തൃശൂർ: കേരളമൊന്നാകെ കനത്ത മഴ ദുരിതത്തെ മറികടക്കാൻ കൈകോർക്കുമ്പോൾ ദുരിതാശ്വാസ ക്യാംപിലെ താമസക്കാർക്കു പാട്ടുപാടിക്കൊടുത്ത് കയ്യടി നേടുകയാണ് തൃശൂരിലെ ഒരു പൊലീസുകാരൻ.
ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.എസ്. ശ്രീജിത്ത് വെള്ളാഞ്ചിറ ഫാത്തിമമാത എൽപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലെ അന്തേവാസികൾക്കായാണു പാട്ടുപാടിയത്. ഇതിന്റെ വിഡിയോ പിന്നീട് സാമൂഹമാധ്യമങ്ങളിലും വൈറലായി.
പൊലീസ് വേഷത്തിൽ ഒരാൾ പാട്ടുപാടുമ്പോൾ കൂടെ പാടിയും കയ്യടിച്ചും പരമാവധി പോൽസാഹിപ്പിക്കുന്നുമുണ്ട് ക്യാംപിലെ താമസക്കാർ. എന്തിനാടി പൂങ്കൊടിയേ എന്ന നാടൻ പാട്ടാണ് യൂണിഫോമിലിരുന്ന് ശ്രീജിത്ത് പാടിയത്.
മൊബൈൽ ക്യാമറകളിൽ പൊലീസുകാരന്റെ പാട്ട് വിഡിയോ എടുത്തു യുവാക്കളും കുട്ടികളും ഒപ്പം കൂടി. തൃശൂർ റൂറൽ പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും വിഡിയോ പങ്കുവച്ചിട്ടുണ്ട്. ശ്രീജിത്തിന്റെ പാട്ടിനെ അഭിനന്ദിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയത്.
സർവതും നഷ്ടപ്പെട്ട് ക്യാംപിൽ അഭയം തേടിയവർക്ക് ഇത്തരം കാര്യങ്ങൾ ആശ്വാസം പകരുന്നതായിരിക്കുമെന്നാണ് പലരും വിഡിയോ ദൃശ്യങ്ങളെക്കുറിച്ചു പ്രതികരിച്ചത്.