ആന്റണി പെരുമ്പാവൂർ മോഹൻലാൽ എന്ന വിസ്മയത്തിന്റെ നിഴലായി മാറിയിട്ട് മൂന്ന് പതിറ്റാണ്ടിലേറെയായി . എന്നാൽ ഇത്രയും വർഷത്തിനിടയിൽ മോഹൻലാലിനെ തകർത്തിയ അനുഭവം ഒന്നേയുണ്ടായിട്ടുള്ളുവെന്ന് പറയുകയാണ് ആന്റണി. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ:
‘ലാൽ സാർ സങ്കടപ്പെടുന്നതു പല തവണ കണ്ടിട്ടുണ്ട്. ഒരു തവണ മാത്രമെ തകർന്നതായി തോന്നിയിട്ടുള്ളു. ചെന്നൈയിലെ വീട്ടിൽ താമസിക്കുമ്പോൾ വെളുപ്പിന് രണ്ടു മണിക്ക് എന്റെ മുറിയുടെ വാതിൽ തട്ടി വിളിച്ചു പറഞ്ഞു,ജ്യേഷ്ഠൻ പ്യാരേലാൽ മരിച്ചുവെന്ന്.
കരഞ്ഞില്ലെങ്കിലും തകർന്നുപോയതായി എനിക്കു മനസിലായി. തിരിച്ചുള്ള യാത്രയിൽ മുഴുവൻ സമയവും മിണ്ടാതിരുന്നു. ഒരിക്കൽപ്പോലും എന്നോട് അതേക്കുറിച്ചു സംസാരിച്ചിട്ടില്ല. ഒരു മരണത്തിൽപ്പോലും ലാൽ സാർ കരയുന്നതായി കണ്ടിട്ടില്ല. പത്മരാജൻ സാർ, ഭരതൻസാർ,ഐ.വി.ശശി സാർ,ലോഹി സാർ, ടി.ദാമോദരൻ സാർ , ആലുമൂടൻചേട്ടൻ അങ്ങിനെ പലരുടെ മരണവും ലാൽ സാറിനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്.
ജീവിതത്തിൽ വളരെമോശമായ സമയവും ഉണ്ടായിട്ടുണ്ട്. ലാൽ സാറിന്റെ ശബ്ദംപോയെന്നും മറ്റും പറഞ്ഞ ഒരു കൊല്ലം ഇറങ്ങിയ മൂന്നു സിനിമയും പരാജയപ്പെട്ടു. അന്നുപോലും ലാൽ സാർ പതറിപ്പോയതായി തോന്നിയിട്ടില്ല. വളരെ ശാന്തവും സൗമ്യവുമായി അദ്ദേഹം നിന്നു.
പുതിയ സിനിമകളെക്കുറിച്ചു സംസാരിച്ചുകൊണ്ടേയിരുന്നു. ഒരു സിനിമ പരാജയപ്പെട്ടതിനും അതുമായി ബന്ധപ്പെട്ട ആരെയും കുറ്റം പറഞ്ഞതായികേട്ടിട്ടില്ല. തോൽവി എല്ലാവരും ചേർന്നു ഏറ്റുവാങ്ങേണ്ടതായി അദ്ദേഹം കരുതി. അതു ചെയ്തവരോടും എഴുതിവരോടും പറയാറുണ്ട്.
പുതിയത് ആലോചിക്കാതെ അതും പറഞ്ഞിരുന്നാൽ നിങ്ങൾ അവിടെ ഇരിക്കുകയെയുള്ളുവെന്ന്. സിനിമയുടെ വിജയപരാജയത്തിൽ ലാൽ സാറിന്റെ മനസെന്താണെന്ന് ഇതുവരെ മുഖത്തുനിന്നു വായിച്ചെടുക്കാനായിട്ടില്ല’- ആന്റണി പറഞ്ഞു.