ഇന്ത്യൻ ബൗളർ ദീപക് ചാഹറിന്റെ ക്ലാസിക് പേസാക്രമണം കണ്ട മൂന്നാം ടി20യിൽ വിൻഡീസിനെതിരെ ഇന്ത്യ തകർപ്പൻ ജയം ആണ് നേടിയത്. കീറോൺ പൊള്ളാർഡിന്റെ അർധ സെഞ്ചുറിക്കിടയിലും മൂന്ന് വിക്കറ്റുമായി ദീപക് ചാഹറും രണ്ട് പേരെ പുറത്താക്കി നവ്ദീപ് സെയ്നിയും ചേർന്ന് വിൻഡീസിനെ 20 ഓവറിൽ 146/6 എന്ന സ്കോറിലൊതുക്കി. പൊള്ളാർഡാണ്(58 റൺസ്) വിൻഡീസിൻറെ ടോപ് സ്കോറർ. ദീപക് മൂന്ന് ഓവറിൽ വെറും നാല് റൺസ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് നേടിയത്.
ദീപക് ചാഹർ ആഞ്ഞടിച്ചപ്പോൾ വെസ്റ്റ് ഇൻഡീസിന് 14 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. മഴമൂലം വൈകിത്തുടങ്ങിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗാരംഭിച്ച വിൻഡീസിന് രണ്ടാം ഓവറിൽ ആദ്യ വിക്കറ്റ് നഷ്ടമായി. കൂറ്റനടിക്കാരനായ സുനിൽ നരെയ്നെ(2 റൺസ്) ചാഹർ സെയ്നിയുടെ കൈകളിലെത്തിച്ചു. നാലാം ഓവറിലെ ആദ്യ പന്തിൽ എവിൻ ലെവിസിനെയും(10 റൺസ്) അഞ്ചാം പന്തിൽ ഹെറ്റ്മയറെയും(1 റൺസ്) എൽബിയിൽ ചാഹർ മടക്കി. സെയ്നി പുറത്താക്കുമ്പോൾ പുരാന്റെ അക്കൗണ്ടിൽ 17 റൺസ്.
കീറോൺ പൊള്ളാർഡിൻറെ അർദ്ധ സെഞ്ചുറിയാണ് പിന്നീട് വിൻഡീസിനെ 100 കടത്തിയത്. എന്നാൽ 45 പന്തിൽ ആറ് സിക്സുകൾ സഹിതം 58 റൺസെടുത്ത പൊള്ളാർഡിനെ 16 ാം ഓവറിൽ സെയ്നി പുറത്താക്കിയതോടെ വിൻഡീസ് വീണ്ടും പ്രതിരോധത്തിലായി. പിന്നാലെ ബ്രാത്ത്വെയ്റ്റ്(10 റൺസ്) പുറത്താക്കി രാഹുൽ ചാഹർ ആദ്യ ടി20 വിക്കറ്റ് നേടി. അവസാന ഓവറുകളിൽ റോവ്മാൻ പവലും(32 റൺസ്) ഫാബിയൻ അലനും(8 റൺസ്) വിൻഡീസിനെ മാന്യമായ സ്കോറിലെത്തിക്കുകയായിരുന്നു.
തുടർന്ന് ബാറ്റ് ചെയ്ത ഇന്ത്യക്ക് സമ്പൂർണ ജയം ആണ് ലഭിച്ചത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയിരുന്ന ഇന്ത്യ മൂന്നാം പോരാട്ടത്തിൽ 7 വിക്കറ്റിന്റെ ജയമാണ് ആഘോഷിച്ചത്. കരീബിയൻ പോരാളികൾ ഉയർത്തിയ 147 റൺസ് ലക്ഷ്യം കോലിപ്പട അഞ്ച് പന്ത് ശേഷിക്കെ മറികടന്നു.
59 റൺസ് നേടിയ നായകൻ കോലിയും 65 റൺസ് നേടി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തും ചേർന്നാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. കോലിക്ക് പുറമെ രാഹുൽ (20), ധവാൻ(2) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. മനീഷ് പാണ്ഡെ രണ്ട് രൺസുമായി പുറത്താകാതെ നിന്നു.
നേരത്തെ ദീപക് ചാഹറിൻറെ ക്ലാസിക് പേസാക്രമണമാണ് വിൻഡീസിനെ തകർത്തത്. കീറോൺ പൊള്ളാർഡിന്റെ അർധ സെഞ്ചുറിക്കിടയിലും മൂന്ന് വിക്കറ്റുമായി ദീപക് ചാഹറും രണ്ട് പേരെ പുറത്താക്കി നവ്ദീപ് സെയ്നിയും ചേർന്ന് വിൻഡീസിനെ 20 ഓവറിൽ 146-6 എന്ന സ്കോറിലൊതുക്കുകയായിരുന്നു. പൊള്ളാർഡാണ്(58 റൺസ്) വിൻഡീസിൻറെ ടോപ് സ്കോറർ. ദീപക് മൂന്ന് ഓവറിൽ വെറും നാല് റൺസ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് നേടിയത്.