”രണ്ടര വയസ്സുള്ള എന്റെ മകള്‍ക്ക് ഒരു കൂട് ബിസ്‌കറ്റ് പോലും വാങ്ങിയിട്ട് ദിവസങ്ങളായി” ഹിറ്റ് ഗാനങ്ങള്‍ എഴുതിയ കവിയുടെ കണ്ണീര്‍ക്കുറിപ്പ്

52

‘ഒ ന്നും കഴിക്കാനില്ല, അരിയും സാധനങ്ങളുമൊക്കെ തീര്‍ന്നു. എന്റെ കയ്യില്‍ ഒരു രൂപ പോലുമില്ല എടുക്കാന്‍. രണ്ടര വയസ്സുള്ള എന്റെ മകള്‍ക്ക് ഒരു കൂട് ബിസ്‌കറ്റ് പോലും വാങ്ങിയിട്ട് ദിവസങ്ങളായി” – ജോജു ജോര്‍ജ് നായകനായി എത്തുന്ന ജോസഫ് എന്ന സിനിമയിലെ പൂമുത്തുമോളെ എന്ന ഗാനം സംഗീത പ്രേമികളില്‍ നോവായി പടരുമ്ബോള്‍ അതിന്റെ രചനാ പശ്ചാത്തലത്തിലെ ഹൃദയം നുറുങ്ങുന്ന അനുഭവം പങ്കു വയ്ക്കുകയാണ കവി അജീഷ് ദാസന്‍. പാട്ട് എഴുതുതാന്‍ ഇരിക്കുമ്ബോള്‍ ഒരു വാക്കു പോലും വരുന്നില്ല… പക്ഷെ ഓര്‍മ്മകള്‍ കുത്തിയൊലിച്ചു വരാന്‍തുടങ്ങി..എന്റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി.. ഞാന്‍ എന്റെ മീനുവിനെ ഓര്‍ത്തു… ഭാഗ്യഹീനനായ ഒരച്ഛന്റെ മകളായി പിറക്കാന്‍ ഇടവന്ന എന്റെ മകളെ ഓര്‍ത്തു.

Advertisements

അജീഷ് ദാസന്റെ കുറിപ്പ്:

ജോജു ചേട്ടന് എല്ലാ നന്മകളും നേരുന്നു. ഈ പാട്ടെഴുതാന്‍ എന്നെ നിയോഗിച്ചതിന്. ഞാനല്ലാതെ ആരെഴുതിയാലും ഈ പാട്ട് ഹിറ്റാകുമായിരുന്നു. അത്രയ്ക്ക് ഫീല്‍ ഉണ്ടായിരുന്നു രഞ്ജിന്റെ ട്യൂണിന്.. ബ്ലാങ്ക് ആയ അവസ്ഥയിലുന്നാണ് ഞാന്‍ എഴുതുന്നത്..

ആ രാത്രി… ഒന്നും എഴുതാന്‍ പറ്റുന്നില്ല.. ട്യൂണ്‍ കേട്ടു കൊണ്ടേ ഇരുന്നു.. ജോജു ചേട്ടന്റെ വാക്കുകള്‍ മനസ്സിലുണ്ട്. പാട്ടിന്റെ സന്ദര്‍ഭം മസ്സിലുണ്ട്… പക്ഷെ വരികള്‍ ഇല്ല… ആകെ ബ്ലാങ്ക്… ഒരു കാര്യം എനിക്കറിയാം. ഇതൊരു പിടിവള്ളിയാണ്. പൂമരം സിനിമക്ക് ശേഷം പാട്ടെഴുത്തുകാരനാവാന്‍ വേണ്ടി, ഉണ്ടായിരുന്ന ഒരു ജോലി കളഞ്ഞ് എന്റെ സ്വപ്‌നങ്ങള്‍ക്കു പിന്നെ പിന്നാലെ നടക്കുമ്ബോള്‍ വീട് പട്ടിണി ആയ കാര്യം ഞാന്‍ മറന്നു…

ഒരു ദിവസം ഭാര്യ പറഞ്ഞു.. ഒന്നും കഴിക്കാനില്ല…. അരിയും സാധനങ്ങളുമൊക്കെ തീര്‍ന്നു… എന്റെ കയ്യില്‍ ഒരു രൂപ പോലുമില്ല എടുക്കാന്‍. രണ്ടര വയസ്സുള്ള എന്റെ മകള്‍ക്ക് ഒരു കൂട് ബിസ്‌കറ്റ് പോലും വാങ്ങിയിട്ട് ദിവസങ്ങളായി. ഭാര്യ പറഞ്ഞു’ആരോടും പറയണ്ട. രണ്ടു മൂന്നു ചെമ്ബ് പത്രങ്ങള്‍ ഉണ്ട്. അതു കൊണ്ടുപോയി വില്‍ക്കാം. ‘ എനിക്ക് സങ്കടം വരുന്നുണ്ട്. ജീവിതത്തില്‍ ഇതേവരെ ഒരു സന്തോഷവും അവള്‍ക്ക് ഞാന്‍ കൊടുത്തിട്ടില്ല. എനിക്ക് സങ്കടം വന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞു. എന്നെ കെട്ടിയതു കൊണ്ടാണല്ലോ അവള്‍ക്കീ ഗതി വന്നത്..

ഞാന്‍ അടുത്തുള്ള പഴയ പത്രങ്ങള്‍ ഒക്കെ എടുക്കുന്ന ആക്രി കടയില്‍ ചെന്നു. അപ്പോള്‍ അയാള്‍ പറഞ്ഞു നിങ്ങളെ ഒരു പരിചയവും ഇല്ല. ഈ പാത്രങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ടുണ്ട് ഈ പാത്രങ്ങള്‍ ഞാന്‍ എവിടെ നിന്നെങ്കിലും മോഷ്ടിച്ചതാണോ എന്ന് അയാള്‍ പേടിച്ചു. ഉറപ്പിനു വേണ്ടി ഞാന്‍ പറഞ്ഞു എന്റെ ഭാര്യയുമായി ഞാന്‍ വരാം.. അങ്ങനെ സൈക്കിളില്‍ എന്റെ രണ്ടര വയസ്സുള്ള മകളെ മുന്‍ സീറ്റിലിരുത്തി എന്റെ മീനുവിനെ പിന്നില്‍ ഇരുത്തി അവളുടെ മടിയില്‍ അവള്‍ക്കു കിട്ടിയ ചെമ്ബ് പാത്രങ്ങളുമായി ഞങ്ങള്‍ പോയി. അന്നു കിട്ടിയ കുറച്ചു പൈസ കൊണ്ടാണ് ഞാന്‍ പോയി ഞങ്ങള്‍ക്ക് കഴിക്കാനുള്ള അരിയും സാധനങ്ങളും വാങ്ങിയത്..

ഞാന്‍ ഇപ്പോള്‍ ഇതോര്‍ക്കാന്‍ കാരണം… പൂമുത്തോളെ എന്ന പാട്ട് എഴുതുതാന്‍ ഇരിക്കുമ്ബോള്‍ ഒരു വാക്കു പോലും വരുന്നില്ല… പക്ഷെ ഓര്‍മ്മകള്‍ കുത്തിയൊലിച്ചു വരാന്‍തുടങ്ങി..എന്റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി.. ഞാന്‍ എന്റെ മീനുവിനെ ഓര്‍ത്തു… ഭാഗ്യഹീനനായ ഒരച്ഛന്റെ മകളായി പിറക്കാന്‍ ഇടവന്ന എന്റെ മകളെ ഓര്‍ത്തു… പിന്നെ വാക്കുകള്‍ വരികളായി പേനയുടെ കണ്ണീര്‍ തുമ്ബിലൂടെ ആദ്യത്തെ വരിയായി.

Advertisement