കിവീസിന് എതിരെ നാണംകെട്ട് തോറ്റ് തുന്നംപാടി വൻ ദുരന്തമായി ടീം ഇന്ത്യ

9

ടി20 പരമ്പരയിൽ ഇന്ത്യയോട് ഏറ്റ കനത്ത പരാജയത്തിന് ഏകദിന പരമ്പരയിൽ അതേനാണയത്തിൽ മറുപടി നൽകി ന്യൂസിലൻഡ്. മൂന്നാം ഏകദിനത്തിൽ ഇന്ത്യയെ അഞ്ച് വിക്കറ്റിന് തോൽപിച്ചതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ന്യൂസിലൻഡ് തൂത്തുവാരി. ഇന്ത്യ ഉയർത്തിയ 297 റൺസ് വിജയലക്ഷ്യം 17 പന്തും അഞ്ച് വിക്കറ്റും ബാറ്റി നിൽക്കെ ന്യൂസിലൻഡ് മറികടക്കുകയായിരുന്നു. ന്യൂസിലൻഡിനായി അർധ സെഞ്ച്വറി നേടിയ ഗുപ്റ്റിൽ, നിക്കോളാസ്, ഗ്രാൻഡ് ഹോം എന്നിവരാണ് മൂന്നാം ഏകദിനത്തിൽ വിജയം എളുപ്പമാക്കിയത്. ഗുപ്റ്റിൽ 46 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതം 66 റൺസാണ് നേടിയത്.

നിക്കോളാസ് ആകട്ടെ 103 പന്തിൽ ഒൻപത് ബൗണ്ടറി സഹിതം 80 റൺസെടുത്തു. ഗ്രാൻഡ് ഹോം 28 പന്തിൽ ആറ് ഫോറും മൂന്ന് സിക്സും സഹിതം പുറത്താകാതെ 58 റൺസും സ്വന്തമാക്കി. ഇന്ത്യൻ ബൗളർമാർക്ക് ഒരു ഘട്ടത്തിലും ന്യൂസിലൻഡ് ബാറ്റ്സ്മാൻമാർക്കെതിരെ വെല്ലുവിളി ഉയർത്താനായില്ല. ചഹൽ 10 47 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഏറെ അടിവാങ്ങിയ താക്കൂറും തരക്കേടില്ലാതെ പന്തെറിഞ്ഞ ജഡേജയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 10 ഓവറിൽ 50 റൺസ് വഴങ്ങിയ ഭുംറയ്ക്ക് ഈ മത്സരത്തിലും വിക്കറ്റൊന്നും ലഭിച്ചില്ല. ആദ്യ ബാറ്റിംഗിൽ സെഞ്ച്വറി നേടിയ കെഎൽ രാഹുലിന്റേയും അർധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരുടേയും മികച്ച പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്.

Advertisements

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 296 റൺസെടുത്തത്. 113 പന്തിൽ ഒൻപത് ഫോറും രണ്ട് സിക്സും സഹിതമാണ് രാഹുൽ കരിയറിലെ ഏറ്റവും മികച്ച സ്‌കോറായ 112 റൺസ് സ്വന്തമാക്കിയത്. രാഹുലിന്റെ നാലാമത്തെ ഏകദിന സെഞ്ച്വറിയാണിത്. ഇന്ത്യയ്ക്കായി ഓപ്പണറായി ഇറങ്ങി മായങ്ക് അഗർവാൾ (1) ഒരിക്കൽ കൂടി പരാജയപ്പെട്ടപ്പോൾ എട്ട് റൺസെത്തിയപ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായി. ടീം സ്‌കോർ 32ൽ നിൽക്കെ ഒൻപത് റൺസുമായി നായകൻ കോഹ്ലി പുറത്തായി. പിന്നീട് മികച്ച ഫോമിൽ കളിച്ച പൃഥി ഷാ നിർഭാഗ്യകരമായി റണ്ണൗട്ടിൽ കുടുങ്ങുകയായിരുന്നു. 42 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സും സഹിതം 40 റൺസാണ് ഷാ നേടിയത്. ഇതോടെ മൂന്നിന് 62 എന്ന നിലയിൽ തകർന്ന ഇന്ത്യയ്ക്ക് വേണ്ടി ശ്രേയസ് അയ്യരും കെഎൽ രാഹുലും രക്ഷപ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു.

ഇരുവരും നാലാം വിക്കറ്റിൽ 100 റൺസ് കൂട്ടുകെട്ടുയർത്തി. ടീം സ്‌കോർ 162ൽ നിൽക്കെ 63 പന്തിൽ ഒൻപത് ഫോർ അടക്കം 62 റൺസെടുത്ത ശ്രേയസ് പുറത്തായി. 48 പന്തിൽ 42 റൺസെടുത്ത മനീഷ് പാണ്ഡ്യ രാഹുലിന് മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യ മികച്ച സ്‌കോർ മണത്തു. എന്നാൽ അവസാന ഓവറുകളിൽ ബാറ്റ്സ്മാൻമാർ വിക്കറ്റുകൾ വലിച്ചെറിഞ്ഞതോടെ ഇന്ത്യൻ സ്‌കോർ ഏഴിന് 296 എന്ന നിലയിൽ ഒതുങ്ങുകയായിരുന്നു. ഇനി രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിൽ അവശേഷിക്കുന്നത്. ഈ മാസം 21നാണ് ആദ്യ മത്സരം തുടങ്ങുക.

Advertisement