആശുപത്രി രംഗത്തും അറ്റ്‌ലസ് രാമചന്ദ്രന്റെ കൈയൊപ്പ് ചാര്‍ത്തിയിരുന്നു. മറ്റ് ആശുപത്രികളില്‍ നിന്ന് വിഭിന്നായിരുന്നു അദ്ദേഹത്തിന്റെ ആശുപത്രികള്‍. ഇവിടെ സ്വകാര്യ ആശുപത്രികളുടെ കടുംപിടിത്തമില്ല. ആര്‍ക്കും ചികില്‍സ കിട്ടുന്നുവെന്ന് പ്രവാസി മലയാളികള്‍ പോലും പറയുകയുണ്ടായി. യുഎഇയ്ക്ക് പുറമേ ഖത്തര്‍, സൗദി, കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളിലും അറ്റ്‌ലസ് ജുവല്ലറിക്ക് ഷോറൂമുകള്‍ ഉണ്ടായിരുന്നു. റിയല്‍ എസ്‌റ്റേറ്റ്, ആരോഗ്യ, സിനിമാ മേഖലകളിലും അറ്റ്‌ലസ് ഗ്രൂപ്പ് നിക്ഷേപം നടത്തിയിരുന്നു. പല റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്കും ഇടനിലക്കാരനായിരുന്ന അറ്റ്‌ലസ് രാമചന്ദ്രനെ വീഴ്‌ത്തേണ്ടതു ചിലരുടെ ബിസിനസ് താല്‍പ്പര്യമായിരുന്നു. തൃശൂര്‍ ജില്ലയിലെ ഒളരി സ്വദേശിയാണ് അറ്റ്‌ലസ് രാമചന്ദ്രന്‍.

Advertisement