ന്യൂഡല്‍ഹി:പാക് സൈനിക കസ്റ്റഡിയില്‍ നിന്നും മോചിതനായി വാഗ അതിര്‍ത്തിയില്‍, ചരിത്രത്തിന്റെ വാതില്‍ തുറന്ന് ജന്മനാടിന്റെ വരവേല്‍പ്പിലേക്കു മടങ്ങിയെത്തിയ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ കാത്തിരിക്കുന്നത് സൈനിക നടപടിക്രമങ്ങളുടെ പരീക്ഷണ ദിനങ്ങള്‍.
ശാരീരിക, മാനസിക പരിശോധനകളും സൈനിക ഇന്റലിജന്‍സ് വിഭാഗം ഉള്‍പ്പെടെ ഇന്ത്യന്‍ രഹസ്യന്വേഷണ ഏജന്‍സികളുടെ ദിവസങ്ങളോളം ദീര്‍ഘിക്കുന്ന വിശദമായ ചോദ്യംചെയ്യലും കഴിഞ്ഞു മാത്രമേ അഭിനന്ദന് വീട്ടിലേക്കും സാധാരണ ജീവിതത്തിലേക്കും മടങ്ങാനാകൂ.
രാഷ്ട്രത്തിന്റെ അന്തസ്സു കാത്ത ധീരസൈനികനോട് ക്രൂരമെന്നു പോലും കരുതാവുന്നത്ര കഠിനമായ ചോദ്യംചെയ്യലുകളും അനുബന്ധ നടപടിക്രമങ്ങളും അടങ്ങുന്നതാണ് സൈനിക പ്രോട്ടോകോള്‍.
ബന്ദിയായിരുന്നയാളുടെ ശരീരത്തില്‍ സൈനിക രഹസ്യങ്ങളോ, സംഭാഷണങ്ങളോ ചോര്‍ത്താന്‍ ശേഷിയുള്ള സൂക്ഷ്മ ഉപകരണങ്ങള്‍ (ശരീരത്തിലേക്ക് കടത്തിവയ്ക്കാവുന്ന ഇലക്‌ട്രോണിക് ചിപ്പ് ഉള്‍പ്പെടെ) ഘടിപ്പിച്ചിട്ടുണ്ടോ എന്നതാകും ആദ്യ പരിശോധന. ശരീരാന്തര്‍ഭാഗത്ത് ഇത്തരം രഹസ്യ ഉപകരണങ്ങളുടെ സാന്നിധ്യം തിരിച്ചറിയാന്‍ പല വട്ടം സ്‌കാനിംഗിന് വിധേയനാകേണ്ടിവരും.
പാക് സൈനിക കസ്റ്റഡിയില്‍ തീവ്രമായ മാനസിക പീഡനത്തിനും, മനോനില തകര്‍ത്തുകളയുന്ന പീഡനങ്ങള്‍ക്കും അഭിനന്ദന്‍ ഇരയായിട്ടുണ്ടോ എന്ന് ഉറപ്പാക്കേണ്ടതുണ്ട്. സൈനികരെ ക്രൂര പിഡനങ്ങള്‍ക്കു വിധേയരാക്കിയോ, മാനസികനില അസ്ഥിരപ്പെടുത്തിയോ നിര്‍ണായക രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന രീതി ശത്രുക്കള്‍ക്കുണ്ട്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പാക് സൈന്യത്തിന് അഭിനന്ദനില്‍ നിന്ന് ലഭിച്ചിട്ടുണ്ടോ എന്നറിയണം. ഇതിനെല്ലാം സങ്കീര്‍ണ പരിശോധനകളും, ചോദ്യം ചെയ്യലും വേണ്ടിവരും.
ക്രൂരമെങ്കിലും,വേണ്ടിവരും
ഏറ്റവും വേദനാജനകമെങ്കിലും, ഇത്തരം സാഹചര്യത്തില്‍ ഒഴിവാക്കാനാകാത്തത് എന്ന് സൈനിക വൃത്തങ്ങള്‍ തന്നെ വെളിപ്പെടുത്തുന്ന ഒരു നടപടിക്രമമുണ്ട് ശത്രുക്കളുടെ ബ്രെയിന്‍ വാഷിനു വിധേയനാക്കപ്പെട്ട് ചാരവൃത്തി ദൗത്യമേറ്റെടുത്താണോ ഒരാള്‍ മടങ്ങിയെത്തിയിരിക്കുന്നത് എന്ന് ഉറപ്പാക്കുക.
കാര്‍ഗില്‍ യുദ്ധത്തിനിടെ പാക് പിടിയിലായ ശേഷം മടങ്ങിയെത്തിയ വ്യോമസേനാ പൈലറ്റ് നചികേതയുടെ കാര്യത്തില്‍ സൈനിക ഇന്റലിജന്‍സ് ഇത്തരം ചോദ്യംചെയ്യല്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. വ്യോമസേനാ ചരിത്രത്തിലെ വീരപുരുഷനായിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പയുടെ മകന്‍ എയര്‍ മാര്‍ഷല്‍ കെ.സി. നന്ദ കരിയപ്പ 1965ലെ യുദ്ധകാലത്ത് പാക് പിടിയിലായപ്പോഴും ഇതുതന്നെയായിരുന്നു നടപടി.