കനത്തെ മഴയെ തുടർന്ന് മലപ്പുറം കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ അകപ്പെട്ടവർ അബോധാവസ്ഥയിലാകും മരണപ്പെട്ടിട്ടുണ്ടാകുക എന്ന് പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ. ഭാരമുള്ള എന്തോ ഒന്ന് ദേഹത്തു വന്നടിഞ്ഞ രീതിയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്.
ശ്വസിക്കാൻ പറ്റാതെ, മണ്ണിനടിയിൽ പെട്ട് 15 സെക്കന്റുകൾ കൊണ്ട് അവർ മരിച്ചിട്ടുണ്ടാകും. മിക്കവരുടെയും വായിൽ മണ്ണും ചെളിയും കാണപ്പെട്ടിരുന്നു. പലതും ജീർണിച്ചിരുന്നു. ചിലതിൽ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. ഒരുപാട് വേദന സഹിച്ചായിരിക്കില്ല അവർ മരിച്ചത്. അതു മാത്രമാണ് ആശ്വാസം.
കവളപ്പാറയിലെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യുന്ന സംഘത്തിലെ ഡോക്ടർ പിഎസ് സഞ്ജയ് പറഞ്ഞു.
മഞ്ചേരി മെഡിക്കൽ കോളജിലെ നാല് ഡോക്ടർമാരാണ് പോത്തുമലയിലുള്ള മുസ്‌ലിം പള്ളിയിൽ വെച്ച് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യുന്നത്. ഇതുവരെ മുപ്പതോളം പേരുടെ പോസ്റ്റ്‌മോർട്ടം ചെയ്തുകഴിഞ്ഞു. ഇപ്പോഴും മൃതദേഹങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്.
മഞ്ചേരി മെഡിക്കൽ കോളജിലെ ഡോക്ടർ സഞ്ജയ്, ഡോക്ടർ അജേഷ്, ഡോക്ടർ പാർഥസാരഥി, ഡോ ലെജിത്ത് എന്നിവരാണ് സംഘത്തിലുള്ളത്. ടൗണിലെ മസ്ജിദുൽ മുജാഹിദീൻ പള്ളിയിലെ പ്രാർഥനാമുറി പോസ്റ്റ്‌മോർട്ടം ചെയ്യാൻ ഒഴിഞ്ഞുകൊടുത്തിട്ടുണ്ട്. പല മൃതദേഹങ്ങളും ജീർണിച്ചു തുടങ്ങിയതിനാലനും ദുരന്തബാധിതരുടെ എണ്ണം കൂടുതലായതിനാലും രാത്രി വെകിയും പോസ്റ്റ്‌മോർട്ടം നീണ്ടുപോകുന്നുണ്ടെന്നും ഡോക്ടർമാർ പറയുന്നു.
ഏറ്റവുമധികം നന്ദി പറയുന്നത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ സ്ഥലം വിട്ടുതന്ന പള്ളിക്കമ്മിറ്റിക്കാർക്കാണ്. നാട്ടുകാരും വൊളണ്ടിയേഴ്‌സും പൊലീസുമെല്ലാം എല്ലാക്കാര്യങ്ങൾക്കും സഹകരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. പോസ്റ്റ്‌മോർട്ടം ചെയ്യാൻ സ്ഥലം നൽകി വലിയ സന്ദേശമാണ് ഈ പള്ളിക്കമ്മിറ്റിക്കാർ കാണിച്ചുതന്നതെന്നും കേരളത്തിന് മാതൃകയാണെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.
കവലപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തിന് അടുത്താണ് പള്ളി. ഒരേ സമയം നാലും അഞ്ചും മൃതദേഹങ്ങൾ വക്കാനും ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടം നടത്താനും പള്ളിക്കമ്മിറ്റിക്കാർ സൗകര്യമൊരുക്കിയിട്ടുണ്ട്.