ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന ചരിത്രനേട്ടം കുറിച്ച് ഇന്ത്യൻ ബാറ്റ്‌സ്മാൻ രോഹിത് ശർമ. ശ്രീലങ്കക്കെതിരെ 92 പന്തിൽ സെഞ്ചുറി നേടിയ രോഹിത് ഇംഗ്ലണ്ട് ലോകകപ്പിലെ അഞ്ചാം സെഞ്ചുറിയാണ് ഇന്ന് ലീഡ്‌സിൽ കുറിച്ചത്. 2015ലെ ലോകകപ്പിൽ നാലു സെഞ്ചുറികൾ നേടിയ ശ്രീലങ്കൻ ബാറ്റിംഗ് ഇതിഹാസം കുമാർ സംഗക്കാരയുടെ റെക്കോർഡാണ് രോഹിത് ഇന്ന് മറികടന്നത്.
ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയിട്ടുള്ള സച്ചിൻ ടെൻഡുൽക്കറുടെ(6 എണ്ണം) റെക്കോർഡിനൊപ്പമെത്താനും രോഹിത്തിനായി. ഈ ലോകകപ്പിൽ രോഹിത് നേടുന്ന തുടർച്ചയായ മൂന്നാം സെഞ്ചുറിയാണിത്. സെഞ്ചുറിക്ക് പുറകെ ലോകകപ്പിലെ ടോപ് സ്‌കോറർ പട്ടവും രോഹിത് തിരിച്ചു പിടിച്ചു. ഷാക്കിബ് അൽ ഹസനെ മറികടന്നാണ് രോഹിത് റൺവേട്ടയിൽ ഒന്നാമതെത്തിയത്.
ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസെന്ന സച്ചിൻ ടെൻഡുൽക്കറുടെ(673) റെക്കോർഡിന് അരികെയാണ് രോഹിത് ഇപ്പോൾ. കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെതിരെയും(104) അതിന് തൊട്ടുമുമ്പുള്ള മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെയും(102) സെഞ്ചുറി നേടിയ രോഹിത് തുടർച്ചയായ മൂന്നാം സെഞ്ചുറിയാണ് ഇന്ന് കുറിച്ചത്. നേരത്തെ ഒരു ലോകകപ്പിൽ 600 റൺസ് നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന നേട്ടം രോഹിത് സ്വന്തമാക്കിയിരുന്നു.
ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറാണ് രോഹിത്തിന് മുമ്പ് ഈ നേട്ടം കൈവരിച്ച ഇന്ത്യൻ ബാറ്റ്‌സ്മാന്.
ലോകകപ്പിൽ 600 റൺസ് പിന്നിടുന്ന നാലാമത്തെ മാത്രം ബാറ്റ്‌സ്മാനാണ് രോഹിത്. 2003ലെ ലോകകപ്പിൽ സച്ചിൻ ടെൻഡുൽക്കർ(673 റൺസ്), 2007ൽ മാത്യു ഹെയ്ഡൻ(659 റൺസ്), ഈ ലോകകപ്പിൽ ഷാക്കിബ് അൽ ഹസൻ(606 റൺസ്) എന്നിവരാണ് രോഹിത്തിന് മുമ്പ് ഈ നേട്ടം കൈവരിച്ചവർ.